മമ്മൂട്ടി അഭിനയം ജീവിതം നിര്‍ത്തുന്നു; ചര്‍ച്ചയായി പോസ്റ്റ്; ക്രൂരവും പൈശാചികമെന്നും പ്രേക്ഷകര്‍
Entertainment news
മമ്മൂട്ടി അഭിനയം ജീവിതം നിര്‍ത്തുന്നു; ചര്‍ച്ചയായി പോസ്റ്റ്; ക്രൂരവും പൈശാചികമെന്നും പ്രേക്ഷകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th May 2023, 6:37 pm

അഭിനയത്തിന് പുറമേ കോസ്റ്റിയൂം സെന്‍സ് കൊണ്ടും സ്‌റ്റൈലന്‍ ഫോട്ടോകള്‍ കൊണ്ടും മമ്മൂട്ടി പലപ്പോഴും പ്രേക്ഷകരെ ഞെട്ടിക്കാറുണ്ട്. കഴിഞ്ഞ ദിവസം മമ്മൂട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ഇത്തരത്തില്‍ ശ്രദ്ധ നേടിയിരുന്നു. വെള്ള കുര്‍ത്തിയും പൈജാമയും ധരിച്ച് കസേരയില്‍ ഇരിക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചത്. ടേക്കിങ് ദി ബാക്ക് സീറ്റ് എന്നാണ് ഈ ചിത്രത്തിന് മമ്മൂട്ടി നല്‍കിയ ക്യാപ്ഷന്‍.

പിന്നാലെ ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിച്ചത്. മമ്മൂട്ടി ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ വന്ന ഒരു വിചിത്രമായ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ‘ടേക്കിങ് ദി ബാക്ക്‌സീറ്റ്’ എന്നതുകൊണ്ട് അഭിനയജീവിതം നിര്‍ത്തുകയാണെന്നാണ് മമ്മൂട്ടി ഉദ്ദേശിക്കുന്നത് എന്നാണ് ഫേസ്ബുക്കില്‍ വന്ന പോസ്റ്റ്.

‘മെഗാസ്റ്റാര്‍ മമ്മൂട്ടി ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം ആണ് ഇത്. ഇതിന്റെ ക്യാപ്ഷന്‍ ഇങ്ങനെ ആയിരുന്നു ‘Taking the back seats’. എന്തുകൊണ്ട് ഇങ്ങനെ ഒരു തലക്കെട്ട്? ഞാനാലോചിച്ചപ്പോള്‍ എനിക്ക് കിട്ടിയ ഉത്തരം ഇങ്ങനെ ആയിരുന്നു. മമ്മൂക്ക തന്റെ അഭിനയ ജീവിതം നിര്‍ത്താനുള്ള സൂചന നല്‍കികഴിഞ്ഞു.

മലയാള സിനിമയില്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ മമ്മൂക്ക ജീവന്‍ നല്‍കി, അത് മാത്രവുമല്ല ഇനി തന്നില്‍ നിന്നും മലയാള സിനിമയ്ക്ക് വേണ്ടി ചെയ്യാനില്ല. കാരണം മലയാള സിനിമയ്ക്ക് വേണ്ടി ചെയ്യാവുന്നതിന്റെ പരമാവധി മമ്മൂക്ക ചെയ്തു കഴിഞ്ഞു. ഒട്ടേറെ എഴുത്തുകാര്‍, പ്രഗത്ഭരായ സംവിധായകര്‍, നിര്‍മാതാക്കള്‍ എല്ലാവരോടൊപ്പവും സഹകരിച്ചു കഴിഞ്ഞു. പിന്നെ പുതുമുഖ പ്രതിഭകള്‍, സിനിമയെ ഒരു പ്രൊഫഷനായി, വികാരമായി നെഞ്ചിലേറ്റിയ ചെറുപ്പക്കാര്‍ക്കും വേണ്ടി അദ്ദേഹം വഴിമാറുവാന്‍ പോകുന്നതിന്റെ സൂചനയാവാം ഇന്നലെ ഇട്ട ഈ പോസ്റ്റിന്റെ അര്‍ത്ഥം,’ എന്നാണ് പോസ്റ്റിന്റെ പൂര്‍ണരൂപം.

ഈ പോസ്റ്റിന് വന്ന കമന്റുകളാണ് രസകരം. ‘ഇപ്പോഴും നല്ല സിനിമകള്‍ ചെയ്യാന്‍ ആര്‍ത്തിയാണെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും താങ്കളുടെ കണ്ടത്തല്‍ ക്രൂരവും പൈശാചികവും ആയിപോയി,’ എന്നാണ് ഈ പോസ്റ്റിന് വന്ന ഒരു കമന്റ്.

‘അത് ചേട്ടന്റെ ഊഹം മാത്രമാണ്. അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്ക് അറിയാം, അദ്ദേഹത്തിന് ഈ സിനിമയോടുള്ള പാഷന്‍. ആരോഗ്യം അനുവദിക്കുന്ന കാലം മുഴുന്‍ അദ്ദേഹം വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കും,’ എന്നാണ് മറ്റൊരു കമന്റ്.

‘ലെ മമ്മൂക്ക, ഏതു നേരത്താണാവോ അങ്ങനെ ഒരു ക്യാപ്ഷന്‍ ഇടാന്‍ തോന്നിയത്. അങ്ങനെ ഇപ്പോള്‍ എന്നെ വീട്ടില്‍ ഇരുത്താന്‍ നോക്കണ്ട. ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ, പിന്മാറുന്നു എന്ന് അതും ഞാന്‍ ഇപ്പോഴും ചാന്‍സ് ചോദിക്കാറുണ്ട് എന്ന് പറയുന്ന മമ്മൂട്ടി,’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

‘വണ്ടി ഓടിക്കല്‍ നിര്‍ത്തി എന്നു മാത്രം ആണ് ഉദ്ദേശിച്ചത്. ലൈസന്‍സ് പുതുക്കി കിട്ടിയില്ല. അയിനാണ്,’ എന്നാണ് ഒരു വിരുതന്‍ കമന്റ് ചെയ്തത്.

Content Highlight: a post about mammootty became viral