പത്തനംതിട്ട: ശബരിമലയിലേക്ക് എത്തിയ യുവതികള്‍ ഭക്തകളാണന്ന അഭിപ്രായം തനിക്കില്ലെന്ന് ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാര്‍. അവരുടെ ബോഡി ലാംഗ്വേജില്‍ നിന്ന് ഭക്തരാണെന്ന സൂചന ലഭിക്കുന്നില്ലെന്നായിരുന്നു ദേവസ്വം പ്രസിഡന്റിന്റെ പ്രതികരണം.
“”വളരെ പ്രധാനപ്പെട്ട ഈ സമയത്ത് ശബരിമലയിലേക്ക് എത്തിയ യുവതികള്‍ ഭക്തകളാണെന്ന അഭിപ്രായം തനിക്കില്ല. അവരുടെ ബോഡി ലാങ്ഗ്വേജില്‍ നിന്ന് ഭക്തരാണെന്ന സൂചന ലഭിക്കുന്നില്ല.
ശബരിമലയിലെത്തിയ യുവതികള്‍ ആക്റ്റിവിസ്റ്റുകളാണ്. നഷ്ടപ്പെട്ട് പോയ പ്രതാപം വീണ്ടെടുക്കാനുളള ചിലരുടെ ശ്രമമാണ് ഇതിന് പിന്നില്‍. ആക്റ്റിവിസ്റ്റുകളെ ഏത് കേന്ദ്രത്തില്‍ നിന്നാണ് പറഞ്ഞുവിടുന്നതെന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും എ. പദ്മകുമാര്‍ പറഞ്ഞു.
മണ്ഡലപൂജ അടുത്ത് വരുന്ന സമയത്ത് ഇത്തരം പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നത് നല്ലതല്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശാന്തമായി, സമാധാനപരമായി ശബരിമല ദര്‍ശനം നടന്നുവരികയായിരുന്നു. അതിനെ തകര്‍ക്കാനും നഷ്ടപ്പെട്ട് പോയിട്ടുളള പ്രതാപം വീണ്ടെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന സംശയമുണ്ട്.
പൊലീസ് തിരിച്ചുകൊണ്ടുവരുമെന്ന് ഉറപ്പുനല്‍കി: അതുകൊണ്ടാണ് മലയിറങ്ങാന്‍ തയ്യാറായതെന്ന് യുവതി
സര്‍ക്കാര്‍ തന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിനെ ശ്രദ്ധയോട് കൂടി സഹായിക്കാന്‍ ബാധ്യതപ്പെട്ട മറ്റുചില കേന്ദ്രങ്ങളുണ്ടല്ലോ, ശബരിമലയുടെ കാര്യത്തില്‍ ഇടപെട്ട് കൊണ്ടിരിക്കുന്ന ചില കേന്ദ്രങ്ങള്‍. അവര്‍ കൈ ഒഴിഞ്ഞ് സംസാരിക്കുന്നത് ശരിയല്ല. എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും എ. പദ്മകുമാര്‍ പറഞ്ഞു.
കുഴപ്പം വരുന്ന കാര്യങ്ങളൊക്കെ ദേവസ്വം ബോര്‍ഡ് കൈകാര്യം ചെയ്യാനും ബാക്കിയുളളതൊക്കെ തങ്ങള്‍ കൈകാര്യം ചെയ്യാനും എന്ന നിലപാടിനോട് യോജിപ്പില്ലെന്നും ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയെ പേരെടുത്ത് പറയാതെ പത്മകുമാര്‍ കുറ്റപ്പെടുത്തി.
കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗയും ഇന്ന് പുലര്‍ച്ചെയാണ് സന്നിധാനത്തേക്ക് യാത്രതിരിച്ചത്.
മല കയറിയ ഇരുവരെയും അപ്പാച്ചിമേട്ടില്‍ വച്ച് ശബരിമല കര്‍മസമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തിലെത്തിയ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു.
തുടര്‍ന്ന് കൂടുതല്‍ പൊലീസുകാര്‍ പമ്പയില്‍ നിന്നെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് ഇവരെ മുകളിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ ചന്ദ്രാനന്ദന്‍ റോഡിന് സമീപമെത്തിച്ച യുവതികളെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് തിരിച്ചിറക്കുകയായിരുന്നു.