|

സ്ത്രീകളെ തളര്‍ത്തി നടത്തുന്ന അന്വേഷണ രീതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം; കേരള സര്‍ക്കാരിന് പ്രമുഖ വ്യക്തികള്‍ നല്‍കിയ കത്തിന്റെ പൂര്‍ണരൂപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഏറെ കോളിളക്കം സൃഷ്ടിച്ചുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. സിനിമാ മേഖലയില്‍ നടക്കുന്ന ചൂഷണങ്ങളും സിനിമാ മേഖലയില്‍ അനുഭവിക്കേണ്ടി വരുന്ന ലിംഗ അസമത്വവും എല്ലാം ഉള്‍പ്പെടുന്നതായിരുന്നു ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.

ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിന്‍മേലുള്ള ആശങ്കകളും സര്‍ക്കാര്‍ ഇനി എന്തുചെയ്യണം എന്നതിനെ സംബന്ധിച്ചുള്ള നിര്‍ദേശങ്ങളും പങ്കുവെക്കുകയാണ് അരുന്ധതി റോയ് അടക്കമുള്ള കലാ-സാംസ്‌കാരിക-സാഹിത്യ-മാധ്യമ-നിയമ രംഗത്തെ പ്രമുഖ വ്യക്തികള്‍.

1. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാ​ഗതം ചെയ്യുന്നു.
2. ഈ വിപ്ലവത്തിന് തുടക്കമിട്ട നടിക്കും ഡബ്ല്യൂ.സി.സി അം​ഗങ്ങൾക്കും അഭിന്ദനങ്ങൾ.
3. റിപ്പോർട്ട് പുറത്തുവിടാൻ വെെകിയത് ദൗർഭാ​ഗ്യകരം.
4. റിപ്പോര്‍ട്ടിലെ ലൈംഗിക അത്രിക്രമങ്ങളുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നു, എന്നാൽ സിനിമാ മേഖലയിലെ തൊഴില്‍ സാഹചര്യങ്ങള്‍, കരാറിന്റെ അഭാവം, ലിംഗ വേതന വ്യത്യാസം എന്നിവ ചർച്ചയാകുന്നില്ല.
5. സ്ത്രീകളെ തളർത്തിക്കൊണ്ട് നടത്തുന്ന അന്വേഷണ രീതി അവസാനിപ്പിക്കാൻ പൊലീസിന് നിർദേശം നൽകണം
6. തങ്ങൾക്ക് നേരിട്ട ദുരനുഭവം പരസ്യമായി പങ്കുവെച്ച സ്ത്രീകൾക്ക് നിയമപരമായ സംരക്ഷണം ഒരുക്കണം.
7. പീഡനത്തിനെതിരെ സീറോ ടോളറൻസ് നിലപാട് സ്വീകരിക്കണം

ഇവര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തിന്റെ പൂര്‍ണരൂപം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ കേരള സര്‍ക്കാരിന് സമര്‍പ്പിക്കുന്ന നിവേദനം

മലയാള ചലച്ചിത്രരംഗത്തിന്റേയും കേരളത്തിന്റെ തന്നെയും ചരിത്രത്തിലെ ഏറ്റവും നിര്‍ണായക സന്ദര്‍ഭത്തിന് നമ്മളെല്ലാവരും സാക്ഷികളാവുകയാണ്.

മലയാള സിനിമാ മേഖലയിലെ തീര്‍ത്തും അന്യായമായ അധികാരഘടനകളും സിനിമയിലെ സ്ത്രീകള്‍ കടന്നു പോകുന്ന ചൂഷണപരമായ സാഹചര്യവും ശത്രുതാപരവുമായ അന്തരീക്ഷവും വിശദീകരിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിട്ടതിനെ പൊതു സമൂഹത്തിലെ അംഗങ്ങളെന്ന നിലയലില്‍, ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.

