| Thursday, 18th May 2023, 10:56 am

സഭക്ക് സംഘപരിവാറുമായി അവിശുദ്ധ കൂട്ടുകെട്ട്‌; ശുശ്രൂഷ ദൗത്യം ഉപേക്ഷിച്ച് താമരശ്ശേരി രൂപതയിലെ വൈദികന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സീറോ മലബാര്‍ സഭയുടെ സംഘപരിവാര്‍ കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് ശുശ്രൂഷദൗത്യം ഉപേക്ഷിച്ച് വൈദികന്‍. താമരശ്ശേരി രൂപതയിലെ വൈദികനും മുക്കം എസ്.എച്ച്. പള്ളി വികാരിയുമായിരുന്ന ഫാ. അജി പുതിയാ പറമ്പിലാണ് ശുശ്രൂഷ ദൗത്യം ഉപേക്ഷിച്ചത്. ശുശ്രൂഷ ദൗത്യം ഉപേക്ഷിച്ചെങ്കിലും താന്‍ വൈദികനായി തുടരുമെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. പൊതു സ്ഥലം മാറ്റത്തിന്റെ ഭാഗമായി അദ്ദേഹത്തെ മുക്കം നൂറാംതോട് പള്ളിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഈ മാസം 13നാണ് അദ്ദേഹം നൂറാംതോടില്‍ ചുമതലയേല്‍ക്കേണ്ടിയിരുന്നത്. എന്നാല്‍ അതേ ദിവസം തന്നെയാണ് അദ്ദേഹം വികാരിസ്ഥാനമടക്കമുള്ള ചുമതലകള്‍ ഉപേക്ഷിക്കുന്നതായി അറിയിച്ചത്.

കേരളത്തിലെ ക്രൈസ്തവ സഭകള്‍, പ്രത്യേകിച്ച് സീറോ മലബാര്‍ സഭ വലിയ ജീര്‍ണതയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഫാ. അജി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച സന്ദേശത്തില്‍ പറയുന്നു. സഭാനേതൃത്വം ക്രിസ്തുവിന്റെ വഴിയില്‍ നിന്നും അകന്നാണ് സഞ്ചരിക്കുന്നത്. സഭാമക്കള്‍ സൈബറിടത്തില്‍ വെറുപ്പ് വിതക്കുകയും പിതാക്കന്‍മാര്‍ ക്രിമിനല്‍കേസുകളില്‍ പ്രതികളാവുകയും ചെയ്യുന്നു. അവസരത്തിനൊത്ത് രാഷ്ട്രീയ കൂട്ടുകെട്ടുകളുണ്ടാക്കുകയും, അതിന് വേണ്ടി വിലപേശുകയും ചെയ്യുന്നു. ദൈവത്തിന്റെ നിയമങ്ങളായ സ്‌നേഹം, കാരുണ്യം എന്നിവയേക്കാള്‍ പ്രാധാന്യംകൊടുക്കുന്നത് മനുഷ്യന്‍ കണ്ടുപിടിച്ച ആരാധനാക്രമങ്ങള്‍ക്കാണ്. ഇതിന്റെ പേരില്‍ നാല് മാസമായി ഒരു പള്ളി പൂട്ടിയിട്ടിരിക്കുകയാണ്. ഇതൊന്നും ക്രിസ്തുവിന്റെ രീതിയല്ലെന്നും ഫാ.അജി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച സന്ദേശത്തില്‍ പറയുന്നു.

വെറുപ്പിന്റെ തത്വശാസ്ത്രം പേറുന്ന സംഘപരിവാറുമായി യാതൊരു ബന്ധവും പാടില്ലെന്ന് ഫാ.അജി മാധ്യമം ദിനപത്രത്തോട് പ്രതികരിച്ചു. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനുമെന്നതാണ് ക്രിസ്തുവിന്റെ രാഷ്ട്രീയമെന്നും അതിന് വേണ്ടിയാണ് സഭാനേതൃത്വം പ്രതികരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുമായി മാത്രമല്ല ഒരു പാര്‍ട്ടിയുമായുള്ള സജീവ ഇടപെടല്‍ ക്രൈസ്തവ രീതിയല്ലെന്നും ഫാ.അജി പറയുന്നു.

അവസരത്തിനൊത്ത് രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കുന്നതും അതിന് വേണ്ടി വിലപേശുന്നതും ശരിയല്ല. കര്‍ഷകര്‍ക്ക് വേണ്ടി നിലകൊള്ളണം, താനും കര്‍ഷകര്‍ക്ക് വേണ്ടി നിരാഹാരം കിടന്നിട്ടുണ്ട്. എന്നാല്‍ റബ്ബര്‍ വില മുന്നൂറാക്കിയാല്‍ വോട്ട് ചെയ്യാമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. മണിപ്പൂരില്‍ നടക്കുന്ന സംഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഇതൊന്നും മതേതരരാജ്യത്തിന് യോജിച്ചതല്ല. ഫാ. അജി പുതിയാപറമ്പില്‍ പറഞ്ഞു.

താന്‍ സഭയുടെ ശത്രുവല്ലെന്നും വൈദിക വസ്ത്രം തുടര്‍ന്നും ഉപയോഗിക്കുമെന്നും ഫാ. അജി പറയുന്നു. ഇനി മുതല്‍ പ്രവാചക ദൗത്യത്തിലേക്ക് പ്രവേശിച്ച് പ്രസംഗവും എഴുത്തുമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു. മലപ്പുറം ജില്ലയിലെ വെറ്റിലപ്പാറ സ്വദേശിയായ ഫാ. അജി പുതിയാപറമ്പില്‍ നിലവില്‍ കൊച്ചിയിലാണുള്ളത്.

content highlight : A priest left his ministry in Kerala protesting the Sangh Parivar relationship

We use cookies to give you the best possible experience. Learn more