|

വേദനയോടൊരു മടക്കം, ഉപജീവനത്തിനായി ഏഴ് വർഷം ജീവിച്ച മാൽപെ തുറമുഖത്തോട് വിട പറഞ്ഞ് ലക്കി ബായി

ജിൻസി വി ഡേവിഡ്

അതുവരെ ചിരിച്ചിരുന്ന മുഖങ്ങളൊക്കെയും തനിക്കെതിരായി മാറുമെന്ന് ലക്കി ബായി ഒരിക്കലും ചിന്തിച്ചിരുന്നില്ല. കൂടെയുണ്ടാകുമെന്ന് കരുതിയവരൊക്കെയും കയ്യൊഴിഞ്ഞ ആ ദിവസം അവർ കൃത്യമായി ഓർക്കുന്നുണ്ട്. സ്നേഹത്തോടെ ചിരിച്ചവർ തന്നെയായിരുന്നു അവരെ കെട്ടിയിട്ട് മർദിച്ചത്. അന്ന് ദേഹത്തേക്കാൾ നൊന്തത് മനസായിരുന്നെന്ന് ലക്കി ബായി പറയുന്നു. ഏഴ് ദിവസം മുമ്പായിരുന്നു ഉഡുപ്പിയിലെ മാൽപെ തുറമുഖത്ത് മോഷണം ആരോപിച്ച് ദളിത് യുവതിയെ ഒരു കൂട്ടം ആളുകൾ മരത്തിൽ കെട്ടിയിട്ട് ആക്രമിച്ചത്.

വേദനയോടൊരു മടക്കം, ഏഴ് വർഷം ഉപജീവനത്തിനായി കഴിഞ്ഞ മാൽപെ തുറമുഖത്തോട് വിട പറയുകയാണ് ലക്കി ബായി. കൂടെ നടന്നവർ, ചിരിച്ചവർ, ഒന്നിച്ച് പണിയെടുത്തവർ അസഭ്യം ചൊരിഞ്ഞ് ആക്രോശിക്കുകയും ആക്രമിക്കുകയും ചെയ്ത മാൽപെ തുറമുഖം തനിക്ക് പേടിപ്പെടുത്തുന്ന ഒരോർമയായി മാറിയെന്ന് വേദനയോടെ ലക്കി ബായി പറഞ്ഞു.

ഒരു സ്ത്രീയെ ഈ രീതിയിൽ കെട്ടിയിട്ട് ആക്രമിക്കുന്നത് മനുഷ്യത്വരഹിതവും അംഗീകരിക്കാനാവാത്തതുമാണ്. സംസ്കാരത്തിനും മാന്യതയ്ക്കും പേരുകേട്ട സംസ്ഥാനമാണ് കർണാടക, അത്തരം പെരുമാറ്റത്തിന് ഇവിടെ സ്ഥാനമില്ല

കെ.സിദ്ധരാമയ്യ

‘ഞാൻ കള്ളിയല്ല, പക്ഷേ ഈ തുറമുഖം അത് ഇനി വിശ്വസിക്കില്ല,’ വർഷങ്ങളായി താൻ ജീവിച്ചിരുന്ന ഇടത്തിൽ നിന്നും കള്ളിയെന്ന ഭാരവും പേറി സ്വന്തം ഗ്രാമമായ വിജയപുരയിലേക്ക് മടങ്ങേണ്ടി വരുന്ന വേദനയിൽ അവർ പറഞ്ഞു.

മാൽപെ തുറമുഖം

ദളിതുകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിന്റെ നേർക്കാഴ്ചയാണ് ലക്കി ബായിയുടെ അനുഭവം. മൽപേ തുറമുഖത്തെത്തുന്ന ബോട്ടുകളിൽ നിന്നും മത്സ്യം ഇറക്കുന്നതാണ് ലക്കി ബായിയുടെ ജോലി. ഏതൊരു സാധാരണ ദിവസത്തെയും പോലെ മാർച്ച് 18ന് ലക്കി ബായി മൽപേ തുറമുഖത്ത് എത്തുകയും തുറമുഖത്തെ ശ്രീ ആരാധന ബോട്ടിൽ നിന്ന് മത്സ്യം ഇറക്കുകയും ചെയ്തു. മത്സ്യം ഇറക്കി കഴിഞ്ഞാൽ അതിൽ നിന്ന് അല്പം ഭക്ഷണത്തിനായി എടുക്കുന്നത് തുറമുഖത്ത് സാധാരണയാണ്. എന്നത്തേയും പോലെ അന്നും ലക്കി ബായി അൽപം ചെമ്മീൻ തന്റെ കൊട്ടയിലേക്കിട്ടു.

എന്നാൽ ഇത് കണ്ട ഒന്ന് രണ്ട് സ്ത്രീകൾ ലക്കി ബായിയെ ചോദ്യം ചെയ്യാൻ തുടങ്ങി. തുറമുഖത്ത് ലക്കി ബായിയോടൊപ്പം ജോലി ചെയ്യുന്ന ലക്ഷ്മി, ശിൽപ തുടങ്ങിയവരായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. പിന്നാലെ തുറമുഖത്ത് മീൻ വിൽക്കുന്ന ആരാധന ബോട്ടിലെ ചന്ദ്ര, സുന്ദര തുടങ്ങിയവരും അവിടേക്കെത്തി ലക്കി ബായിയെ വിചാരണ ചെയ്യാൻ തുടങ്ങി.

