പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല യുവതീ പ്രവേശനം ഉയര്‍ത്തിയ പ്രതിസന്ധി കോന്നി ഉപതെരഞ്ഞെടുപ്പില്‍ മറികടക്കാന്‍ സര്‍ക്കാരും മുന്നണിയും ശ്രമിക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍.
ഇടതുമുന്നണിക്ക് ശബരിമലവിഷയം പ്രതിരോധിക്കാനായില്ലെങ്കില്‍ കോന്നി ഉപതെരഞ്ഞെടുപ്പ് ദുര്‍ഘടമാകും എന്ന സൂചനയാണ് പദ്മകുമാര്‍ നല്‍കുന്നത്.
‘ശബരിമല വിഷയത്തില്‍ ഇടതുമുന്നണിയുടെ ഇടപെടല്‍ തെറ്റിദ്ധരിക്കപ്പെട്ടു. ആ തെറ്റിദ്ധാരണമാറ്റണം. അങ്ങനെയെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ കോന്നി ഇടതുമുന്നണി തിരിച്ചുപിടിക്കും’- പത്മകുമാര്‍ പറഞ്ഞു.
‘ഉത്തരവാദപ്പെട്ടവര്‍ ഇക്കാര്യം ഗൗരവമായി ആലോചിക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല ബാധിച്ചു. കോന്നി ഉപതെരഞ്ഞെടുപ്പില്‍ അതുണ്ടാവരുതെ’ന്നും പത്മകുമാര്‍ പറഞ്ഞു.
ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ താന്‍പറഞ്ഞതായിരുന്നു ശരി എന്നതിന്റെ തെളിവാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ തോല്‍വിയെന്ന് പത്മകുമാര്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ പറഞ്ഞിരുന്നു.
നേരത്തെ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചതിനൊപ്പം സര്‍ക്കാര്‍ ശബരിമലവിഷയം കൈകാര്യം ചെയ്തരീതി ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുെമന്ന് സി.പി.ഐ.എം കോന്നി ഏരിയാ കമ്മറ്റി യോഗത്തിലും വിലയിരുത്തലുണ്ടായി.