'അഭിനയിക്കണമെന്ന് പറഞ്ഞ് മമ്മൂട്ടി ഇടക്കിടക്ക് വരും, റോളൊന്നുമില്ലെന്ന് കെ.ജി. ജോര്‍ജ് പറയും'
Film News
'അഭിനയിക്കണമെന്ന് പറഞ്ഞ് മമ്മൂട്ടി ഇടക്കിടക്ക് വരും, റോളൊന്നുമില്ലെന്ന് കെ.ജി. ജോര്‍ജ് പറയും'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th February 2023, 10:23 pm

മമ്മൂട്ടിയുടെ കരിയറില്‍ നിര്‍ണായക വഴിത്തിരിവായ ചിത്രമാണ് കെ.ജി. ജോര്‍ജിന്റെ മേള. സര്‍ക്കസ് കമ്പനിയിലെ ബൈക്ക് റേസറായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തിയത്.

മേളയിലേക്ക് മമ്മൂട്ടിയെ തെരഞ്ഞെടുത്തിനെ പറ്റി സംസാരിക്കുകയാണ് അഭിനയ അധ്യാപകനായ എ. പ്രഭാകരന്‍. അഭിനയിക്കണമെന്ന് പറഞ്ഞ് ജോര്‍ജിനടുത്ത് മമ്മൂട്ടി ഇടക്കിടക്ക് വരാറുണ്ടായിരുന്നുവെന്നും എന്നാല്‍ റോളില്ലെന്ന് പറഞ്ഞ് ജോര്‍ജ് അദ്ദേഹത്തെ പറഞ്ഞുവിടുകയാണ് ചെയ്യാറുള്ളതെന്നും പ്രഭാകരന്‍ പറഞ്ഞു. അമൃത ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മമ്മൂട്ടിയെ പറ്റി സംസാരിച്ചത്.

‘കെ.ജി. ജോര്‍ജിനൊപ്പം ഞാന്‍ താമസിക്കുന്ന സമയത്ത് ഒരു സിനിമ തുടങ്ങണമെന്ന ചര്‍ച്ചകളുണ്ടായിരുന്നു. എന്തെങ്കിലും ഒരു പുതുമയുള്ള സബ്‌ജെക്ടായിരിക്കണം എന്നുള്ളത് കൊണ്ട് സര്‍ക്കസ് കമ്പനിയിലെ ഒരു കുള്ളനെ വെച്ചായിരുന്നു ആ സബ്‌ജെക്ട്. മറ്റ് പല കഥകളും ആലോചിച്ചപ്പോള്‍ ഇതൊരു പുതുമയുള്ള സംഭവമായിരിക്കും, അതുകൊണ്ട് ഇത് മതിയെന്ന് ജോര്‍ജ് പറഞ്ഞു.

സര്‍ക്കസ് കമ്പനിയില്‍ ഒരു പ്രധാന ഹീറോ വേണം. അത് സര്‍ക്കസ് അറിയുന്ന ആളായിരിക്കണം. അത് വലിയ പ്രശ്‌നമായി. ആ സമയം മമ്മൂട്ടി അവിടെ ഇടക്കിടക്ക് വന്നുകൊണ്ടിരിക്കുമായിരുന്നു. അഭിനയിക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. ഇവിടെ അഭിനയിക്കാന്‍ റോളൊന്നുമില്ലെന്ന് ജോര്‍ജ് പറഞ്ഞു.

മമ്മൂട്ടിക്ക് ബൈക്ക് ഓടിക്കാന്‍ അറിയാമോ എന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ പഠിച്ചു സാര്‍, ബൈക്ക് ഓടിക്കാന്‍ എനിക്ക് അറിയാമെന്ന് അദ്ദേഹം പറഞ്ഞു. ശരി നമുക്ക് നോക്കാമെന്ന് ഞാന്‍ പറഞ്ഞു. അത് കേട്ട് അദ്ദേഹം പോയി.

സര്‍ക്കസില്‍ മമ്മൂട്ടി ഒരു ബൈക്ക് റേസ്‌കാരനാവട്ടെ മമ്മൂട്ടി എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് മമ്മൂട്ടിയെ അതില്‍ ഒരു കഥാപാത്രമായി എടുക്കുന്നത്. പ്രധാനകഥാപാത്രം തന്നെയാണ് അത്. എല്ലാവര്‍ക്കും ആ സിനിമ ഇഷ്ടപ്പെട്ടു. പക്ഷേ എന്തുകൊണ്ടോ പടം ഓടിയില്ല,’ പ്രഭാകരന്‍ പറഞ്ഞു.

Content Highlight: a prabhakaram talks about mammootty and mela movie