തിരുവനന്തപുരം: ഒന്നര വയസുള്ള കുഞ്ഞിന് ഡ്രിപ്പിടാന് കുത്തിയ സൂചി ഒടിഞ്ഞ് കാലില് തറച്ചു. നെയ്യാറ്റിന്കര സര്ക്കാര് ആശുപത്രിയിലാണ് സംഭവം നടന്നത്. തുടര്ന്ന് കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റുകയും സര്ജറി ചെയ്ത് സൂചി പുറത്തെടുക്കുകയുമായിരുന്നു. പനി ബാധിച്ച് ചികിത്സ തേടിയെത്തിയതായിരുന്നു കുട്ടി. അരുവിപ്പുറം സ്വദേശികളായ ദമ്പതികളുടേതാണ് കുഞ്ഞ്. ഡ്രിപ്പിടാനായി ആദ്യം കയ്യില് സൂചി കുത്തിയെങ്കിലും മാതാപിതാക്കള് കുഞ്ഞിന് വേദനിക്കുന്നു എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില് കാലില് കുത്തുകയായിരുന്നു.
തുടര്ന്ന് സൂചി ഒടിഞ്ഞത് ശ്രദ്ധയില്പ്പെട്ട മാതാപിതാക്കള് ഡോക്ടറുടെ ശ്രദ്ധയില്പ്പെടുത്തുകയായിരുന്നു. ഡോക്ടര് തന്നെയാണ് കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റാന് നിര്ദേശിച്ചതെന്നും മാതാപിതാക്കള് പറയുന്നു. ആശുപത്രിയിലെ നേഴ്‌സുമാര് മോശമായി പെരുമാറിയെന്നും, കുഞ്ഞിന്റെ കാലിലും സൂചി കുത്തരുതെന്ന് പറഞ്ഞെങ്കിലും അവര് കേട്ടില്ലെന്നും കുഞ്ഞിന്റെ മാതാവ് പറഞ്ഞു.