| Wednesday, 6th September 2023, 8:39 am

എളുപ്പത്തില്‍ ജോലി സ്ഥലത്തെത്താന്‍ ചൈനാവന്‍മതിലിന്റെ ഒരു ഭാഗം തകര്‍ത്തു; അറസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: ലോകാത്ഭുതങ്ങളിലൊന്നായ ചൈനയിലെ വന്‍മതിലിന്റെ ഒരുഭാഗം പൊളിച്ച രണ്ട് തൊഴിലാളികള്‍ അറസ്റ്റില്‍. ജോലിക്ക് പോകാനുള്ള എളുപ്പ വഴിക്ക് വേണ്ടിയാണ് ഇവര്‍ മതിലിന്റെ ഒരു ഭാഗം തകര്‍ത്തത്. ഷാന്‍സ്‌കി പ്രവിശ്യയിലാണ് മതില്‍ പൊളിച്ചത്. സംഭവത്തില്‍ 38 വയസ്സുള്ള പുരുഷനെയും 55 വയസ്സുള്ള സ്ത്രീയെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ സി.സി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുവരും കുറ്റം സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മതില്‍ തകര്‍ക്കപ്പെട്ടതിന് സമീപത്ത് നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നവരാണ് ഇരുവരും. ഇരുവര്‍ക്കും ജോലി സ്ഥലത്തെത്താനുള്ള എളുപ്പ വഴിക്ക് വേണ്ടിയാണ് ലോകാത്ഭുതങ്ങളിലൊന്നായ ചൈന വന്‍മതിലിന്റെ ഒരു ഭാഗം തകര്‍ത്തിരിക്കുന്നത്. തകര്‍ക്കപ്പെട്ട മതിലിന്റെ ചിത്രം ഓദ്യോഗിക സുരക്ഷാ ഏജന്‍സികള്‍ പുറത്ത് വിട്ടിട്ടുണ്ട്.

ആഗസ്ത് 24നാണ് മതില്‍ തകര്‍ക്കപ്പെട്ടതിനെ കുറിച്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തകര്‍പ്പെട്ട ഭാഗത്തിന് സമീപം ജോലി ചെയ്യുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. മതില്‍ തകര്‍ക്കപ്പെട്ടതിലൂടെ പൈതൃകത്തിനും സാംസ്‌കാരിക അവിശിഷ്ടങ്ങളുടെ സുരക്ഷിതത്വത്തിനും പരിഹരിക്കാനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

1987ലാണ് ചൈനയിലെ വന്‍മതില്‍ യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ചത്. ബി.സി 220നും എ.ഡി. 1600കളിലെ മിങ് രാജവംശ കാലത്തിനുമടിയിലാണ് മതില്‍ നിര്‍മിച്ചിരിക്കുന്നത്. 2016ല്‍ ബീജിങ് ടൈംസ് പത്രത്തിന്റെ ഒരു റിപ്പോര്‍ട്ടനുസരിച്ച് ചൈന വന്‍മതിലിന്റെ 30 ശതമാനത്തിലധികം ഭാഗങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടതായും 8 ശതമാനം ഭാഗം മാത്രമേ പൂര്‍ണമായും സംരക്ഷിക്കപ്പെട്ടിട്ടുള്ളൂ എന്നും പറയുന്നുണ്ട്.

പുരാതന വാച്ച് ടവറുകള്‍ സ്ഥിതി ചെയ്യുന്ന ഭാഗങ്ങള്‍ മാത്രമാണ് പൂര്‍ണമായും സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. ചിലയിടങ്ങളില്‍ മണ്ണ് കൊണ്ട് നിര്‍മിച്ചിരുന്ന ഭാഗങ്ങള്‍ തകര്‍ന്ന് മതിലാണെന്ന് തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലായിട്ടുണ്ട്. മതില്‍ കടന്നുപോകുന്ന ചില ഗ്രാമപ്രദേശങ്ങളില്‍ കര്‍ഷകര്‍ വീടുകളും തൊഴുത്തുകളും നിര്‍മിക്കാനായി മതിലില്‍ നിന്നുള്ള കല്ലുകള്‍ ഇളക്കിയെടുത്തതും ലോകാത്ഭുതങ്ങളിലൊന്നായ മതിലിന്റെ തകര്‍ച്ചക്ക് കാരണമായതായി ബീജിങ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

content highlights: A part of the China wall was broken down to reach the work site easily; arrest

We use cookies to give you the best possible experience. Learn more