രാമക്ഷേത്രത്തിനെതിരെ പ്രകോപനപരമായ പോസ്റ്റുകള്‍; ആരോപണത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്
national news
രാമക്ഷേത്രത്തിനെതിരെ പ്രകോപനപരമായ പോസ്റ്റുകള്‍; ആരോപണത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd January 2024, 11:23 pm

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ പങ്കുവെച്ചുവെന്ന് ആരോപിച്ച് യുവാവിനെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്. ഉത്തര്‍പ്രദേശിലെ ഝാന്‍സി സ്വദേശിയായ 24കാരനെ ഉത്തര്‍പ്രദേശ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഝാന്‍സി ജില്ലയിലെ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുക്കരിയാന നിവാസിയായ സിബ്രാന്‍ മക്രാനിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മക്രാനി എന്ന ഹാഫിസാണ് സമൂഹ മാധ്യമങ്ങളില്‍ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പോസ്റ്റുകള്‍ പങ്കുവെച്ചുവെന്നാണ് എ.ടി.എസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.

പ്രതിക്കെതിരെ ഐ.പി.സി 153എ (മതത്തിന്റെ പേരില്‍ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 505 (2) (രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്ന പ്രസ്താവനകള്‍) എന്നിവ പ്രകാരമാണ് എ.ടി.എസ് കേസെടുത്തിരിക്കുന്നത്.

ബാബറി മസ്ജിദ് തകര്‍ത്തതിന് പ്രതികാരം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ആക്ഷേപകരമായ നിരവധി പോസ്റ്റുകളും സ്‌ക്രീന്‍ ഷോട്ടുകളും പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്തതായും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Content Highlight: A person has been arrested in UP for posting provocative posts on social media related to Ram Temple