2017ല്‍ തനിക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ഒരു നടി കൈക്കൊണ്ട ധീരമായ നിലപാടില്‍ പ്രചോദനം ഉള്‍ക്കൊണ്ട് തുടങ്ങിയ കൂട്ടായ്മായാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. ഇങ്ങനെയൊരു വിപ്ലവത്തിന് തുടക്കമിട്ട ആ നടിക്ക് അഭിവാദ്യങ്ങള്‍. ധൈര്യവും കഠിനാധ്വാനവും കൈമുതലാക്കി ഡബ്ല്യൂ.സി.സി ഏറ്റെടുത്ത പോരാട്ടത്തെ സര്‍ക്കാര്‍ അംഗീകരിച്ചതാണ് ഹേമ കമ്മിറ്റിയുടെ രൂപീകരണത്തിന് വഴിയൊരുക്കിയത്.

പക്ഷേ ഇതേ സര്‍ക്കാര്‍ തന്നെ ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് വൈകിച്ചത് ദൗര്‍ഭാഗ്യകരമാണ്. 2019 ഡിസംബറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ പുറത്തുവിടുന്നത്. ഡബ്ല്യൂ.സി.സിയുടേയും മാധ്യമങ്ങളുടേയും തുടര്‍ച്ചയായ സമ്മര്‍ദത്തിന്റെ ഫലമായിക്കൂടിയാണ് ഇത് പുറത്ത് വിട്ടിരിക്കുന്നത്. കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങളെ അടുത്തു നിന്ന് നോക്കിക്കാണുന്ന ഞങ്ങളില്‍ പലര്‍ക്കും ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷമുള്ള ദിവസങ്ങള്‍ പോരാട്ടങ്ങളുടെ നാള്‍വഴിയെ കുറിച്ചുള്ള ഓര്‍മകള്‍ കൊണ്ടു നിറഞ്ഞവയുമായിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം പൊതു സമൂഹവും മാധ്യമങ്ങളും പൊതുവില്‍ സ്ത്രീകളെ പിന്തുണച്ചു കൊണ്ടുള്ള നിലപാടാണ് സ്വീകരിച്ചത്. റിപ്പോര്‍ട്ട് കൊണ്ട് കൃത്യമായ ഫലമുണ്ടാകണമെങ്കില്‍ സനിമയിലെ സ്ത്രീകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പിന്തുണ ലഭിച്ചേ മതിയാകൂ. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കുള്ള ചില ആശങ്കകള്‍ ഇവിടെ പങ്കുവെക്കാന്‍ ആഗ്രഹിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരും മാധ്യമങ്ങളും റിപ്പോര്‍ട്ടിലെ ലൈംഗിക അത്രിക്രമങ്ങളുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതാണ് കാണാന്‍ സാധിക്കുന്നത്. റിപ്പോര്‍ട്ടിലെ വലിയൊരു ഭാഗം വിവരിക്കുന്ന സിനിമാ മേഖലയിലെ തൊഴില്‍ സാഹചര്യങ്ങള്‍, കരാറിന്റെ അഭാവം, ലിംഗ വേതന വ്യത്യാസം എന്നിവയൊന്നും പൊതുമണ്ഡലത്തില്‍ ചര്‍ച്ചകളുടെ ഭാഗമാകുന്നേയില്ല.

പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതാണ് റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ ഏക നടപടി. റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ചില വനിതകള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. അതേക്കുറിച്ച് അന്വേഷിക്കാനാണ് ഈ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഇതോടെ മാധ്യമങ്ങള്‍ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയാക്കി മാത്രം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ഏതാണ്ട് മാറ്റിക്കഴിഞ്ഞു.

ഈ സമീപനത്തിന്റെ ഫലമായി പീഡനങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുകയും അതിലേക്ക് നയിക്കുന്ന അടിസ്ഥാന വിഷയങ്ങളായ അസമത്വം, വിവേചനം എന്നിവയെക്കുറിച്ചുള്ള മൊഴികള്‍ അവഗണിക്കപ്പെട്ടു പോവുകയും ചെയ്യുന്നു.

