| Saturday, 10th November 2018, 9:45 am

മാപ്പ് പറഞ്ഞാലും വല്‍സന്‍ തില്ലങ്കേരി നടത്തിയത് ആചാര ലംഘനം; കോടതി വിധിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശബരിമലയെ തകര്‍ക്കാന്‍: എ പത്മകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പമ്പ: ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി ശബരിമലയില്‍ നടത്തിയത് ആചാര ലംഘനം തന്നെയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. മാപ്പ് പറഞ്ഞാലും വല്‍സന്‍ തില്ലങ്കേരി നടത്തിയത് ആചാര ലംഘനം തന്നെയെന്ന് പത്മകുമാര്‍ വ്യക്തമാക്കി.

അതേസമയം, എല്ലാ പ്രായത്തിലും ഉള്‍പ്പെട്ട സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി ദേവസ്വം ബോര്‍ഡ് അംഗീകരിക്കുന്നു എന്നും പത്മകുമാര്‍ പറഞ്ഞു. കോടതി വിധി അനുസരിക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു.


വിധിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശബരിമലയെ തകര്‍ക്കാനാണെന്നും പത്മകുമാര്‍ പറഞ്ഞു. അതേസമയം, സമരാഹ്വാനത്തിന് അല്ലാതെ ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ ദാസ് പതിനെട്ടാം പടി ചവിട്ടിയത് പിഴവല്ലെന്ന് പത്മകുമാര്‍ വ്യക്തമാക്കി. ദേവസ്വം ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന ആഹ്വാനം ക്ഷേത്രങ്ങളെ തകര്‍ക്കാനാണെന്നും പത്മകുമാര്‍ പറഞ്ഞു.

അതേസമയം, ശബരിമലയില്‍ ആചാരലംഘനം നടത്തിയതായി വല്‍സന്‍ തില്ലങ്കേരി സമ്മതിച്ചിരുന്നു. ആചാരലംഘനത്തിന് പരിഹാര ക്രിയകള്‍ ചെയ്തെന്നും വല്‍സന്‍ തില്ലങ്കേരി പറഞ്ഞിരുന്നു. തന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പരിഹാര ക്രിയകള്‍ ചെയ്തതെന്നും വല്‍സന്‍ തില്ലങ്കേരി ചാനല്‍ ചര്‍ച്ചക്കിടെ പറഞ്ഞിരുന്നു.

വല്‍സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ എത്തുകയും പുറംതിരിഞ്ഞ് നിന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയുമാണ് ചെയ്തത്. പൊലീസ് മൈക്കിലൂടെയും വല്‍സന്‍ തില്ലങ്കേരിയുടെ പ്രസംഗം ഉണ്ടായിരുന്നു.


ശബരിമല സന്നിധാനത്തെ പതിനെട്ടാം പടിയെക്കുറിച്ചുള്ള ആചാരങ്ങള്‍ എന്താണെന്ന് അറിയില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും പറഞ്ഞിരുന്നു. ചോറൂണിനെത്തിയ അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീയ്ക്ക് നേരെ പ്രതിഷേധക്കാര്‍ പാഞ്ഞടുത്ത സംഭവത്തെ തുടര്‍ന്ന് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വല്‍സന്‍ തില്ലങ്കേരി.

Latest Stories

We use cookies to give you the best possible experience. Learn more