ചെന്നൈ: രാജ്യസ്‌നേഹമെന്നത് ദേശീയ പതാക ഉയര്‍ത്തുന്നതും ദേശീയ സ്തംഭങ്ങള്‍ കൈയില്‍ ധരിക്കുന്നതും മാത്രമല്ലെന്ന് മദ്രാസ് ഹൈക്കോടതി. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ത്രിവര്‍ണപതാകയുടെ നിറവും അശോകസ്തംഭവമുള്ള കേക്ക് മുറിച്ചതിന് രാജ്യദ്രോഹമാണെന്ന് ചൂണ്ടിക്കാണിച്ച് നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കവെയായിരുന്നു കോടതി പരാമര്‍ശം.
‘ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്തില്‍ ദേശീയത വളരെ നിര്‍ണായകമാണെന്നതില്‍ സംശയമില്ല. പക്ഷേ, അതിരുകടന്ന വിധേയത്വം നമ്മുടെ രാജ്യത്തിന്റെ മുന്‍കാല ചരിത്രത്തില്‍നിന്ന് വിഭിന്നമാണ്. ദേശീയ പതാക ഉയര്‍ത്തുന്നതും ദേശീയ അഭിമാനത്തെ അടയാളപ്പെടുത്തുന്ന ചിഹ്നങ്ങള്‍ ധരിക്കുന്നതും മാത്രമല്ല ദേശീയത. നല്ല ഭരണത്തിനായി നിലകൊള്ളുന്നതും അതിന് വേണ്ടി വാദിക്കുന്നതും രാജ്യസ്‌നേഹമാണ്’, കോടതി പറഞ്ഞു.
ദേശസ്നേഹമെന്നത് നമ്മുടെ അന്തിമ ആത്മീയ അഭയസ്ഥാനമാകാന്‍ കഴിയില്ലെന്നും എന്റെ അഭയം മനുഷ്യത്വമാണെന്നുമുള്ള ടാഗോര്‍ വചനങ്ങളെ ഉദ്ധരിച്ചായിരുന്നു കോടതി പരാമര്‍ശം.
ക്രിസ്മസ് ദിനത്തില്‍ ദേശീയ പതാകയുടെ നിറവും അശോകസ്തംഭവുമുള്ള കേക്ക് മുറിച്ചത് ദേശീയതയ്‌ക്കെതിരാണെന്നായിരുന്നു സെന്തില്‍കുമാര്‍ എന്നയാള്‍ നല്‍കിയ ഹരജിയില്‍ പറഞ്ഞത്.
ജസ്റ്റിസ് എന്‍. ആനന്ദ് അധ്യക്ഷനായ ബെഞ്ചാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
2013 ലെ ക്രിസ്മസ് ആഘോഷത്തിലായിരുന്നു ദേശീയ പതാകയുടെ ത്രിവര്‍ണ്ണവും അശോകസ്തംഭവുമുള്ള കേക്ക് മുറിച്ചത്. ആറരയടി വലുപ്പത്തിലുള്ള കേക്കായിരുന്നു മുറിച്ചത്.
കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ്, സമുദായനേതാക്കള്‍, വിവിധ എന്‍.ജി.ഒ നേതാക്കള്‍ എന്നിവരടക്കം 2500 പേരാണ് അന്ന് പരിപാടിയില്‍ പങ്കെടുത്തത്.
എന്നാല്‍ പരിപാടിയില്‍ പങ്കെടുത്തവക്ക് ദേശീയ വികാരത്തെ ഏതെങ്കിലും തരത്തില്‍ അവഹേളിക്കണം എന്നുണ്ടായിരുന്നു എന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ അതിന് മുന്‍പോ ശേഷമോ രാജ്യത്തിനെതിരായി വിധ്വംസക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും കോടതി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക