| Wednesday, 23rd February 2022, 11:35 pm

ഹരിദാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസുകാരനെ ചോദ്യം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: തലശ്ശേരിയിലെ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് പൊലീസുകാരനെ ചോദ്യം ചെയ്തു. കണ്ണവം സ്റ്റേഷനിലെ സി.പി.ഒ സുരേഷിനെയാണ് ചോദ്യം ചെയ്തത്.

കൊലപാതകം നടന്ന ദിവസം രാത്രി ഒരു മണിയോടെ കേസിലെ പ്രതിയും ബി.ജെ.പി മണ്ഡലം പ്രസിഡന്റുമായ
ലിജേഷിനെ സുരേഷ് ഫോണില്‍ വിളിച്ചിരുന്നു.

നാല് മിനിട്ടോളം ഇവര്‍ തമ്മില്‍ സംസാരിച്ചെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് ഇയാളെ ചോദ്യം ചെയ്തത്.

നമ്പര്‍ മാറിയാണ് ബന്ധു കൂടിയായി ലിജേഷിനെ വിളിച്ചതെന്നാണ് സുരേഷ് നല്‍കിയ മൊഴി. നേരത്തെ പൊലീസ് സുരേഷിനെ വിളിപ്പിച്ചെങ്കിലും ഫോണ്‍ വിളിച്ച കാര്യം നിഷേധിക്കുകയായിരുന്നു. പിന്നീട് ഫോണ്‍ വിളിച്ച രേഖകള്‍ അടക്കം പരിശോധിച്ചാണ് ഇരുവരും സംസാരിച്ച കാര്യം കണ്ടെത്തിയത്.

അതേസമയം, ഹരിദാസന്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. കസ്റ്റഡിയിലെടുത്ത പുന്നോല്‍ സ്വദേശി നിജിന്‍ദാസ് കൊലയില്‍ നേരിട്ട് പങ്കെടുത്തയാളെന്നാണ്.

ഹരിദാസന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് നാലംഗ അക്രമി സംഘം ഹരിദാസനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ഇതുവരെ നാല് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരാണ് അറസ്റ്റിലായിട്ടുള്ളത്.

CONTENT HIGHLIGHTS:  A policeman has been questioned in connection with the murder case of CPI M activist Haridasan in Thalassery

We use cookies to give you the best possible experience. Learn more