കുറ്റകൃത്യം നടക്കുമ്പോള്‍ പരാതിക്കാരായ സ്ത്രീകള്‍ പലപ്പോഴും നിയമപരമായ സഹായം തേടാതിരിക്കുന്നതിന് ന്യായമായ കാരണങ്ങളുണ്ടെന്ന് മാധ്യമങ്ങളേയും പൊതു സമൂഹത്തേയും ബോധ്യപ്പെടുത്തുന്നതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ശ്രമവും ഉണ്ടാകുന്നില്ലെന്നതാണ് അവസ്ഥ.

പൊലീസില്‍ പരാതി നല്‍കാതെ മാധ്യമങ്ങളോട് മാത്രം തുറന്നു പറയുന്ന സ്ത്രീകള്‍ ഉന്നയിക്കുന്ന പരാതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത് നല്ല കാര്യമല്ല. പരാതി നല്‍കാത്ത സ്ത്രീകളെ സംശയത്തോടെ കാണുന്ന സമൂഹത്തിന്റെ രീതി ഇവിടെയും ആവര്‍ത്തിക്കപ്പെടുകയാണ്.

അപലപനീയമെന്നു പറയട്ടേ, സിനിമാ വ്യവസായത്തിലെ ദുരനുഭവങ്ങള്‍ പരസ്യമായി പങ്കുവെച്ച ചില സ്ത്രീകള്‍ക്ക് പരാതി നല്‍കാന്‍ പൊലീസിന്റെ ഭാഗത്തു നിന്ന് ശക്തമായ സമ്മര്‍ദം നേരിടേണ്ടിവരുന്നുവെന്നാണ് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്. വലിയ രീതിയില്‍ അസ്വസ്ഥതയുണ്ടാക്കുന്ന നടപടിയാണിത്.

ലൈംഗിക കുറ്റകൃത്യം നടന്നിട്ടുള്ള എല്ലാ കേസുകളിലും അതിജീവിതയുടെ മാനസികാരോഗ്യത്തിനും അവരുടെ തീരുമാനത്തിനും തന്നെയാണ് മുന്‍ഗണന നല്‍കേണ്ടത്. പൊലീസിനോടും പ്രത്യേക അന്വേഷണ സംഘത്തോടും സ്ത്രീകളെ തളര്‍ത്തിക്കൊണ്ടു നടത്തുന്ന അന്വേഷണ രീതി പിന്തുടരുതെന്ന് സര്‍ക്കാര്‍ കര്‍ശനമായ നിര്‍ദേശം കൊടുക്കണം. സ്ത്രീകളെ അനുഭാവത്തോടെ കണ്ട്, അവരുടെ താത്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടണം.

മലയാള സിനിയിലെ ലിംഗ വിവേചനത്തേയും ലൈംഗിക അതിക്രമങ്ങളേയും കുറിച്ച് അന്വേഷണം നടത്താനാണ് ഹേമ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നത്. മറ്റു പ്രധാന പ്രശ്‌നങ്ങളോടൊപ്പം സിനിമാ മേഖലയില്‍ വലിയ തോതില്‍ നടക്കുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടിയാണ് റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നിരിക്കുന്നത്.

ഇത്തരം പീഡനങ്ങള്‍ നിലനില്‍ക്കുന്നുവെന്നത് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അറിവുള്ളതാണ്. പലപ്പോഴും രഹസ്യമായ ചര്‍ച്ചകളില്‍ മാത്രം ഇക്കാര്യങ്ങള്‍ ഒതുങ്ങി. ചിലപ്പോള്‍ സ്റ്റേജ് ഷോകളിലും ടെലിവിഷനിലും ഹാസ്യത്തിന്റെ മറവില്‍ പരസ്യമായി പലരും ഇക്കാര്യങ്ങള്‍ പങ്കുവെക്കാറുമുണ്ട്. എന്നാല്‍ ഒരു സര്‍ക്കാര്‍ രൂപീകരിച്ച കമ്മീഷന്‍ വഴി ഈ വിഷയങ്ങള്‍ പുറത്തു വന്നത് പൊതുസമൂഹം നടുക്കത്തോടെ തന്നെയാണ് നോക്കിക്കണ്ടത്.

റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷം സിനിമാ രംഗത്തെ ചില സ്ത്രീകള്‍ പലപ്പോഴായി അവര്‍ നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ചു പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്നതില്‍ ഒട്ടും അത്ഭുതമില്ല. പ്രമുഖരായ പലരുടേയും പേരുകളാണ് ഇവര്‍ പുറത്തു പറഞ്ഞത്. അപ്പോഴും ഒരു കൂട്ടം ആളുകള്‍ക്ക് സംശയമാണ്, എന്തു കൊണ്ട് ഇപ്പോള്‍ പറയുന്നു, സംഭവം നടന്നപ്പോള്‍ എന്തുകൊണ്ട് പറഞ്ഞില്ല എന്നൊക്കെയാണ് ഇവരുടെ ചോദ്യം.

ഉത്തരം ലളിതമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നപ്പോള്‍ ഈ വനിതകള്‍ പങ്കുവെച്ചത് അത്രയും കാലം മനസില്‍ അടക്കിവെച്ച മുറിവിന്റെ ഓര്‍മകളാണ്. സ്ത്രീകളെ ഒന്നടങ്കം ഒരുമിച്ചു കൊണ്ടുവന്ന ഈ സന്ദര്‍ഭം ഒരു പക്ഷേ ഇവര്‍ക്ക് പുറത്തുവന്ന് സംസാരിക്കാന്‍ ധൈര്യവും പ്രചോദനവും നല്‍കിയിരിക്കാം. അങ്ങനെയൊരു സാഹചര്യം ഇതിനു മുമ്പ് ഉണ്ടായിരുന്നില്ലല്ലോ.

സ്ത്രീകള്‍ക്കെതിരെ ചോദ്യങ്ങളുയര്‍ത്തുന്ന സംശയാലുക്കളെ ഒന്നോര്‍മിക്കാം, ഇപ്പോള്‍ സിനിമയിലെ പലര്‍ക്കെതിരേയും ആരോപണമുന്നയിച്ച സ്ത്രീകളില്‍ പലരും ഇതേ കാര്യങ്ങള്‍ മുമ്പും ഉന്നയിച്ചിട്ടുണ്ട്. അവരേയും അവരുടെ പരാതികളേയും അവഗണിക്കുകയാണ് അന്നെല്ലാവരും ചെയ്തത്.

ഈ വിഷയങ്ങളില്‍ സമൂഹത്തിന്റെ നിലപാടില്‍ വന്ന മാറ്റത്തിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോള്‍ നമ്മള്‍ കാണുന്നത്. അവര്‍ പരാതി പറഞ്ഞ കാലവും ഇന്നത്തെ കാലവും വ്യത്യസ്തമാണ്. ഈ മാറ്റം സാമൂഹ്യ ചിന്തയിലും പ്രതിഫലിക്കാം. മാറിയ സാമൂഹ്യ സാഹചര്യങ്ങള്‍ നല്‍കുന്ന ധൈര്യം പല സ്ത്രീകളേയും പരസ്യമായി പ്രതികരിക്കുന്നതിന് പ്രേരിപ്പിക്കുന്നുണ്ടാകാം.

അടുത്ത ചോദ്യം ഇവര്‍ എന്തു കൊണ്ട് പൊലീസിനെ സമീപിക്കുന്നില്ലെന്നതാണ്. ഇതിന്റെ ഉത്തരത്തിന് പല തലങ്ങളുണ്ട്.

ലൈംഗിക അതിക്രമങ്ങളില്‍ അതിജീവിതരെ സംബന്ധിച്ച് നീതി തേടിയുള്ള നിയമ പോരാട്ടവും മാനസികാഘാതം വര്‍ധിപ്പിക്കുന്നതാണ്. സാങ്കേതികമായി നിയമം എല്ലാ സുരക്ഷയും ഉറപ്പു നല്‍കുന്നുണ്ടെങ്കിലും ഇത് നടപ്പാക്കുന്ന ഉദ്യോഗസ്ഥരുടെ അനുകമ്പയില്ലാത്ത പെരുമാറ്റം അതിജീവിതര്‍ക്ക് ഉപകാരത്തിന് പകരം ഉപദ്രവമായി മാറുന്ന പതിവാണുള്ളത്. ഇക്കാരണത്താല്‍ തന്നെ ഇവര്‍ നിയമ സംവിധാനത്തെ ഭയപ്പെടുന്നു.

