| Saturday, 11th February 2023, 12:14 pm

ഭിന്നിപ്പിന്റെ സ്വരങ്ങള്‍ നാടുനീളെ മുളക്കുന്നുണ്ടെങ്കിലും ഒരു നല്ല നാള്‍ വരും; ചര്‍ച്ചയായി കോഴിക്കോട്ടുകാരന്റെ ഗൃഹപ്രവേശ ക്ഷണക്കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെറുവണ്ണൂര്‍: കോഴിക്കോട് സ്വദേശി തന്റെ ഗൃഹപ്രവേശ ചടങ്ങിന് വേണ്ടി തയ്യാറാക്കിയ ക്ഷണക്കത്ത് ചര്‍ച്ചയാക്കുന്നു. ചെറുവണ്ണൂരുകാരനായ കൊളങ്ങത്ത് ഉണ്ണികൃഷ്ണനാണ് സമകാലീന ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെടുന്ന വാചകങ്ങളുള്ള ക്ഷണക്കത്തിന്റെ ഉടമ.

ഭിന്നിപ്പിന്റെ സ്വരങ്ങള്‍ രാജ്യം മുഴുവന്‍ ഉയരുന്നുണ്ടെങ്കിലും പ്രതീക്ഷ കൈവിടേണ്ടെന്നന്നാണ് ക്ഷണത്തില്‍ പറയുന്നത്. Dear എന്ന അഭിസംബോധനയോടെയാണ് കത്ത് ആരംഭിക്കുന്നത്.

‘സുഖമെന്ന് കരുതുന്നു. ഭിന്നിപ്പിന്റെ സ്വരങ്ങള്‍ നാടുനീളെ മുളച്ച് പൊന്തുമ്പോള്‍ സുഖമെന്ന് പറയുന്നതെങ്ങനെ അല്ലേ? പ്രതീക്ഷ കൈവിടേണ്ട. ഒരു നല്ല നാള് പുലരുക തന്നെ ചെയ്യും,’ കത്തില്‍ പറയുന്നു.

തഥാഗത് എന്നാണ് വീടിന് പേരിട്ടിരിക്കുന്നതെന്നും കത്തിലുണ്ട്. ഫെബ്രുവരി 26ന് നടക്കുന്ന ചടങ്ങിലേക്ക് എത്രയൊക്കെ തിരക്കുണ്ടെങ്കിലും കുടുംബത്തോടൊപ്പം എത്തണമെന്നും സ്‌നേഹപൂര്‍വം കുറിച്ചിട്ടുണ്ട്.

‘നിങ്ങളുടയൊക്കെ സന്തോഷപൂര്‍ണമായ സാമീപ്യമാണ് ഞങ്ങളെ ഞങ്ങളാക്കുന്നത്. മറക്കാതിരിക്കുക,’ എന്നും അവസാന വാചകങ്ങളായി കത്തില്‍ പറയുന്നു.

ക്ഷണം ലഭിച്ചവര്‍ കത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയത്. ‘നാട്ടിലെ സഖാവ് ഉണ്ണിയേട്ടന്റെ വീട്ടില്‍ കൂടലിന്റെ ക്ഷണക്കത്താണ്. എല്ലാം ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടെ ആണ്. അഭിവാദ്യങ്ങള്‍ സഖാവേ’ എന്ന കുറിപ്പോടെയാണ് ഒരാള്‍ കത്ത് പങ്കുവെച്ചത്.

സമകാലീന ഇന്ത്യയില്‍ ഈ ക്ഷണക്കത്തിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് ഇതേ കുറിച്ച് ഉയരുന്ന അഭിപ്രായങ്ങള്‍.

ഭിന്നിപ്പിന്റെ സ്വരങ്ങള്‍ എത്ര തന്നെ ശക്തമായാലും ഇത്തരം ചേര്‍ത്തുപിടിക്കലുകള്‍ നല്‍കുന്ന ആശ്വാസവും പ്രതീക്ഷയും ചെറുതല്ലെന്നും ചിലര്‍ പറയുന്നു.

Content Highlight: A political house warming letter from Kozhikode local goes viral

We use cookies to give you the best possible experience. Learn more