| Friday, 9th October 2020, 11:01 am

ഹോട്ടലില്‍ വെച്ച് എ.പി അബ്ദുള്ളക്കുട്ടിക്ക് നേരെ കയ്യേറ്റമുണ്ടായിട്ടില്ല: ഹോട്ടല്‍ മാനേജര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൊന്നാനി: ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിക്ക് നേരെ വെളിയങ്കോട് വെച്ച് കയ്യേറ്റമുണ്ടായെന്ന വാദം തള്ളി ഹോട്ടല്‍ മാനേജര്‍ രംഗത്ത്. ഹോട്ടലില്‍ നിന്നും ഇറങ്ങുന്ന സമയത്ത് രണ്ട് പേര്‍ മനപ്പൂര്‍വ്വം പ്രശനമുണ്ടാക്കി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നായിരുന്നു അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നത്. ഈ വാദങ്ങളോട് പ്രതികരിക്കുകയായിരുന്നു ഹോട്ടല്‍ മാനേജര്‍.

പൊന്നാനി ഹോട്ടലില്‍ നിന്നും ഇറങ്ങുന്ന സമയത്ത് അബ്ദുള്ളക്കുട്ടിക്ക് നേരെ കയ്യേറ്റമുണ്ടായിട്ടില്ലെന്നാണ് ഹോട്ടല്‍ മാനേജര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചത്. അതേസമയം പുറത്തുവെച്ച് കയ്യേറ്റം നടന്നിട്ടുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘അബ്ദുള്ളക്കുട്ടി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ സമയത്ത് അപ്പുറത്തെ മേശയില്‍ മൂന്ന് പേരുണ്ടായിരുന്നു. അവരുമായി ഒരു വര്‍ത്തമാനവുമുണ്ടായിട്ടില്ല. അവരും ഭക്ഷണം കഴിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. വേറെ ഒന്നും കടയുടെ ഉള്ളില്‍ നിന്നോ പുറത്ത് നിന്നോ ഉണ്ടായിട്ടില്ല. ഞങ്ങള്‍ കണ്ടിട്ടുമില്ല. കടയില്‍ വെച്ച് ഒരു പ്രശ്‌നവും നടന്നിട്ടില്ലെന്ന് നൂറ് ശതമാനവും ഉറപ്പാണ്. പിന്നെ പുറത്ത് എന്തെങ്കിലും നടന്നോ എന്ന് ശ്രദ്ധിക്കാനുള്ള സമയമുണ്ടായിരുന്നില്ല. അതുകൊണ്ട് അവിടെ വെച്ച് എന്തെങ്കിലും നടന്നോ എന്നറിയില്ല.’ മാനേജര്‍ പറഞ്ഞു.

രണ്ട് പേര്‍ കയ്യേറ്റം ചെയ്യാന്‍  ശ്രമിച്ചെന്ന് കഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടി പൊന്നാനി സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.

ഈ സംഭവത്തിന് ശേഷം രണ്ടത്താണിയില്‍ വെച്ച് താന്‍ സഞ്ചരിച്ച കാറിന് നേരെയും അപായപ്പെടുത്താനുള്ള ശ്രമം നടന്നതായി അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. കാറിന്റെ പിന്നില്‍ ലോറികൊണ്ട് ഇടിക്കുകയായിരുന്നും എന്നാണ് അബ്ദുള്ളക്കുട്ടി പരാതിയില്‍ പറയുന്നത്.

കാറിന് പിന്നില്‍ രണ്ട് തവണ ലോറി കൊണ്ടിടിച്ചു. കാറിന്റെ ഒരു ഭാഗം തകര്‍ന്നെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. അപായശ്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വിശദമായി അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരേക്കുള്ള യാത്രക്കിടയിലായിരുന്നു സംഭവം. മലപ്പുറം ജില്ലയിലെ രണ്ടത്താണിയില്‍ വെച്ച് രാത്രിയോടെയാണ് അപായപ്പെടുത്താന്‍ ശ്രമമുണ്ടായത്.

പൊന്നാനിയില്‍ വെച്ച് ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ഒരു സംഘം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോറികൊണ്ടിടിക്കുന്ന സംഭവമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കെ.എല്‍ 65എം. 6145 എന്ന രജിസ്ട്രേഷിനിലുള്ള ലോറിയാണ് ഇടിച്ചത്. എന്നാല്‍ വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങി പോയെന്നാണ് ലോറി ഡ്രൈവര്‍ നല്‍കുന്ന വിശദീകരണം.

സംഭവത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അപലപിച്ചു. അപകടം ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച എല്ലാ പ്രധാന കേന്ദ്രങ്ങളിലും ബി.ജെ.പി പ്രതിഷേധം സംഘടിപ്പിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: A P Abdullakutty’s claims of being attacked in Hotel in Ponnani rejected by Hotel  Manager

We use cookies to give you the best possible experience. Learn more