| Friday, 17th November 2023, 12:13 pm

പാര്‍ട്ടിയെ വഞ്ചിച്ച ജൂതാസ്; കേരളബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ലീഗ് നേതാവിനെതിരെ മലപ്പുറത്ത് പോസ്റ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട മുസ്‌ലിം ലീഗ് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറിയും വള്ളിക്കുന്ന് എം.എല്‍.എയുമായ പി. അബ്ദുല്‍ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റര്‍. ‘പാര്‍ട്ടിയെയും പാര്‍ട്ടി അണികളെയും വഞ്ചിച്ച ജൂതാസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക’ എന്നാണ് പോസ്റ്ററുകളിലുള്ളത്. മലപ്പുറം നഗരത്തിലും മുസ്‌ലിം ലീഗ് മലപ്പുറം ജില്ല കമ്മറ്റി ഓഫീസ് മുന്നിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

പി.അബ്ദുല്‍ ഹമീദിന്റെ പുതിയ സ്ഥാനത്തെ ചൊല്ലി യു.ഡി.എഫില്‍ അഭിപ്രായഭിന്നത രൂപപ്പെട്ടിട്ടുണ്ട്. മലപ്പുറം ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നല്‍കിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയില്‍ നില്‍ക്കെ മുതിര്‍ന്ന നേതാവ് കേരള ബാങ്ക് ഭരണസമിതിയില്‍ വന്നതാണ് പ്രശ്‌നമായിരിക്കുന്നത്. ആര്‍.എസ്.പിയും സി.എം.പിയും ലീഗിന്റെ നിലപാടിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ സഹകരണ വിഷയത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും പി.എം.എ. സലാമിന്റെയും നിലപാട്.

കഴിഞ്ഞ ദിവസമാണ് പി.അബ്ദുല്‍ ഹമീദിനെ കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. നോമിനേറ്റ് ചെയ്യുന്നതിന് പി. അബ്ദുല്‍ ഹമീദ് അംഗീകരിക്കുകയും ചെയ്തിരുന്നു. ജില്ല ലീഗ് നേതൃത്വത്തിന്റെ യു.ഡി.എഫ് നേതൃത്വത്തിന്റെയും പിന്തുണയുണ്ടെന്നും പി.അബ്ദുല്‍ ഹമീദ് അവകാശപ്പെട്ടിരുന്നെങ്കിലും ചില ലീഗ് നേതാക്കളും യു.ഡി.എഫ് മലപ്പുറം ജില്ല ചെയര്‍മാന്‍ പി.ടി. അജയമോഹനും എതിര്‍പ്പറിയിച്ച് രംഗത്തെത്തിയിരുന്നു. സഹകരണ വിഷയത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല എന്നായിരുന്നു പി.അബ്ദുല്‍ ഹമീദിന്റെ പ്രതികരണം.

ഏറെ കാലമായി പട്ടിക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടും ദീര്‍ഘകാലം സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്നു പി. അബ്ദുല്‍ ഹമീദ്. സി.പി.ഐ.എം പ്രതിനിധികളും ഇടത് ഘടകകക്ഷി പാര്‍ട്ടി പ്രതിനിധികളും മാത്രമുള്ള കേരളബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ആദ്യമായാണ് ഒരു യു.ഡി.എഫ് പ്രതിനിധി വരുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പി. അബ്ദുല്‍ ഹമീദ് പങ്കെടുക്കുകയും ചെയ്തിരുന്നു.

CONTENT HIGHLIGHTS; A poster in Malappuram against the League leader who was nominated to the Board of Directors of Kerala Bank

We use cookies to give you the best possible experience. Learn more