| Sunday, 26th May 2019, 1:19 pm

ശബരിമലയിലെ സ്വര്‍ണ്ണത്തില്‍ കുറവൊന്നും ഉണ്ടായിട്ടില്ല; അനാവശ്യവിവാദമെന്ന് എ.പത്മകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണ്ണത്തിലും വെള്ളിയിലും കുറവുണ്ടെന്ന് പറയുന്നത് അനാവശ്യവിവാദമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ.പത്മകുമാര്‍. ഒരു തരി സ്വര്‍ണ്ണം പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും ദേവസ്വം ബോര്‍ഡിന് വീഴ്ച്ച പറ്റിയിട്ടില്ലെന്നും എ.പത്മകുമാര്‍ പറഞ്ഞു.

എല്ലാത്തിനും കൃത്യമായ കണക്കുണ്ടെന്നും വിവാദത്തിന് പിന്നില്‍ മുന്‍ ഉദ്യോഗസ്ഥരെന്നും ദേവസ്വംബോര്‍ഡ് കുറ്റപ്പെടുത്തി.

40 കിലോ സ്വര്‍ണത്തിന്റെയും 100 കിലോ വെള്ളിയുടെയും കുറവാണ് കണ്ടെത്തിയത്. ഇതു സംബന്ധിച്ച് ദേവസ്വം വിജിലന്‍സിന് അടക്കം ചില പരാതികള്‍ ലഭിച്ചിരുന്നു.

ഓഡിറ്റിംഗിലാണ് ഇക്കാര്യം കണ്ടെത്തിയത്. അതേസമയം, സ്വര്‍ണവും വെള്ളിയും സ്‌ട്രോംങ് റൂമിലേക്ക് മാറ്റിയതിന് രേഖകളുമില്ല. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം നാളെ സ്‌ട്രോംഗ് റൂം തുറന്ന് പരിശോധന നടത്തും.

ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണ്ണത്തിലും വെള്ളിയിലും കുറവുണ്ടെന്ന് കണ്ടെത്തിയതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സംഭവം അതീവ ഗുരുതര വീഴ്ച്ചയാണെന്നാരോപിച്ച സുരേന്ദ്രന്‍ ഇത്ര ലാഘവത്തോടെയാണോ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും യുവതികളെ മലകയറ്റാന്‍ ജാഗ്രത കാണിക്കുന്ന മന്ത്രിക്കും പ്രസിഡണ്ടിനും ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ലേ ?എന്നും ചോദിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more