പലപ്പോഴും സ്ത്രീകള്‍ തങ്ങളുടെ അനുഭവം ഓര്‍മിക്കുകയും പങ്കുവെക്കുകയും ചെയ്യുമ്പോള്‍ മാനസികമായി അവര്‍ ആശ്വാസം അനുഭവിക്കുന്നുണ്ടാകാം. എന്നാല്‍ കോടതി നടപടികള്‍ വിജയകരമായി നടത്താന്‍ ഇത്തരം ഓര്‍മകള്‍ മതിയാകാതെ വന്നേക്കും.

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവമാകാം, തെളിവുകള്‍ തീരെയുണ്ടാകില്ല, സാക്ഷികള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. നിയമത്തിന്റെ കണ്ണില്‍ കേസിന്റെ മെറിറ്റിനു വേണ്ട ഒന്നും ഹാജരാക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞെന്നു വരില്ല.

സാഹചര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കേ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സ്വന്തം അനുഭവം ഏതു തരത്തില്‍ പങ്കുവെക്കണമെന്നും നിയമപരമായി മുന്നോട്ട് പോകണോ എന്നും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കുണ്ട്.

സ്വന്തം അനുഭവത്തെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ സാഹചര്യമുണ്ടാവുക എന്നത് ഒരു വിധത്തില്‍ അവര്‍ക്ക് ലഭിക്കുന്ന നീതിയാണ്. സംസാരിക്കാന്‍ തയ്യാറായതുകൊണ്ട് മാത്രം ഒരു സ്ത്രീയും എതിര്‍പ്പ് നേരിടേണ്ടി വരരുത്. അത്തരം അനുഭവമുണ്ടായ സ്ത്രീകളെ സര്‍ക്കാര്‍ സഹായിക്കണം.

നീണ്ട നിയമയുദ്ധത്തിന് തയാറാകാത്ത സ്ത്രീകളെ വേട്ടയാടുന്ന നിലപാട് സ്വീകരിക്കരുതെന്ന് സമൂഹത്തേയും മാധ്യമങ്ങളേയും ബോധവത്ക്കരിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം. ഇതിനായി സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ഒരു പരിപാടി നടപ്പിലാക്കണം.

നിയമപരമായി മുമ്പോട്ടു പോകുന്നില്ലെന്ന കാരണത്താല്‍ പീഡനത്തിന് ഇരയായെന്ന് പരസ്യമായി പറയുന്ന സ്ത്രീകളുടെ ശബ്ദം അവഗണിക്കപ്പെട്ടു പോവുകയുമരുത്. നിയമത്തിന്റെ വഴി തേടാത്ത സ്ത്രീകളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന, അവരെ അവഹേളിക്കുന്ന തരത്തിലേക്ക് പൊതു സമൂഹമോ മാധ്യമങ്ങളോ പോകാന്‍ സാധ്യതയുള്ളതിനാല്‍ ഉചിതമായ സമയത്ത് തന്നെ ഈ പരിപാടി ആവിഷ്‌കരിക്കണം.

ഈ ഇടപെടലുണ്ടായില്ലെങ്കില്‍ ദുരനുഭവം തുറന്നു പറയാന്‍ സന്നദ്ധരായ സ്ത്രീകള്‍ മറ്റൊരു തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഞങ്ങള്‍ ആശങ്കപ്പെടുന്നു.

തങ്ങളുടെ അനുഭവങ്ങള്‍ പുറത്തു പറയാന്‍ തയാറായ എല്ലാ സ്ത്രീകള്‍ക്കും കൗണ്‍സിലിങ്ങ് സേവനം നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. നിയമനടപടിയുമായി മുമ്പോട്ട് പോയവര്‍ക്കും കേസിന് പിന്നാലെ പോകാത്തവര്‍ക്കും ഈ സേവനം ലഭ്യമാക്കണം. ലൈംഗികാതിക്രമം അനുഭവിച്ചവര്‍ നേരിടുന്ന മാനസ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ ഇത് സഹായിക്കും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന അതിപ്രധാനമായ മറ്റു വിഷയങ്ങളിലും സര്‍ക്കാര്‍ ഇടപെടണം. കൃത്യമായ കരാറിന്റെ അഭാവം, വേതനത്തിലെ ലിംഗ വിവേചനം, മോശമായ തൊഴില്‍ സാഹചര്യം, വൃത്തിയും സുരക്ഷയുമുള്ള ടോയ്‌ലെറ്റുകളുടെ അഭാവം, ഡ്രസ്സിങ്ങ് റൂമില്ലാത്ത സെറ്റുകള്‍ എന്നിവയൊക്കെയാണ് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ചിലത്.

സുരക്ഷിതമായ താമസവും യാത്രാ സൗകര്യവും ഇവിടെ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിനായി ഹേമ കമ്മിറ്റിയുടെ ശുപാര്‍ശകളേയും ഉള്‍പ്പെടുത്തി സിനിമാ വ്യവസായത്തില്‍ അടിമുടി പരിഷ്‌കരണം നടത്താനുള്ള നടപടിയെടുക്കണം.

ഹേമ കമ്മിറ്റി മുമ്പാകെ മൊഴി രേഖപ്പെടുത്തിയ സ്ത്രീകളുടെയും സ്വന്തം ദുരനുഭവങ്ങളെക്കുറിച്ച് പരസ്യമായി പ്രസ്താവന നടത്തിയ സിനിമാ പ്രവര്‍ത്തകരുടേയും സുരക്ഷ സര്‍ക്കാര്‍ ഉറപ്പു വരുത്തണം.

ഇതിന്റെ ഭാഗമായി പൊലീസില്‍ പരാതി നല്‍കാനായി അവരെ മാനസികമായി സമ്മര്‍ദത്തിലാക്കില്ലെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കണമെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണ്. ഇത് അതിപ്രധാന വിഷയമായതിനാലാണ് ഇത് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്.

ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ വിവിധ പ്രശ്‌നങ്ങളും ഡബ്ല്യൂ.സി.സി വര്‍ഷങ്ങളായി പറഞ്ഞുവരുന്ന വിഷയങ്ങളും അടിസ്ഥാനപ്പെടുത്തി, പ്രശ്‌ന പരിഹാര നടപടിയെന്ന നിലയില്‍ കേരള സര്‍ക്കാര്‍ ഒരു നയ രൂപീകരണമോ നിയമ നിര്‍മാണമോ അടിയന്തരമായി നടത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്.

പീഡനത്തിനെതിരെ സന്ധിയില്ലാത്ത കര്‍ശനമായ നിലപാട് (സീറോ ടോളറന്‍സ് പോളിസി) സ്വീകരിക്കുക, സിനിമാ സെറ്റുകളില്‍ ടോയ്‌ലെറ്റ് സൗകര്യമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുക, വേതനവും തൊഴില്‍ നിബന്ധനകളും കൃത്യമായി അടങ്ങുന്ന കരാര്‍ നിര്‍ബന്ധമാക്കുക, മെച്ചപ്പെട്ട വേതനം ഉറപ്പിക്കുക, വേതനത്തിലെ വിവേചനം ഇല്ലാതാക്കുക എന്നിവയടക്കമുള്ള ആവശ്യങ്ങളാണ് നടപ്പാക്കേണ്ടത്.

ഹേമ കമ്മിറ്റി രൂപീകരണത്തിന്റെ ലക്ഷ്യം പൂര്‍ണമായി ഫലവത്താകണമെങ്കില്‍ ഇത്തരത്തിലുള്ള 360 ഡിഗ്രി സമീപനം കൂടിയേ തീരൂ.

