കത്തുന്ന വേനലില്‍ 'പാലൊഴുകും അരുവി'യുടെ കുളിരുതേടാം
Travel Diary
കത്തുന്ന വേനലില്‍ 'പാലൊഴുകും അരുവി'യുടെ കുളിരുതേടാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th April 2019, 7:22 pm

ചരിത്രമുറങ്ങുന്ന ഒരു വെള്ളച്ചാട്ടത്തിന്റെ മടിത്തട്ടിലേയ്ക്ക് യാത്രതിരിക്കാം. ഏതൊരു സഞ്ചാരിയുടേയും മനം കുളിര്‍പ്പിക്കുന്ന കാഴ്ച്ചകളാണ് പാലരുവിയെന്ന ഇക്കോ ടൂറിസം കേന്ദ്രം ഒരുക്കിവെച്ചിരിക്കുന്നത്.
കൊല്ലം ജില്ലയിലെ പേരുകേട്ട ഇക്കോടൂറിസം കേന്ദ്രമാണ് പാലരുവി. മനുഷ്യസ്പര്‍ശമേല്‍ക്കാത്ത ഉള്‍ക്കാടുകളില്‍ നിന്നും ഒഴുകിയെത്തുന്നപാലുപോലെയുള്ള അരുവിയായതുകൊണ്ടാകും ഇതിനെ പാലരുവി എന്നു വിളിയ്ക്കുന്നത്.

പണ്ട് രാജഭരണക്കാലത്ത് തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ ഒഴിവുകാലം ആസ്വദിക്കാന്‍ ഇവിടെയെത്തിരുന്നു. പാലരുവിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ ഇവിടെയെത്തിയ അവര്‍ നിര്‍മ്മിച്ച കല്‍മണ്ഡപങ്ങള്‍ അതിനു സാക്ഷികളാണ്.

ഒരു വണ്‍ഡോ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവര്‍ക്ക് എന്തുകൊണ്ടും തെരഞ്ഞെടുക്കുാവുന്ന ഒരിടമാണ് പാലരുവി.
കൊല്ലം ജില്ലയിലെ ആര്യങ്കാവിലാണ് പാലരുവി സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കരയില്‍ നിന്നുമെല്ലാം ചെങ്കോട്ട വഴി ഇവിടേയ്ക്ക് ധാരാളം ബസ് സര്‍വ്വീസുണ്ട്. സ്വന്തം വാഹനത്തിലാണ് എത്തുന്നതെങ്കില്‍ വെള്ളച്ചാട്ടത്തിന് അടുത്തുവരെ പ്രത്യേക പാസോടുകൂടി പോകാം.

കാടിനുള്ളില്‍ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടത്തിലേയ്ക്ക് എത്തണമെങ്കില്‍ 4 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടതുണ്ട്. ഇത് വനംവകുപ്പിന്റെ ബസില്‍ ആയിരിക്കും. കുട്ടികള്‍ക്ക് 25 രൂപയും മുതിര്‍ന്നവര്‍ക്ക് 50 രൂപയുമാണ് ഫീസ്.

വനത്തിനുള്ളിലൂടെയുള്ള ഈ ബസ് യാത്രയും അതിമനോഹരമാണ്. സിംഹവാലന്‍ കുരങ്ങ്, വിവിധതരം ചിത്രശലഭങ്ങള്‍ എല്ലാം ഈ യാത്രയില്‍ നിങ്ങള്‍ക്ക് കാണാം. വെള്ളച്ചാട്ടത്തിനടുത്ത് വരെ ബസ് ചെല്ലും.

മൂന്നൂറ് അടി ഉയരത്തില്‍നിന്നുമാണ് ഈ വെള്ളച്ചാട്ടം ഭുമിയില്‍ പതിയ്ക്കുന്നത്. ഇങ്ങനെ ശക്തമായി വെള്ളം വീണിടം ഇപ്പോള്‍ വലിയൊരു ജലായശമായി രൂപം കൊണ്ടിരിക്കുന്നു. അപകടസാധ്യത തീരെയില്ലാത്തതിനാല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇവിടെയിറങ്ങാം.

വെള്ളച്ചാട്ടത്തിനോട് ചേര്‍ന്ന് തന്നെയാണ് കല്‍മണ്ഡപവും കുതിരലായവും ഒക്കെ സ്ഥിതിചെയ്യുന്നത്. 16 കാല് മണ്ഡപമൊക്കെ ഇവിടെയുണ്ടായിരുന്നുവത്രേ. എന്നാല്‍ 93ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ അതൊക്കെ നശിച്ചുപോയി. ശരിക്കും ആ വെള്ളപ്പൊക്കത്തിന്റെ ബാക്കി അവശേഷിപ്പുകളാണ് ഈ കാണുന്നവയൊക്കെ.

ഇവിടുത്തെ മറ്റൊരു ആകര്‍ഷണം 125 വര്‍ഷം പഴക്കമുള്ള തേക്കാണ്. മാത്രമല്ല ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കായി ചെറിയ രീതിയില്‍ ട്രെക്കിംഗും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. നിലവില്‍ ഉള്‍ക്കാട്ടിലേ്ക്ക് 2 കിലോമീറ്റര്‍ മാത്രമാണ് ട്രക്കിംഗ് സാധ്യമാകു.

രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയാണ് സന്ദര്‍ശന സമയം. യാത്രയ്ക്ക് വേണ്ട വെള്ളവും ഭക്ഷണവും കയ്യില്‍ കരുതണം. വെള്ളച്ചാട്ടം ഉള്‍ക്കാട്ടിലാതുകൊണ്ട് കടകളോ മറ്റു സൗകര്യങ്ങളോ ലഭിക്കില്ല.

പാലരുവിയുമായി ബന്ധപ്പെട്ട ഏത് അന്വേഷണങ്ങള്‍ക്കും വനംവകുപ്പിന്റെ പാലരുവി ഇക്കോ ടൂറിസം ഓഫീസുമായി ബന്ധപ്പെടാം. നമ്പര്‍- 0475-2211200.

ഒരു വണ്‍ഡേ ട്രിപ്പാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ പാലരുവി അതിന് ബെസ്റ്റ് ചോയ്സാണ്. ഉറപ്പ്,