| Thursday, 9th May 2024, 7:38 pm

വിദ്യാര്‍ത്ഥി പ്രക്ഷോഭം വിജയിച്ചു; ഇസ്രഈലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി അയര്‍ലന്‍ഡിലെ ഡബ്ലിന്‍ ട്രിനിറ്റി കോളേജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ പ്രശസ്തമായ ഡബ്ലിന്‍ ട്രിനിറ്റി കോളേജില്‍ നടന്നുവന്നിരുന്ന ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രക്ഷോഭം വിജയിച്ചു. ഇസ്രഈലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുമെന്ന് കോളേജ് അധികൃതര്‍ സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കി.

ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയും കോളേജ് പ്രതിനിധിയും ഒപ്പിട്ടു. കോളേജ് അധികൃതരുമായി ധാരണയിലെത്തിയതിനെ തുടര്‍ന്ന് ക്യാമ്പസില്‍ നടന്നു വന്നിരുന്ന ഫലസ്തീന്‍ അനുകൂല പ്രക്ഷോഭം വിദ്യാര്‍ത്ഥികള്‍ അവസാനിപ്പിക്കുകയും ക്യാമ്പുകള്‍ പൊളിച്ചുനീക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥികളുമായുണ്ടാക്കിയ ധാരണപ്രകാരം ഈ വര്‍ഷം ജൂണോട് കൂടി അധിനിവേശ ഫലസ്തീനില്‍ പ്രവര്‍ത്തിക്കുന്നതും യു.എന്‍. ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത കമ്പനികളുമായുള്ള ബന്ധം ഡബ്ലിന്‍ കോളേജ് പൂര്‍ണമായും അവസാനിപ്പിക്കും. മറ്റു ഇസ്രഈലി കമ്പനികളിലെ നിക്ഷേപങ്ങളില്‍ നിന്നും ഡബ്ലിന്‍ കോളേജ് പിന്‍മാറും. ഇസ്രഈലുമായുള്ള സ്റ്റുഡന്റ്‌സ് എക്‌സ്‌ചേഞ്ച് പ്രോഗാമുകളിലും ഡബ്ലിന്‍ കോളേജ് പുനപരിശോധന നടത്തും. ഇതിനായി കര്‍മസമിതി രൂപീകരിക്കും.

ഫലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പുകളില്‍ വര്‍ധന വരുത്തും. വി ആര്‍ നോട്ട് നമ്പേര്‍സ് എന്ന ഫലസ്തീന്‍ സംഘടനയുമായി ചേര്‍ന്ന് ഗസയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണമായും സൗജന്യ വിദ്യാഭ്യാസം നല്‍കാനും കോളേജ് തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനോടകം തന്നെ പ്രവേശനം നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും സൗജന്യമായിരിക്കുമെന്നും കോളേജ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നും ഡബ്ലിന്‍ ട്രിനിറ്റി കോളേജ് വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികളുടെ സമരത്തിന്റെ ചേതോവികാരത്തെ മനസിലാക്കുന്നു എന്നും ഗസയിലെ ദുരിതങ്ങളില്‍ ഉദ്ഘണ്ഡപ്പെടുന്ന വിദ്യാര്‍ത്ഥികളോട് ഐക്യപ്പെടുന്നു എന്നും കോളേജ് അധികൃതര്‍ പറയുന്നു.

ഗസ മുനമ്പിലെ വംശഹത്യക്കെതിരായുള്ള അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ നിലപാടിനെ തങ്ങള്‍ പിന്തുണക്കുന്നതായും ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്നും അത് മനുഷ്യാവകാശങ്ങളെ മാനിക്കുന്നതായിരിക്കണമെന്നും കോളേജ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അമേരിക്കയിലും യൂറോപ്പിലുമെല്ലാം നടക്കുന്ന ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഡബ്ലിന്‍ ട്രിനിറ്റി കോളേജിലെ സമര വിജയം. മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളാണ് അമേരിക്കയിലെയും യൂറോപ്പിലെയും വിവിധ സര്‍വകലാശാലകളിലും കോളേജുകളിലും ഇസ്രഈലിനെതിരെ, ഫലസ്തീനെ അനുകൂലിച്ചു കൊണ്ട് നടക്കുന്നത്.

അമേരിക്കയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് ബിരുദദാന ചടങ്ങ് പോലും മാറ്റിവെക്കേണ്ടി വന്നു. അമേരിക്കയിലെ വിവിധ സര്‍വകലാശാലകളില്‍ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

CONTENT HIGHLIGHTS: A pro-Palestinian protest at Trinity College Dublin in Ireland has won

Latest Stories

We use cookies to give you the best possible experience. Learn more