ഇന്ത്യന്‍ ജനസംഖ്യയില്‍ ‘ഹിന്ദുക്കള്‍’ ഭൂരിപക്ഷമാണെന്ന ആശയത്തിന്റെ ഉല്‍പ്പന്നമാണ് ഹിന്ദുത്വം. ഇതു യഥാര്‍ഥത്തില്‍ ‘വ്യാജ ഭൂരിപക്ഷ’മാണ്. ഇന്ത്യയിലെ യഥാര്‍ഥ ഭൂരിപക്ഷം താഴ്ന്ന ജാതികളിലെ ജനങ്ങളാണെന്ന സത്യം മറച്ചുവെയ്ക്കുന്നതിനു വേണ്ടി, 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നിര്‍മ്മിച്ചതാണു ഹിന്ദുമതം. വാസ്തവത്തില്‍ ഈ വ്യാജഭൂരിപക്ഷത്തിന്റെ ഇരകളാണ് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍.
ഈ വ്യാജ ഹിന്ദു ഭൂരിപക്ഷത്തിന്റെയും ഹിന്ദു സ്വത്വമുദ്രയുടെയും നിര്‍മിതിയില്‍ ഗാന്ധി വഹിച്ച പങ്ക് വളരെ വലുതാണ്. മാത്രവുമല്ല, ഈ ഉപഭൂഖണ്ഡത്തില്‍ രാഷ്ട്രീയം ആരംഭിച്ചപ്പോള്‍ത്തന്നെ ഗാന്ധി അതിനെ ദൈവശാസ്ത്രവത്കരിക്കുകയും ചെയ്തു. ഹിന്ദു നിര്‍മിതിക്കു നേതൃത്വം കൊടുത്ത സവര്‍ണ നേതാക്കളില്‍ ഒരാളായ ഗാന്ധിയെ നാം നിരാകരിക്കേണ്ട സന്ദര്‍ഭമാണിത്. കാരണം, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രപ്രശ്‌നം ‘ജാതിയുടെ ഉന്മൂലന’മാണ്.
ഹിന്ദുവലതുപക്ഷത്തില്‍ നിന്നു ഗാന്ധിയെ രക്ഷിക്കുന്നതിനു പകരം നാം ഉന്നയിക്കേണ്ട ചോദ്യം ഇതാണ്: ‘ഒരു പുതിയ രാഷ്ട്രീയത്തിനു തുടക്കം കുറിക്കാനുള്ള ധൈര്യം നമുക്കുണ്ടോ? ഗാന്ധിയില്ലാത്ത ഒരു രാഷ്ട്രീയഭാവിയെ ഭാവന ചെയ്യേണ്ടത് എന്തുകൊണ്ട്?’
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പുതിയ രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ഭൂതകാലം ചികയുന്നതിനു പകരം വര്‍ത്തമാനത്തെയാണു നാം അഭിമുഖീകരിക്കേണ്ടത്. ‘ഞാന്‍ മരിക്കുന്നത് ഒരു ഹിന്ദുവായിട്ടായിരിക്കില്ല. കാരണം, ‘ഭീകരതകളുടെ ഗുഹ’യാണ് ഹിന്ദുത്വം എന്നതാണ്’, എന്ന അംബേദ്കറുടെ നിര്‍ഭയമായ വാക്കുകളാണു നമുക്കിപ്പോള്‍ വഴികാട്ടിയാവേണ്ടത്.
