അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയുടെ അവകാശത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുന്ന പൊലീസുകാരന്‍; ശ്രദ്ധനേടി ന്നാ താന്‍ കേസ് കൊടിലെ സി.പി.ഒ രാകേഷ്
Movie Day
അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയുടെ അവകാശത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുന്ന പൊലീസുകാരന്‍; ശ്രദ്ധനേടി ന്നാ താന്‍ കേസ് കൊടിലെ സി.പി.ഒ രാകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th September 2022, 11:30 pm

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രമായി കുഞ്ചാക്കോ തകര്‍ത്തഭിനയിച്ച ചിത്രം പ്രേക്ഷക നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയിരുന്നു. സിനിമ ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചതോടെ ചിത്രത്തെക്കുറിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.

ഇതിനിടയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമാണ് ചിത്രത്തില്‍ രാകേഷ് ഉഷാര്‍ അവതരിപ്പിച്ച പൊലീസുകാരന്റെ കഥാപാത്രം. എന്തിനും ഏതിനും നിയമം പറയുന്ന സി.പി.ഒ രാകേഷ് ഹരിദാസ് എന്ന പൊലീസുകാരനായാണ് രാകേഷ് ചിത്രത്തിലെത്തിയത്.

തെയ്യം കെട്ടുന്ന, അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയുടെ അവകാശത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുന്ന ഒരു പൊലീസുകാരന്‍ മലയാള സിനിമയില്‍ തന്നെ ആദ്യമായിരിക്കുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

രാജീവന്റെ കേസ് എന്താണെന്ന് ജഡ്ജിയോട് ആദ്യം വിശദീകരിക്കുന്നതും തന്റെ ആദ്യത്തെ അറസ്റ്റായതുകൊണ്ടുതന്നെ നിയമപരമായി ചെയ്യാന്‍ ശ്രമിക്കുന്നതൊക്കെയുള്ള സീനുകളിലും സി.പി.ഒ രാകേഷ് ഹരിദാസ് പ്രേക്ഷകരില്‍ ചിരിപടര്‍ത്തുന്നുണ്ട്.

നിയമാനുസൃതം കാര്യങ്ങള്‍ ചെയ്യുന്ന ഈ പൊലീസുകാരന് അനുഭവക്കുറവ് മൂലമുള്ള അപക്വത/കാര്യശേഷിയില്ലായ്മ ഉണ്ടെന്ന് കാണിക്കുന്ന രംഗങ്ങള്‍ ചിത്രത്തിന്റെ തന്നെ ഹൈലൈറ്റായി മാറുന്നുണ്ട്. പൊലീസുകാരന്റെ കഥാപാത്രത്തെ അവതരിപ്പിച്ച രാകേഷ് ഈ സിനിമയുടെ സഹ സംവിധായകനും കൂടിയാണ്.

സോഷ്യല്‍ മീഡിയയില്‍ മലയാളം ട്രോളുകള്‍ പങ്കുവെക്കുന്ന ഇന്റര്‍നാഷ്‌നല്‍ ചളു യൂണിയന്‍(ഐ.സി.യു.വി)ന്റെ മുന്‍ അഡ്മിന്‍ കൂടിയാണ് രാകേഷ്.

ബേസില്‍ ജോസഫ്, ഉണ്ണിമായ, രാജേഷ് മാധവന്‍ എന്നിവരും ഒപ്പം നിരവധി പുതുമുഖങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തുവന്ന ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

കാസര്‍ഗോഡാണ് ന്നാ താന്‍ കേസ് കൊടിന്റെ പശ്ചാത്തലം. അല്ലറ ചില്ലറ മോഷണങ്ങളൊക്കെ നടത്തുകയും പലയാവര്‍ത്തി പൊലീസ് പിടിയിലാവുകയും ചെയ്ത ആളാണ് കഥാനായകനായ കൊഴുമ്മല്‍ രാജീവന്‍. ഹോസ്ദുര്‍ഗില്‍ നടക്കുന്ന ഒരു മോഷണത്തിനിടെ പൊലീസില്‍ നിന്ന് രക്ഷപ്പെട്ടോടുന്ന രാജീവന്‍ ചെന്നെത്തുന്നത് ചീമേനിയില്‍ ആണ്.

ആ നാട്ടില്‍ കണ്ടുമുട്ടിയ ഒരു പെണ്‍കുട്ടിയുമായി അയാള്‍ പ്രണയത്തിലാവുകയും അവള്‍ക്കൊപ്പം ജീവിച്ചുതുടങ്ങുകയും ചെയ്യുന്നതും മോഷണം നിര്‍ത്തി ജീവിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടവും അതിനെ തുടര്‍ന്ന് അപകടത്തിന് കാരണക്കാരായവരെ നിയമം വഴി രാജീവന്‍ നേരിടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.