ലണ്ടന്‍: ഗസയില്‍ ഇസ്രഈല്‍ സൈന്യം നടത്തുന്ന ആക്രമണത്തില്‍ ഉടനെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി. വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് ഫലസ്തീന്‍ അനുകൂലികള്‍ ലണ്ടനിലെ ബ്രിട്ടീഷ് പാര്‍ലമെന്റിന് പുറത്ത് റോഡുകള്‍ തടഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാര്‍ലമെന്റിന് മുന്നിലുള്ള വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തിലൂടെ പ്രതിഷേധം നടത്തിയ ഫലസ്തീന്‍ അനുകൂലികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പാലത്തിലൂടെയുള്ള പ്രതിഷേധക്കാരുടെ പ്രവേശനം പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലത്തിലെ പ്രതിഷേധം പൊലീസ് തടഞ്ഞത് മൂലം നഗരത്തിലെ റോഡുകള്‍ പ്രതിഷേധക്കാര്‍ ഉപരോധിക്കാന്‍ കാരണമായെന്നും ദൃക്സാക്ഷികള്‍ ചൂണ്ടിക്കാട്ടി.
പ്രതിഷേധം സംബന്ധിച്ച് നഗരത്തില്‍ ചെറിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ലണ്ടനില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധം നടന്ന ഇടങ്ങളില്‍ സമരങ്ങള്‍ പാടില്ലെന്ന് മുമ്പേ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പൊലീസ് വിഷയത്തില്‍ പ്രതികരിച്ചു. പൊലീസ് നിയന്ത്രണത്തിന്റെ ഭാഗമായി ഉച്ചകഴിഞ്ഞ് 3 മണിയോടെ പ്രതിഷേധക്കാര്‍ സ്ഥലത്ത് നിന്ന് പിരിഞ്ഞുപോയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
നിലവിലെ ഔദ്യോഗിക കണക്കുകള്‍ ഇസ്രഈല്‍ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 22,313 ആയി വര്‍ധിച്ചുവെന്നും 57,296 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. 7,000ത്തിലധികം ഫലസ്തീനികളെ കാണാതായിട്ടുണ്ടെന്നും നിരവധി ആളുകള്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപോയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Content Highlight: A Palestinian solidarity rally blocked the bridge and roads near the British Parliament