1911-ലെ സെന്‍സസ് കമ്മീഷണറായിരുന്ന ഇ.എ ഗെയ്റ്റ് പറഞ്ഞത്, ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്കു ജനങ്ങള്‍ ഒരേ ഉത്തരമായിരുന്നു നല്‍കിയിരുന്നത് എന്നാണ്. സ്വന്തം ജാതിയെത്തന്നെ സ്വന്തം മതമായി കണക്കാക്കിയിരുന്നവരാണ് അനേകജാതികളിലെ ജനങ്ങള്‍. ഇന്ത്യന്‍ ജനസംഖ്യയില്‍ തങ്ങള്‍ വെറും നിസ്സാര ന്യൂനപക്ഷമാണെന്നു തിരിച്ചറിഞ്ഞ സവര്‍ണരാണ്, ബ്രിട്ടീഷ് അധികൃതര്‍ക്കു സ്വീകാര്യമായതും എന്നാല്‍ സവര്‍ണ-അവര്‍ണ ജാതികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതുമായ ‘ഹിന്ദു’ എന്ന ‘കുടസംജ്ഞ’ പ്രചരിപ്പിച്ചത്. ജാതിശ്രേണിയെ അട്ടിമറിക്കാത്തതും സവര്‍ണാധിപത്യത്തിനു ഭീഷണിയല്ലാത്തതുമായ ‘ഹിന്ദുത്വം’ അങ്ങനെയാണുണ്ടായത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബ്രാഹ്മണവാഴ്ചയും തൊട്ടുകൂടായ്മയും വെല്ലുവിളി ഉയര്‍ത്താത്തതുകൊണ്ടുതന്നെ, സവര്‍ണ ന്യൂനപക്ഷം ക്രമേണ ഹിന്ദുക്കളായി പുനര്‍നിര്‍വചിക്കുകയാണുണ്ടായത്. സനാതനധര്‍മ്മത്തില്‍ മുറുകെപ്പിടിച്ച ഗാന്ധിയും ഈ ഹിന്ദുനിര്‍മ്മിതിയുടെ വക്താവാണ്. ക്ഷേത്രപ്രവേശനം പോലെയുള്ള പൊള്ളയായ പരിഷ്‌കാരങ്ങളിലൂടെ, ഇന്ത്യയില്‍ ഒരു കാലത്തും നിലനിന്നിട്ടില്ലാത്ത ഹിന്ദുത്വത്തെ ഒരു ‘പൊതുമത’മാക്കി മാറ്റുന്നതില്‍ ഗാന്ധിക്കു വലിയ പങ്കുണ്ട്. 1936-ലെ ക്ഷേത്രപ്രവേശനം വരെ, ഈ ക്ഷേത്രങ്ങളെ ദൈവങ്ങളെ സവര്‍ണരോടൊപ്പം ഒന്നിച്ചാരാധിക്കാന്‍ കഴിയാതിരുന്ന അവര്‍ണ ഭൂരിപക്ഷ ജനതയ്ക്ക് എങ്ങനെയാണു ഹിന്ദുക്കളാകാന്‍ കഴിയുന്നത്?
‘ആര്‍.എസ്.എസിനു ഗാന്ധിയെ സ്വാംശീകരിക്കാന്‍ കഴിയുമോ?’ എന്ന വിഷയത്തെക്കുറിച്ച് എന്‍.ഡി.ടി.വി, ദല്‍ഹിയില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ ദിവ്യ ദ്വിവേദി പറഞ്ഞ വാക്കുകള്‍ വലിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്. ‘ഗാന്ധിയില്ലാത്ത പുതിയൊരു ഇന്ത്യ’യെക്കുറിച്ച് ചിന്തിക്കാന്‍ കഴിയണമെങ്കില്‍ അവര്‍ണ-ദളിത്-ഗോത്ര ജനങ്ങള്‍ തങ്ങളാണ് ഇന്ത്യയിലെ യഥാര്‍ഥ ഭൂരിപക്ഷമെന്ന സത്യം തിരിച്ചറിയണമെന്നും ‘ഹിന്ദുഭൂരിപക്ഷ’മെന്നതു ‘കപടഭൂരിപക്ഷ’മാണെന്നും മനസ്സിലാക്കണമെന്ന ദിവ്യയുടെ പ്രസ്താവന, ഹിന്ദുത്വ ശക്തികളെയും മൃദു ഹിന്ദുത്വവാദികളെയും ഒരുപോലെ ഭയപ്പെടുത്തുന്നു.
കാരണം, ‘ഹിന്ദുഭൂരിപക്ഷ’മെന്ന കൃത്രിമ പരിവേഷത്തിലൂടെ, മുസ്‌ലിങ്ങള്‍ക്കും ദളിതര്‍ക്കും അഭയാര്‍ഥികള്‍ക്കും സ്ത്രീകള്‍ക്കും കശ്മീരികള്‍ക്കും അഹിന്ദി ഭാഷകള്‍ക്കുമെതിരെ യുദ്ധമാരംഭിച്ചിരിക്കുന്ന ഹിന്ദുത്വത്തിനു മേല്‍ പതിച്ച ചാട്ടുളിയാണ് ‘ഹിന്ദുഭൂരിപക്ഷം’ എന്നതു ‘കപട’മാണെന്ന ദിവ്യയുടെ വാക്കുകള്‍.
2019-ല്‍ ബ്ലൂംസ്‌ബെറി അക്കാദമിക് പ്രസിദ്ധീകരിച്ചതും ഇതിനകം ലോകശ്രദ്ധ ആകര്‍ഷിച്ചതുമായ ‘Gandhi and Philosophy: On Theological Anti-Politics’ എന്ന കൃതിയുടെ രചയിതാക്കളാണു ദിവ്യ ദ്വിവേദിയും ഷാങ് മോഹനും.