അന്നദാനത്തിനുള്ള കരാര്‍ ആര്‍.എസ്.എസിനെന്നല്ല ഒരു സംഘടനയ്ക്കും നല്‍കിയിട്ടില്ല; പഴയ കഥകളൊന്നും ഇപ്പോള്‍ പറയുന്നില്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
Sabarimala women entry
അന്നദാനത്തിനുള്ള കരാര്‍ ആര്‍.എസ്.എസിനെന്നല്ല ഒരു സംഘടനയ്ക്കും നല്‍കിയിട്ടില്ല; പഴയ കഥകളൊന്നും ഇപ്പോള്‍ പറയുന്നില്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th November 2018, 11:22 am

പത്തനംതിട്ട: ശബരിമലയില്‍ അന്നദാനത്തിനുള്ള കരാര്‍ ദേവസ്വം ബോര്‍ഡ് സംഘപരിവാര്‍ അനുകൂല സംഘടനയ്ക്ക് നല്‍കിയെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍.

ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലും ഉത്തരവാദിത്തത്തിലും മാത്രമേ അന്നദാനം നടത്തുകയുള്ളൂവെന്നും സംഘപരിവാര്‍ സംഘടനകള്‍ക്ക് അന്നദാനത്തിന് കരാര്‍ കൊടുത്തെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും എ. പദ്മകുമാര്‍ പറഞ്ഞു.

“”ഇത്തവണ സന്നിധാനത്തിന് പുറമെ പന്തളം ചെങ്ങന്നൂര്‍ മേഖലകളില്‍ അന്നദാനം നടത്താനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇടത്താവളങ്ങളില്‍ പരമാവധി അന്നദാനം നടത്തണമെന്നാണ് ഉദ്ദേശിക്കുന്നത്. അന്നദാനവുമായി ബന്ധപ്പെട്ട് എന്തോ തര്‍ക്കം ഉയര്‍ന്നുവന്നിട്ടുണ്ടെന്നും കഴിഞ്ഞ കാലത്ത് ഏഴേ കാല്‍ കോടി രൂപ പഴയ പ്രസിഡന്റ് മുടക്കിയെന്നും പറഞ്ഞ് ചില വാര്‍ത്തകള്‍ വന്നതായാണ് കേട്ടത്.

കഴിഞ്ഞതിന്റെ മുന്‍പിലത്തെ വര്‍ഷത്തെ പന്തളത്ത് ഉള്‍പ്പെടെ നടന്നിട്ടുള്ള അന്നദാനത്തെ സംബന്ധിച്ച് ഞാന്‍ ഇപ്പോള്‍ കഥയൊന്നും പറയുന്നില്ല. ആവശ്യം വരികയാണെങ്കില്‍ അത് ഞാന്‍ പിന്നീട് പറയാം. സാധാരണ നിലയ്ക്ക് ദേവസ്വം ബോര്‍ഡും അയ്യപ്പ സേവാ സംഘം അയ്യപ്പസമാജം പോലെയുള്ള സംഘടനകളാണ് അന്നദാനം പോലെയുള്ള കാര്യങ്ങളില്‍ ഇടപെടാറുണ്ട്.


ഈ ഒത്തുതീര്‍പ്പ് ആത്മാഭിമാനമുള്ള ഒരു ബി.ജെ.പിക്കാരനും കഴിയില്ല: ശബരിമല സമരത്തില്‍ നിന്നും പിന്മാറാനുള്ള ബി.ജെ.പി തീരുമാനത്തിനെതിരെ വി. മുരളീധരന്‍; ബി.ജെ.പിയില്‍ പൊട്ടിത്തെറി


കഴിഞ്ഞ തവണ ആറേ കാല്‍ കോടി രൂപയാണ് അന്നദാനത്തിന് വേണ്ടി ചിലവഴിക്കപ്പെട്ടത്. ഇത്തവണ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നതാണ് തീരുമാനിച്ചത്. എന്നാല്‍ അതിനനുസരിച്ചുള്ള ഫണ്ട് ഇല്ലാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇവിടെ പല അപേക്ഷകളും വന്നു. ആന്ധ്ര,കര്‍ണാടക, തമിഴ് നാട് എന്നിവിടങ്ങളിലുള്ള ഒട്ടേറെ സംഘടനകളുടെ അപേക്ഷ വന്നെങ്കിലും ഞങ്ങള്‍ ആ അപേക്ഷ ഒന്നും എടുത്തിട്ടില്ല. അത് ദേവസ്വം ബോര്‍ഡിന്റെ കണ്ടീഷന്‍സ് അവര്‍ അംഗീകരിക്കാത്തതുകൊണ്ടാണ്.

ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലും ഉത്തരവാദിത്തത്തിലും മാത്രമേ അന്നദാനം നടത്തുകയുള്ളൂ എന്നതാണ് ഞങ്ങളുടെ തീരുമാനം. പക്ഷേ മറ്റുള്ളവരുടെ സഹായം ഇല്ലാതെ ചെയ്യാനും കഴിയില്ല. സാധാരണ ഗതിയില്‍ അന്നദാനത്തിനുള്ള പണം നമുക്ക് സംഘടനകളും വ്യക്തികളും ദേവസ്വം ബോര്‍ഡിന് തരുന്നുണ്ട്. അന്നദാന ഫണ്ടുമുണ്ട്. ആ ഫണ്ട് രൂപയായി തരുന്നതിന് പകരം സേവനമായി തരാം എന്ന് ചില സംഘടനകള്‍ പറഞ്ഞു. ആ സംഘടനകളുടെ സഹായം തേടിയെന്ന വസ്തുത ശരിയാണ്. അല്ലാതെ വാര്‍ത്തകളില്‍ കാണുന്ന പോലെ അന്നദാനത്തിന് കരാര്‍ കൊടുത്തെന്നും വമ്പിച്ച അഴിമതിയാണ് എന്നൊക്കെ പറയുന്നും തെറ്റാണ്. കഴിഞ്ഞ കാലത്ത് അതൊക്കെ നടത്തിയിട്ടുള്ളവര്‍ക്കേ അത് അറിയൂ ഞങ്ങളുടെ കാലത്ത് എന്തായാലും അത്തരം അഴിമതി് നടത്താന്‍ ഉദ്ദേശിക്കുന്നില്ല.””- എ. പദ്മകുമാര്‍ പറഞ്ഞു.