കലാമിനെ സ്‌നേഹിക്കുന്നവര്‍ അദ്ദേഹം ആഗ്രഹിച്ച പോലെ വധശിക്ഷ ഒഴിവാക്കുകയല്ലേ വേണ്ടത്?
Daily News
കലാമിനെ സ്‌നേഹിക്കുന്നവര്‍ അദ്ദേഹം ആഗ്രഹിച്ച പോലെ വധശിക്ഷ ഒഴിവാക്കുകയല്ലേ വേണ്ടത്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th July 2015, 4:08 pm

APJ-Abdul-Kalamമുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ വേര്‍പാട് രാജ്യത്തിന് തീരാനഷ്ടം തന്നെയാണ്. ശാസ്ത്രജ്ഞനെന്ന നിലയിലും അധ്യാപകനെന്ന നിലയിലും ഇന്ത്യന്‍ രാഷ്ട്രപതിയെന്ന നിലയിലും എ.പി.ജെ അബ്ദുല്‍ കലാമിന് തന്റേതായ വീക്ഷണങ്ങളുണ്ടായിരുന്നു. രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക രംഗത്ത് സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന്റെ വേര്‍പാടില്‍ രാജ്യം മുഴുവന്‍ ദുഃഖമാചരിക്കുമ്പോള്‍ നമ്മള്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ വീക്ഷണങ്ങളോട് കൂറു പുലര്‍ത്തേണ്ടതില്ലേ?

പറഞ്ഞു വരുന്നത് രാജ്യത്ത് നിലനില്‍ക്കുന്ന വധശിക്ഷാ രീതിയെ തന്നെയാണ്. വധശിക്ഷ അനുചിതമാണെന്നും അത് ഒഴിവാക്കണമെന്നുമുള്ള നിലപാടിനെ പിന്തുണയ്ക്കുന്ന ആളായിരുന്നു എ.പി.ജെ അബ്ദുല്‍ കലാം. രാഷ്ട്രപതിയായിരുന്ന നാളുകളില്‍ തനിക്ക് അഭിമുഖീകരിക്കേണ്ടിവന്ന ദയാഹര്‍ജികള്‍ തന്നെയാണ് അദ്ദേഹത്തെ വധശിക്ഷയ്ക്ക് എതിരാക്കി മാറ്റിയതും.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ദയാഹര്‍ജികളില്‍, അവയില്‍ പലതിലും സാമൂഹികവും സാമ്പത്തികവുമായ പക്ഷപാതിത്വമുണ്ടാവുമ്പോള്‍ അതില്‍ തീരുമാനമെടുക്കുമ്പോള്‍ താന്‍ ഏറെ പ്രയാസമനുഭവിച്ചിരുന്നുവെന്ന് കലാം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കല്‍ ഇന്ത്യന്‍ നിയമ കമ്മീഷന്‍ വധശിക്ഷയെ കുറിച്ച് അഭിപ്രായ ശേഖരണം നടത്തിയപ്പോള്‍ വധശിക്ഷ ഒഴിവാക്കുന്നതിനെ പിന്തുണച്ച ചുരുക്കം ആളുകളില്‍ ഒരാളായിരുന്നു അദ്ദേഹം.

“കോടതികള്‍ നല്‍കുന്ന വധശിക്ഷാ വിധികളെ അംഗീകരിക്കുക എന്നുള്ളതായിരുന്നു ഞാന്‍ രാഷ്ട്രപതിയായിരുന്നപ്പോള്‍ നേരിട്ട ഏറ്റവും പ്രയാസമേറിയ പ്രശ്‌നങ്ങളിലൊന്ന്. അതിലെറെ അത്ഭുതം ഇത്തരത്തില്‍ തീരുമാനമെടുക്കാത്ത വധശിക്ഷകളില്‍ പലതിനും സാമൂഹ്യവും സാമ്പത്തികവുമായ പക്ഷപാതിത്വങ്ങളുണ്ടായിരുന്നു എന്നുള്ളതാണ്. ഇത് കുറ്റകൃത്യങ്ങളില്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടില്ലാത്ത, കുറ്റകൃത്യം ചെയ്യുന്നതിന് നേരിട്ട് ഉദ്ദേശ്യങ്ങളില്ലാതിരുന്ന ആളെയാണ് നമ്മള്‍ ശിക്ഷിക്കുന്നത് എന്ന തോന്നല്‍ എന്നിലുണ്ടാക്കിയിരുന്നു.” തന്റെ പുസ്തകമായ ” ടേണിങ് പോയിന്റ്‌സ്” ഉദ്ദരിച്ചുകൊണ്ട് അദ്ദേഹം പറയുകയുണ്ടായി.

എന്നിരുന്നാലും പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് നിസ്സംശയം ഉറപ്പിച്ച ഒരു കേസില്‍ താന്‍ വധശിക്ഷ ശരിവെച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. കൊല്‍ക്കത്തയില്‍ 18 വയസ്സുകാരിയായ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ധനഞ്ജയ് ചാറ്റര്‍ജിയെയാണ് അദ്ദേഹം ഇവിടെ ഉദ്ദേശിച്ചത്. എന്നിരുന്നാലും വധശിക്ഷയോട് മുഖം തിരിക്കാന്‍ ആഗ്രഹിച്ച വ്യക്തിയായിരുന്നു അബ്ദുല്‍ കലാം.

അദ്ദേഹത്തിന്റെ വാക്കുകള്‍ കൊട്ടിഘോഷിക്കപ്പെടുമ്പോഴും. നേട്ടങ്ങള്‍ അയവിറക്കി അഭിമാനംകൊള്ളുമ്പോഴും ഒരു തരത്തില്‍ നിങ്ങള്‍ അദ്ദേഹത്തോട് അനീതികാണിക്കുകയാണ് ചെയ്യുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. രാജ്യത്തിന്റെ വികസനം സ്വപ്‌നം കണ്ട വ്യക്തിയെ മാനിക്കേണ്ടത് അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളെ സാക്ഷാത്കരിച്ചുകൊണ്ടാണ്. നിയമങ്ങള്‍ക്ക് മുന്നില്‍ നീതിപുലരണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുവെങ്കില്‍ ആ നീതി നടപ്പാക്കിക്കൊണ്ടല്ലേ അദ്ദേഹത്തോടുള്ള കൂറ് പുലര്‍ത്തേണ്ടത്?