|

എമ്പുരാന്‍ അവളുടെ കഥയാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇത് അവളുടെ കഥയാണ്. ലൂസിഫറില്‍ കാര്യമായിട്ടൊന്നും ചെയ്യാനില്ലാതെ ഇരുന്ന ദുര്‍ബലമായ ഒരു കഥാപാത്രമായിട്ടാണ് മഞ്ജു വാര്യരുടെ പ്രിയദര്‍ശിനി രാംദാസ് നിറഞ്ഞു നിന്നത്. അവിടെ നിന്ന് എമ്പുരാന്‍ എന്ന ഇന്ത്യന്‍ സിനിമയെ മുന്നോട്ടേക്ക് കൊണ്ടുപോകുന്ന ഒരു നറേറ്റിവിലാണ് പ്രിയദര്‍ശിനി രാംദാസ് നില്‍ക്കുന്നത്.

സിനിമ ഒരുപാട് ലോകങ്ങളിലൂടെ കടന്നുപോയി വികസിച്ച് നില്‍ക്കുമ്പോള്‍ ഇനി മുന്നോട്ടേയ്ക്ക് എങ്ങനെയാണ് എന്ന ഒരു ആകാംക്ഷ വരുന്നുണ്ട്. ആ ആകാംക്ഷയെ മുന്നോട്ടേക്ക് കൊണ്ടുപോകുന്നത് മഞ്ജു വാര്യരുടെ പ്രിയദര്‍ശിനി രാമദാസ് എന്ന കഥാപാത്രത്തിലൂടെയാണ്.

സാധാരണ മാസ്സ് മസാല പടങ്ങളില്‍ പേരിന് മാത്രം ഒരു നായികയെ വെച്ച് ആനയ്ക്ക് നെറ്റിപ്പട്ടം എന്നപോലെ കൊണ്ട് നടക്കുകയാണ് പതിവ്. എന്നാല്‍ ഇവിടെ ഓരോ ആളുകള്‍ക്കും വളരെ കൃത്യമായിട്ട് റോളുകളും ഡയലോഗുകളും കൊടുത്തു ഒരു സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വിരാജ് സുകുമാരന്‍ എത്ര മനോഹരമായിട്ടാണ് ഈ സിനിമയെ കൊണ്ടുപോയിട്ടുള്ളത് ഈ സിനിമ കണ്ടു തന്നെയാണ് നിങ്ങള്‍ വിലയിരുത്തേണ്ടത്. അല്ലാതെ ബ്ലോഗര്‍മാര്‍ പറയുന്നതും നിങ്ങളുടെ സ്‌നേഹിതന്മാര്‍ പറയുന്നതും ഒന്നും നോക്കിയിട്ടല്ല സിനിമയെ വിലയിരുത്തേണ്ടത്.

സിനിമ തുടങ്ങുമ്പോള്‍ ടൈറ്റില്‍ കാര്‍ഡ് വരുമ്പോള്‍ അതിന്റെ ബാക്ക്ഗ്രൗണ്ടില്‍ ഇത് ആരുടെ സിനിമയെന്ന് വളരെ കൃത്യമായി മുരളി ഗോപി പറയുന്നുണ്ട്. പിതാവിനും പുത്രനും ഇടയിലെ തമോ ഗോളത്തിന്റെ എമ്പുരാനായി മോഹന്‍ലാലിനെ അവതരിപ്പിക്കുന്ന ഇന്‍ട്രോ സീന്‍ ഒന്നുകൊണ്ടുമാത്രം തന്നെ പൃഥ്വിരാജ് സുകുമാരന്റെ സിനിമയോടുള്ള ഭ്രാന്ത് എന്താണെന്ന്, സിനിമയെ കുറിച്ചുള്ള സ്വപ്‌നം എന്താണെന്ന് നമുക്ക് കാണിച്ചു തരുന്നുണ്ട്.

മഞ്ജു വാര്യര്‍ | Screenshot from Empuraan Trailer

ആ ഭ്രാന്തിനെ അതേപടി ഒപ്പിയെടുത്ത് സുജിത്ത് വാസുദേവ് കൂടെ നിന്നപ്പോള്‍ ഇത് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് ഒരു പുതിയ അനുഭവമായിരുന്നു. ലൂസിഫര്‍ എന്ന നാട്ടിന്‍പുറ രാഷ്ട്രീയത്തില്‍ നിന്ന് രാജ്യവും കടന്നു ആഗോള രാഷ്ട്രീയത്തിന്റെയും സാമ്പത്തിക രാഷ്ട്രീയത്തിന്റെയും കഥ പറയുന്ന, ലൂസിഫറിന്റെ കഥ പറയുന്ന സിനിമയാണ് എമ്പുരാന്‍.

