ബെംഗളൂരു: കര്‍ണാടകയില്‍ യുവതിക്ക് നേരെ ആസിഡാക്രമണ ഭീഷണി ഉയര്‍ത്തിയ ജീവനക്കാരനെ പിരിച്ചുവിട്ട് ബെംഗളൂരുവിലെ സ്വകാര്യ കമ്പനി. നികിത് ഷെട്ടിയെയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനി പിരിച്ചുവിട്ടത്. യുവതിയുടെ വസ്ത്രധാരണം ചൂണ്ടിക്കാട്ടിയായിരുന്നു ജീവനക്കാരന്റെ ഭീഷണി.
നികിത് ഷെട്ടിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി എറ്റിയോസ് ഡിജിറ്റല്‍ എന്ന കമ്പനി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇയാളെ പിരിച്ചുവിടണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് തീരുമാനം.
‘ഞങ്ങളുടെ ഒരു ജീവനക്കാരന്റെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ ഒരു നീക്കമുണ്ടായതില്‍ ദുഃഖമുണ്ട്. വസ്ത്രം എന്നത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന വിഷയമാണ്. സുരക്ഷിതമായ ഒരു അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിനായി ഞങ്ങള്‍ ഉടനടി നടപടി സ്വീകരിച്ചു. അഞ്ച് വര്‍ഷത്തേക്ക് നികിത് ഷെട്ടിയെ ജോലിയില്‍ നിന്ന് വിലക്കുന്നു,’ എറ്റിയോസ് ഡിജിറ്റല്‍ പറഞ്ഞു.
കര്‍ണാടകയ്ക്ക് ചേരുന്ന വസ്ത്രം ധരിക്കണമെന്നും ഇല്ലെങ്കില്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്നുമായിരുന്നു നികിത് ഷെട്ടി ഭീഷണി ഉയര്‍ത്തിയത്.
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ യുവതിക്കാണ് ജീവനക്കാരന്‍ ഭീഷണി സന്ദേശം അയച്ചത്.
തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനും യുവതിയുടെ പങ്കാളിയുമായ ഷഹ്ബാസ് അന്‍സാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ അടിയന്തരമായി നടപടി ആവശ്യപ്പെട്ട് ഷാഹ്ബാസ് സമൂഹ മാധ്യമങ്ങളില്‍ പ്രതികരിക്കുകയും ചെയ്തു.
പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, കര്‍ണാടക ഡി.ജി.പി എന്നിവരെ ടാഗ് ചെയ്തുകൊണ്ട് ഭീഷണി സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും ഷാഹ്ബാസ് പോസ്റ്റ് ചെയ്തിരുന്നു.
‘ഞാന്‍ ധരിക്കുന്ന വസ്ത്രത്തില്‍ ഒരു മനുഷ്യന്‍ അസ്വസ്ഥനാകുന്നത് സങ്കടകരമാണ്. മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് ഞാന്‍ എങ്ങനെയാണ് വസ്ത്രം ധരിക്കുക. ആസിഡ് ഒഴിച്ച് എന്റെ ജീവിതം നശിപ്പിക്കുന്നതിനെക്കുറിച്ച് ഒരാള്‍ക്ക് എങ്ങനെയാണ് ചിന്തിക്കാനാകുക?,’ യുവതിയും പ്രതികരിച്ചു.
ഇതിനെ തുടര്‍ന്ന് പൊലീസ് നികിത് ഷെട്ടിക്കെതിരെ കേസെടുക്കുകയും ചെയ്തു. കേസില്‍ അന്വേഷണം ആരംഭിച്ചതായും കടുത്ത നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Content Highlight: A private company in Bengaluru dismissed an employee who threatened a woman with acid attack in Karnataka