| Monday, 23rd September 2024, 7:59 pm

പണം നല്‍കാതെ മദ്യക്കുപ്പിയുമായി ഇറങ്ങിയോടി പൊലീസുകാരന്‍; തടഞ്ഞ് വെച്ച് ജീവനക്കാര്‍; അറസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മദ്യലഹരിയില്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ അതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. എറണാകുളത്തെ പട്ടിമറ്റം ബിവറേജസ് ഔട്ട്‌ലെറ്റിലായിരുന്നു സംഭവം.

കളമശ്ശേരി എ.ആര്‍. ക്യാമ്പിലെ ഡ്രൈവര്‍ ഗോപി ഇന്നലെ രാവിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ എത്തുകയായിരുന്നു. മദ്യക്കുപ്പി എടുത്ത ശേഷം ഇയാള്‍ പണം നല്‍കാതെ കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു.

ഗോപിയുടെ പ്രവര്‍ത്തി ശ്രദ്ധയില്‍പ്പെട്ട ഔട്ട്‌ലെറ്റിലെ വനിത ജീവനക്കാരി അയാളെ തടയാന്‍ ശ്രമിക്കുകയായിരുന്നു.

ഇതില്‍ പ്രകോപിതനായ ഗോപി ജീവനക്കാരി അടക്കമുള്ളവരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഒടുവില്‍ ആളുകള്‍ ഗോപിയെ ഔട്ട്‌ലെറ്റിന്റെ ഉള്ളില്‍ തടഞ്ഞു വെച്ചു. കുന്നത്തുനാട് പൊലീസാണ് പ്രതിയെ പിടികൂടിയത്.

ഉന്തിലും തള്ളിലും ബിവറേജസ് ഔട്ട്‌ലെറ്റിന്റെ വാതില്‍ തകര്‍ന്നിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വികുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.

പിന്നാലെ ഇതിനെതിരെ നിരവധി ആളുകള്‍ കമന്റുമായി വന്നു. പൊലീസ് സേനക്ക് തന്നെ ഇയാള്‍ അപമാനമാണെന്നും പൊലീസിന്റെ മനോവീര്യം തകര്‍ന്നുവെന്നുമാണ് കമന്റുകള്‍.

വേലി തന്നെ വിളവ് തിന്നുന്ന ആഭ്യന്തരക്കാലമാണെന്നും ഒരു വഴിക്ക് മദ്യം കട്ട് ഓടുന്നു, മാമ്പഴവും സ്വര്‍ണ്ണവും അടിച്ചുമാറ്റുന്നുവെന്നും കമന്റുകളുണ്ട്. ഇപ്പോള്‍ പൊലീസുകാര്‍ക്കെതിരെ തുടര്‍ച്ചയായി നിരവധി പരാതികളും വിമര്‍ശനങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് ഈ സംഭവം നടക്കുന്നത്.

Content Highlight: A Policeman Tries To Ran Away With A Bottle Of Liquor Without Paying

We use cookies to give you the best possible experience. Learn more