ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയില്‍ സഹായിച്ച ഒരാള്‍ എന്‍.ഐ.എ കസ്റ്റഡിയില്‍. ഇയാളെ റാണക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാന്‍ ദല്‍ഹിയില്‍ എത്തിച്ചു.
ഇയാളാണ് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ കോള്‍മാന്‍ ഡെഡ്‌ലിയെയും റാണയെയും ഇന്ത്യയിലെത്താന്‍ സഹായിച്ചതെന്നാണ് വിവരം.
നിലവില്‍ റാണയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ദല്‍ഹിയിലെ എ.എന്‍.ഐയുടെ ആസ്ഥാനത്ത് ക്യാമറ നിരീക്ഷണത്തിലുള്ള സെല്ലിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഡി.ഐ.ജി ജയ റോയിയുടെ നേതൃത്വത്തിലുള്ള 12 അംഗ എന്‍.എന്‍.എ സംഘമാണ് റാണയെ ചോദ്യം ചെയ്യുന്നത്.
ഇതിനിടെ തഹാവൂര്‍ റാണയുടെ കേരളവുമായുള്ള ബന്ധവും എന്‍.എല്‍.എയുടെ അന്വേഷണ പരിധിയിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റാണ കൊച്ചിയില്‍ എത്തിയത് യുവാക്കളെ റിക്രൂട്ട് ചെയ്യാനാണെന്ന് എന്‍.ഐ.എയ്ക്ക് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
2008 നവംബര്‍ 16ന് തഹാവൂര്‍ റാണ കൊച്ചിയില്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ എന്തിന് വേണ്ടിയാണ് റാണ കേരളത്തില്‍ എത്തിയതെന്ന് എന്‍.ഐ.എയ്ക്കും കേരള പൊലീസിനും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ എന്‍.ഐ.എ കൊച്ചിയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കൊച്ചിയിലെ ഒരു ആഡംബര ഹോട്ടലില്‍ താമസിച്ച റാണ കാനഡയിലും യു.എസിലും ജോലി അവസരങ്ങള്‍ക്കായി അപേക്ഷകള്‍ തേടി തന്റെ ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസിനുവേണ്ടി ഒരു പത്രപരസ്യം പ്രസിദ്ധീകരിച്ചതായി കേരള മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ ഒമ്പതിനാണ് തഹാവൂര്‍ റാണയെ യു.എസില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ചത്. റാണക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, വ്യാജരേഖ ചമയ്ക്കല്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.
2008 നവംബര്‍ 26ന് 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിലെ (26/11) മുഖ്യ പ്രതിയെന്ന് ഇന്ത്യ സംശയിക്കുന്ന ആളാണ് തഹാവൂര്‍ റാണയെന്ന തഹാവുര്‍ ഹുസൈന്‍ റാണ. പത്തോളം ഭീകരരാണ് 60 മണിക്കൂറിലധികം മുംബൈയിലെ സുപ്രധാന മേഖലകള്‍ ഉപരോധിച്ച് ആക്രമണം നടത്തിയത്.
ഛത്രപതി ശിവാജി ടെര്‍മിനസ്, താജ് ഹോട്ടല്‍, നരിമാന്‍ ഹൗസ്, കാമ ആന്‍ഡ് ആല്‍ബെസ് ഹോസ്പിറ്റല്‍ തുടങ്ങിയ മുംബൈയിലെ പ്രമുഖ സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് 10 ലഷ്‌കര്‍-ഇ-തൊയ്ബയിലെ ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തില്‍ പങ്കെടുത്ത 10 ഭീകരരില്‍ അജ്മല്‍ കസബിനെ മാത്രമാണ് ജീവനോടെ പിടികൂടാന്‍ സാധിച്ചത്. പിന്നീട് 2012 നവംബര്‍ 21ന് കസബിനെ തൂക്കിലേറ്റിയിരുന്നു.
Content Highlight: A person who helped Tahawwur Rana is in custody; NIA investigation is also expected to move to Kochi