എമ്പുരാന്റെ ഓരോ നിമിഷവും രോമാഞ്ചജനകമാണ്.

അല്ലാഹു നിങ്ങളെ രക്ഷിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്ന ഒരു മുസല്‍മാനോട് രാമന്‍ നിങ്ങളെയും രക്ഷിക്കട്ടെ എന്ന് തിരിച്ചു പ്രാര്‍ത്ഥിക്കുന്ന ഒരു സ്ത്രീയിലൂടെ അവരുടെ നിശ്ചയദാര്‍ഢ്യത്തിലൂടെ കഥ പറഞ്ഞു തുടങ്ങുന്ന സിനിമ. സിനിമയുടെ ഗതി എന്തായിരിക്കുമെന്ന് പ്രേക്ഷകര്‍ക്ക് സൂചന നല്‍കുന്ന നിരാലംബയായ മറ്റൊരു വയോവൃദ്ധ.

Nikhat Khan | Screenshot from Empuraan Trailer

സ്തീകഥാപാത്രങ്ങളുടെ ഉള്ളുലയ്ക്കുന്ന ജീവിത നിമിഷങ്ങളിലൂടെ മുന്നോട്ട് പോകുന്ന സിനിമ മറ്റൊരു സ്ത്രീയുടെ രംഗപ്രവേശത്തിലാണ് അവസാനിക്കുന്നത്. വില്ലന്റെയും. സിനിമയുടെ മൂന്നാം ഭാഗത്തില്‍ രണ്ട് ആഗോള പാരലല്‍ സംവിധാനത്തിന്റെ കഥ തീര്‍ച്ചയായും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

എമ്പുരാന്റെ ഓരോ നിമിഷവും രോമാഞ്ചജനകമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തെ, അതിന്റെ യാഥാര്‍ത്ഥ്യത്തെ, ഭീകരതയെ, ഭരിക്കുന്ന പാര്‍ട്ടികളുടെ ഭൂതകാലത്തെ അവരുടെ മനസ്സിലിരിപ്പിനെ നിഷിതമായി വിമര്‍ശിച്ചു കൊണ്ടുതന്നെയാണ് സിനിമയുടെ കഥാഗതി മുന്നോട്ടേക്ക് പോകുന്നത്.

സാധാരണ മനുഷ്യരുടെ പച്ചയായ യാഥാര്‍ത്ഥ്യത്തെ മുന്‍നിര്‍ത്തി രാഷ്ട്രീയ നേതൃത്വങ്ങളെ കണക്കിന് വിമര്‍ശിക്കുന്നുണ്ട് സിനിമ. മുരളി ഗോപി എന്ന എഴുത്തുകാരന്‍ യാഥാര്‍ത്ഥ്യങ്ങളെ തെല്ലും മറച്ചുവെക്കാതെ അവതരിപ്പിക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം എങ്ങനെയായിരിക്കുമെന്ന് അധികാരത്തിന്റെ അന്ധകാരനാഴിയില്‍ ഇരിക്കുന്നവരോട് പരിഹാസരൂപേണ പറയുന്നുമുണ്ട്. അത് ഞങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയേ ഉള്ളൂ എന്ന് പഞ്ഞുവെക്കുന്നു സിനിമ.

വാല്‍ക്കഷണം:പ്രിയദര്‍ശിനിയെ അവതരിപ്പിച്ച രീതിയെയൊക്കെ ബ്ലോഗര്‍മാര്‍ക്ക് തമാശയായിട്ടാണ് തോന്നിയത്. അവരുടെ കോസ്റ്റ്യൂംസിനെ ഒക്കെ നന്നായി വിമര്‍ശിക്കുന്നുണ്ടായിരുന്നു. ബ്ലോഗര്‍മാരെ കണ്ടുകൊണ്ടായിരിക്കാം ലൂസിഫറില്‍ എന്റെ തന്തയല്ല നിന്റെ തന്ത എന്ന ഡയലോഗ് പറഞ്ഞുവെച്ചത്.

CONTENT HIGHLIGHTS: A note on female characters in Empuran, including Manju Warrier‘s