നിവേദനത്തില്‍ ഒപ്പുവെച്ചവര്‍

1. Arundhati Roy, Delhi (Author)
2. Indira Jaisingh, Delhi (Advocate, Supreme Court of India)
3. Vrinda Grover, Delhi (Advocate, Supreme Court of India)
4. Sarah Joseph, Kerala (Author)
5. KR Meera, Kerala (Author)
6. NS Madhavan, Kerala (Author)
7. TJS George, Bangalore (Journalist)
8. K Ajitha, Kerala (Activist)
9. Aleyamma Vijayan, Kerala (Gender Consultant)
10. K Satchidanandan, Kerala (Author)
11. Aparna Sen, West Bengal (Actor)
12. Prakash Raj, Chennai (Actor)
13. Chinmayi Sripaada, Chennai (Singer)
14. Swara Bhasker, Mumbai (Actor)
15. Sushant Singh, Mumbai (Actor)
16. T M Krishna, Chennai (Artist/activist)
17. Nivedita Menon, Delhi (Feminist Scholar)
18. Professor Ira Bhaskar, Delhi (Retd Professor of Cinema Studies, JNU)
19. Jeet Thayil, Bengaluru (Poet)
20. Manu Pillai, Delhi (Author)
21. Anita Nair, Bengaluru (Author)
22. Sobha Nambisan, Bengaluru, (Retd IAS officer)
23. Sandhya J, Kerala (Lawyer)
24. Sandhya Raju, Kerala (Lawyer)
25. Viji Penkoott, Kerala (Activist)
26. Dr Binitha Thampi, Chennai (Professor)
27. Onir, Mumbai (Filmmaker)
28. Kavita Krishnan, Delhi (Activist)
29. Soya Thomas, Thiruvananthapuram (Gender Consultant)
30. Dr Rekha Raj, Kerala (Activist)
31. Sudha Menon, Gujarat (writer)
32. Aswathy Nair, Kerala (Dancer)
33. Bindhu Ammini, Kerala (Activist)
34. Vinta Nanda, Mumbai (Film and TV producer-director)
35. Leena Manimekalai, Chennai (Poet)
36. Radhika Menon, Chennai (Publisher)
37. Janaki Nair, Bengaluru (Historian)
38. Janaki Abraham, Delhi (Professor)
39. Miriam Chandy Menachery, Mumbai (Filmmaker)
40. Deepa Dhanraj, Bangalore (Documentary Filmmaker)
41. Anjali Gopalan, Delhi (Activist)
42. TR Raghunandan, Bangalore (IAS, retd)
43. Ammu Joseph, Bengaluru (Journalist)
44. R Rajagopal, Kerala (Journalist)
45. Gita Aravumudan, Bengaluru (Journalist)
46. Josy Joseph, Delhi (Journalist)
47. Vinod K Jose, Kerala (Journalist)
48. Pramod Raman, Kerala (Journalist)
49. RK Radhakrishnan, Chennai (Journalist)
50. Ullekh NP, Delhi (Journalist)
51. Laxmi Murthy, Bengaluru (Journalist)
52. Meenakshi Shedde, Mumbai (Journalist and Film Festival Curator)
53. Anna M.M. Vetticad, Delhi (Journalist and Writer)
54. Vaishna Roy, Chennai (Journalist)
55. Faye D’Souza, Mumbai (Journalist)
56. Ramya Kannan, Chennai (Journalist)
57. Sharda Ugra, Bengaluru (Journalist)
58. Saraswathy Nagarajan, Kerala (Journalist)
59. Sarita Mohanan Bhama, Kerala (Journalist)
60. Shahina KK, Kerala (Journalist)
61. Leena Gita Reghunath, Bengaluru (Journalist)
62. Saritha S Balan, Kerala (Journalist)
63. Dhanya Rajendran, Bengaluru (Journalist)
64. Jisha Surya, Kerala (Journalist)
65. Anupama Venkitesh, Bengaluru, (Journalist)
66. Sandhya KP, Kerala (Journalist)
67. Revati Laul, Uttar Pradesh (Journalist)
68. Nileena Atholi, Kerala (Journalist)
69. Jisha Elizabeth, Kerala (Journalist)
70. Sindhu Napolean, Kerala (Journalist)
71. Nisha Susan, Canada (Journalist)
72. Sudipto Mondal, Bengaluru (Journalist)

Content Highlight: A petition submitted to the Kerala government in the wake of the release of the Hema Committee report

Latest Stories