പത്തനംതിട്ട: ശബരിമല നടയടക്കുമെന്ന തന്ത്രിയുടെ തീരുമാനം ദേവസ്വം ബോര്‍ഡിന്റെ അറിവോടുകൂടിയാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍.
ശുദ്ധിക്രിയ നടത്താന്‍ പോകുന്നു എന്നാണ് മനസിലാക്കുന്നതെന്നും അവിടെ ദേവസ്വം ബോര്‍ഡിന്റെ മെമ്പറുണ്ടെന്നും അദ്ദേഹവുമായി സംസാരിച്ച് കാര്യങ്ങള്‍ ചെയ്യണമെന്നാണ് പറഞ്ഞതെന്നുമായിരുന്നു എ പദ്മകുമാറന്റെ മറുപടി. ബോര്‍ഡ് മെമ്പര്‍മാരുമായി ആലോചിച്ച് ദേവസ്വം ബോര്‍ഡ് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശുദ്ധിക്രിയ ദേവസ്വം ബോര്‍ഡിന്റെ അറിവോടെയാണോ എന്ന ചോദ്യത്തിന് ദേവസ്വം ബോര്‍ഡ് അറിഞ്ഞിട്ടല്ലല്ലോ യുവതികള്‍ കയറിയത് എന്നായിരുന്നു എ. പദ്മകുമാറിന്റെ മറുപടി. തന്ത്രി എന്ത് നിലപാട് സ്വീകരിക്കുന്നു എന്ന് നോക്കിയ ശേഷം എന്താണ് വേണ്ടതെന്ന് ഞങ്ങള്‍ ആലോചിക്കുമെന്നും പദ്മകുമാര്‍ പറഞ്ഞു.
ഇത് തീക്കളി; ഇതില്‍ പരം ഇനി ഒന്നും നടക്കാനില്ല; പിണറായി വിജയനെ താഴെയിറക്കിയിരിക്കുമെന്ന് പി.കെ ശശികല
യുവതികള്‍ കയറിയത് ആചാരലംഘനമാണ് എന്ന നിലപാടില്‍ തന്നെയാണ് താങ്കളും അല്ലേ? എന്ന ചോദ്യത്തിന് ഇല്ല ഇല്ല അതിനെ കുറിച്ച് ഞാന്‍ ഇപ്പോള്‍ ഒന്നും പറഞ്ഞില്ല എന്നായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്.
” യുവതികള്‍ കയറിയതിനെ സംബന്ധിച്ച് രണ്ട് ഭാഗമാണ് ഉള്ളത്. ഒന്ന് നിയമപ്രകാരം സുപ്രീം കോടതി വിധി നിലനില്‍ക്കുന്നുണ്ട്. മറ്റൊന്ന് ആചാരവുമായി ബന്ധപ്പെട്ട കാര്യം. ഈ രണ്ട് കാര്യങ്ങളും ആലോചിച്ച് മാത്രമേ ദേവസ്വം ബോര്‍ഡിന് നിലപാട് സ്വീകരിക്കാന്‍ കഴിയുകയുള്ളൂ.
അതിനെ കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ല”.
ഇനിയും യുവതികള്‍ എത്തിയാല്‍ ഓരോ ഘട്ടത്തിലും ശുദ്ധിക്രിയയും പരിഹാര ക്രിയയും ചെയ്യേണ്ടി വരുമോ എന്ന ചോദ്യത്തിന് അത് തന്ത്രിയുമായി ആലോചിക്കേണ്ട കാര്യമാണെന്നും തന്ത്രപരമായ കാര്യളില്‍ തനിക്ക് ധാരണയില്ലല്ലോയെന്നുമായിരുന്നു ദേവസ്വം പ്രസിഡന്റിന്റെ പ്രതികരണം.
യുവതീപ്രവേശനത്തോട് താങ്കള്‍ യോജിക്കുന്നു? അത് അനിവാര്യമായിരുന്നു, ഇക്കാലത്ത് യുവതികള്‍ ശബരിമലയില്‍ കയറുന്നതിന് തെറ്റില്ലെന്ന് താങ്കളും വിശ്വസിക്കുന്നു ? എന്ന്
അവതാരകന്‍ പറഞ്ഞപ്പോള്‍, ആവശ്യമില്ലാത്തത് എന്തിനാണ് പറയുന്നത്, ഞാന്‍ അത് പറഞ്ഞില്ല എന്ന് രൂക്ഷമായി പ്രതികരിക്കുകയായിരുന്നു ദേവസ്വം പ്രസിഡന്റ്.
“”നിങ്ങളുടെ വായില്‍ ഇരിക്കുന്നത് എന്റെ വായില്‍ തിരുകുന്നത് എന്തിനാണ്. എനിക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞല്ലോ. നിങ്ങളുടെ വായില്‍ ഇരിക്കുന്നത് നിങ്ങള്‍ വളച്ച് തിരിച്ച് എന്റെ അഭിപ്രായമാക്കി പറയേണ്ട””. എന്ന് പദ്മകുമാര്‍ മറുപടി നല്‍കിയപ്പോള്‍ വേണ്ട നിങ്ങളുടെ അഭിപ്രായം പറയൂ, ശബരിമലയില്‍ യുവതികള്‍ കയറുന്നത് ശരിയാണ്, ആ തീരുമാനത്തിത്തിനൊപ്പമാണ് താങ്കള്‍, അങ്ങനെ മനസിലാക്കട്ടേ? എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ ഫോണ്‍ കട്ടുചെയ്യുകയായിരുന്നു എ. പദ്മകുമാര്‍.