തിരുവനന്തപുരം: സുപ്രീം കോടതിയില്‍ കഴിഞ്ഞദിവസം സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണറോടുള്ള അതൃപ്തി തുറന്നുപറഞ്ഞ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. കോടതിയില്‍ സ്വീകരിച്ച നിലപാട് സംബന്ധിച്ച് കമ്മീഷണറോട് വിശദീകരണം തേടിയെന്നും പത്മകുമാര്‍ പറഞ്ഞു.
” നമ്മള്‍ സാവകാശ ഹരജിയാണ് കൊടുത്തത്. ആ സാവകാശ ഹരജിയുമായി ബന്ധപ്പെട്ടിട്ടാണ് വാദം നടത്തേണ്ടത്. എന്താണ് സംഭവിച്ചിട്ടുളളത് എന്നത് ഇന്നിപ്പോള്‍ കമ്മീഷണര്‍ വരുമ്പോള്‍ അറിയാം. കമ്മീഷണറില്‍ നിന്നും റിപ്പോര്‍ട്ടു ലഭിച്ചശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാം.” അദ്ദേഹം പറയുന്നു.
ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സാവകാശ ഹരജിയെക്കുറിച്ച് ഒരു കാര്യവും പറയാത്തതിലാണ് ദേവസ്വം ബോര്‍ഡ് അതൃപ്തി അറിയിച്ചിരിക്കുന്നത്.
അതേസമയം ശബരിമല വിധിയ്‌ക്കെതിരായ പുനപരിശോധനാ ഹരജികളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനൊപ്പം നില്‍ക്കുകയാണ് ദേവസ്വം ബോര്‍ഡ് കഴിഞ്ഞദിവസം ചെയ്തത്. ആര്‍ത്തവം ഇല്ലാതെ മനുഷ്യകുലത്തിന് നിലനില്‍പ്പില്ലെന്നും വ്യക്തിയ്ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനാവില്ലെന്നും ബോര്‍ഡിന് വേണ്ടി ഹാജരായ രാകേഷ് ദ്വിവേദി വാദിച്ചിരുന്നു.
ക്ഷേത്ര ആചാരങ്ങള്‍ ഭരണഘടനാ ധാര്‍മ്മികതയ്ക്ക് വിധേയം. ജൈവശാസ്ത്ര പരമായ കാരണങ്ങളാല്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ആകില്ല. സമൂഹത്തിന്റെ ഒരു മേഖലയിലും സ്ത്രീകളെ മാറ്റിനിര്‍ത്താന്‍ ആകില്ലെന്നും ദ്വിവേദി വാദിച്ചിരുന്നു.