|

ക്രിമിനല്‍ കുറ്റം ചുമത്തിയതുകൊണ്ടുമാത്രം ഒരു വ്യക്തിയുടെ ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം നിഷേധിക്കാന്‍ സാധിക്കില്ല: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒരു വ്യക്തിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയെന്നുകരുതി അയാള്‍ക്ക് ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം നിഷേധിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം സ്വാതന്ത്ര്യവും ജീവിക്കാനുമുള്ള അവകാശവും ഒരു വ്യക്തിക്കുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

യു.പി ഗുണ്ടാ ആക്ട് പ്രകാരം മൂന്ന് വ്യക്തികള്‍ക്കെതിരെ യു.പി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, അഹ്‌സനുദ്ദീന്‍ അമാനുല്ല എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യു.പി പൊലീസ് ആഗ്ര ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറാണ് കോടതി റദ്ദാക്കിയത്. സിവില്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസാണിത്.

പ്രസ്തുത കേസില്‍ തങ്ങളെ തെറ്റായി പ്രതിചേര്‍ത്തുവെന്നാണ് പ്രതികള്‍ വാദിച്ചത്. ജയ് കിഷന്‍, കുല്‍ദീപ് കത്താര, കൃഷ്ണ കത്താര എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഒരു വ്യക്തിക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന്റെ പേരില്‍ മാത്രം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം അവഗണിക്കാന്‍ കഴിയില്ലെന്നും ഈ നിയമം നടപ്പിലാക്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് അനിയന്ത്രിതമായ വിവേചനാധികാരം നല്‍കുന്നത് വ്യക്തമായും ബുദ്ധിശൂന്യമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട മൂന്ന് എഫ്.ഐ.ആറുകളാണെന്നും ആരോപണങ്ങള്‍ സിവില്‍ സ്വഭാവമുള്ളതാണെന്നും നിയമപ്രകാരമുള്ള നടപടികള്‍ റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതികള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

നേരത്തെ പ്രതികള്‍ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ അലഹബാദ് ഹൈക്കോടതി 2024 ജനുവരി 17ല്‍ വിസമ്മതിച്ചിരുന്നു.

Content Highlight: A person’s right to life and liberty cannot be denied merely because he has been charged with a criminal offence: Supreme Court

Latest Stories