‘നീ എവിടെ നിന്നോ ഞങ്ങളുടെ ഗ്രാമമായ മാൽപെയിൽ വന്ന് ഞങ്ങളുടെ മീൻ എടുക്കുകയാണോ’ എന്നവർ ആക്രോശിച്ചു. പരിചിതരിൽ നിന്നുണ്ടായ ഈ പെരുമാറ്റത്തിന്റെ ഞെട്ടൽ മാറുന്നതിന് മുന്നേ തന്നെ ലക്ഷ്മിയും സുന്ദരയും ചേർന്ന് തന്നെ ഒരു കയർ ഉപയോഗിച്ച് മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കാൻ തുടങ്ങിയെന്ന് ലക്കി ബായി പറഞ്ഞു.

‘അവർ എന്നെ ആക്രമിക്കുന്നെന്ന് ഞാൻ കരുതിയിരുന്നില്ല. എനിക്ക് ആരോടും പരാതിയില്ല, പരിഭവവുമില്ല. ആരും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം. ആറോ ഏഴോ വർഷമായി മൽപേ തുറമുഖമാണ് എനിക്ക് ഉപജീവനം തരുന്നത്. ഇനി ഇവിടെ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല. ഞാൻ എന്റെ ഗ്രാമത്തിലേക്ക് മടങ്ങുകയാണ്,’ വിജയ കർണാടകയോട് ലക്കി ബായി വേദനയോടെ പറഞ്ഞു.

തുറമുഖത്ത് നടക്കുന്ന ചെറിയ മോഷണങ്ങളെല്ലാം അവിടെ സാധാരണയായി കണക്കാക്കപ്പെടാറുണ്ട്, എന്നാൽ മോഷണം നടത്താതെ തന്നെ കള്ളിയായി മുദ്രകുത്തിയതിൽ നിസഹായത തോന്നുന്നതായി ലക്കി ബായി കൂട്ടിച്ചേർത്തു.

പ്രതികളായ ലക്ഷ്മി, സുന്ദര, ശില്പ

മൽപേ തുറമുഖത്ത് നടന്ന അതിക്രമത്തിന്റെ വീഡിയോ പ്രചരിച്ചതിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. മരത്തിൽ കെട്ടിയിട്ട നിലയിലുള്ള ലക്കി ബായിയെ അതി ക്രൂരമായി ലക്ഷ്മിയും സുന്ദരയും ശിൽപയും ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. താൻ മോഷണം നടത്തിയിട്ടില്ലെന്ന് ആവർത്തിച്ച് പറയുന്ന ലക്കി ബായിയുടെ മുഖത്ത് സ്ത്രീകളിലൊരാൾ അടിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലക്കി ബായിയെ ആക്രമിക്കുമ്പോഴോ ജാതീയമായി അധിക്ഷേപിക്കുമ്പോഴോ ആരും തന്നെ സഹായിക്കാൻ മുന്നോട്ട് വന്നില്ല.

സംഭവത്തിൽ വ്യാപകമായി പ്രതിഷേധം ഉയർന്നതോടെ പോലീസ് കേസ് എടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുഖ്യപ്രതിയായ ലക്ഷ്മി ബായി (58), സുന്ദര (40), ശിൽപ (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർക്കെതിരെ മാൽപെ പൊലീസ് സ്റ്റേഷനിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, സംഭവത്തിൽ ഇനിയും ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും പൊലീസ് സൂപ്രണ്ട് അരുൺ കുമാർ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

തനിക്ക് പരാതിയില്ലെന്നാണ് ലക്കി ബായി പറയുന്നത്. സംഭവത്തിൽ കേസ് വേണ്ടെന്ന് താനും അക്രമികളും തമ്മിൽ ധാരണയിലെത്തിയിരുന്നുവെന്ന് ലക്കി ബായ് വെളിപ്പെടുത്തി. പക്ഷേ ഉന്നത അധികാരികൾ പറഞ്ഞതിനാൽ താൻ പരാതി നല്കുകയായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. ‘സംഭവം ഉണ്ടായ ആ രാത്രിയിൽ, ഞങ്ങൾ സംസാരിച്ചിരുന്നു. കേസ് ഫയൽ ചെയ്യില്ലെന്ന് ഞാൻ സമ്മതിച്ചു. പക്ഷേ അധികാരികൾ പറഞ്ഞത് കാരണം ഞാൻ കേസ് ഫയൽ ചെയ്തു,’ ലക്കി ബായി പറഞ്ഞു.

കെ. സിദ്ധരാമയ്യ

സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഇത്തരമൊരു സംഭവം നടന്നത് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ‘കാരണം എന്തുതന്നെയായാലും, ഒരു സ്ത്രീയെ ഈ രീതിയിൽ കെട്ടിയിട്ട് ആക്രമിക്കുന്നത് മനുഷ്യത്വരഹിതവും അംഗീകരിക്കാനാവാത്തതുമാണ്. സംസ്കാരത്തിനും മാന്യതയ്ക്കും പേരുകേട്ട സംസ്ഥാനമാണ് കർണാടക, അത്തരം പെരുമാറ്റത്തിന് ഇവിടെ സ്ഥാനമില്ല,’ അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

തന്നെ ജാതീയമായി അധിക്ഷേപിച്ച, ആക്രമിച്ച വ്യക്തികൾക്കൊപ്പം ഇനിയും ജീവിക്കാൻ കഴിയില്ലെന്ന വ്യക്തത തന്നെയാണ് മാൽപെ വിട്ട് പോകാനുള്ള തീരുമാനം എടുക്കുക്കാൻ ലക്കി ബായിയെ പ്രേരിപ്പിച്ചത്. താൻ കള്ളിയല്ലെന്ന് ഒരിക്കൽ കൂടി ആവർത്തിച്ചുകൊണ്ട്, വിജയപുരയിലേക്ക് മടങ്ങുകയാണ് ലക്കി ബായി.

Content Highlight: A painful return, Lucky Bai bids farewell to the Malpe port where he spent seven years making a living

ജിൻസി വി ഡേവിഡ്

ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം