ന്യൂദല്‍ഹി: രാജ്യത്ത് ഒമിക്രോണിന്റെ പുതിയ ഉപവകഭേദം കണ്ടെത്തി. ഒമിക്രോണിന്റെ ഉപ വകഭേദമായ ബി.എ 4 വകഭേദമാണ് കണ്ടെത്തിയത്. ജനിതക പരിശോധനയ്ക്കുള്ള ലാബുകളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സകോഗസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മെയ് ഒമ്പതിന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഹൈദരാബാദിലെത്തിയ രോഗിയിലാണ് ഒമിക്രോണ്‍ ഉപ വകഭേദം കണ്ടെത്തിയത്.
ഇദ്ദേഹത്തിന് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.
ഒമിക്രോണിന്റെ ആദ്യവകഭേദങ്ങളാണ് ഇന്ത്യയില്‍ മൂന്നാം തരംഗത്തിന് കാരണമായത്. ബി.എ. 4, ബി.എ 5 വകഭേദങ്ങളാണ് ഇത്.
അതേസമയം ഇന്ത്യയില്‍ 2,259 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗികളുടെ എണ്ണം 4,31,31,822 ആയി. സജീവ കേസുകള്‍ 15,044 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
20 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 5,24,323 ആയി ഉയര്‍ന്നു.
Content Highlights: A new subspecies of Omicron has been discovered in the country