| Tuesday, 23rd April 2024, 10:48 am

ഇന്ത്യയില്‍ ഒരു പുതിയ പുടിന്‍ വളര്‍ന്നുവരികയാണ്; മോദിക്കെതിരെ ശരദ് പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമരാവതി: ഇന്ത്യയിലെ മുന്‍ പ്രധാനമന്ത്രിമാര്‍ ഒരു പുതിയ ഇന്ത്യയെ സൃഷ്ടിക്കാനാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും എന്നാല്‍ നിലവിലെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി മറ്റുളളവരെ വിമര്‍ശിക്കുക മാത്രമാണ് ചെയ്യുന്നതെന്നും എന്‍.സി.പി നേതാവ് ശരദ് പവാര്‍. കഴിഞ്ഞ പത്തു വര്‍ഷമായി ജനങ്ങള്‍ക്കു ചെയ്ത കാര്യങ്ങളെക്കുറിച്ച് മോദി സംസാരിക്കുന്നില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.

മഹാ വികാസ് അഘാഡി സ്ഥാനാര്‍ഥിയുടെ പ്രചരണ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പവാര്‍. ‘ജവഹര്‍ലാല്‍ നെഹ്റു നല്‍കിയ സംഭാവനകളെ ചോദ്യം ചെയ്യാന്‍ കഴിയില്ലന്നും’ അദ്ദേഹം പറഞ്ഞു.

‘പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം ഇന്ദിരാ ഗാന്ധി മുതല്‍ രാജീവ് ഗാന്ധി, നരസിംഹറാവു, മന്‍മോഹന്‍ സിംഗ് വരെയുള്ള എല്ലാ പ്രധാനമന്ത്രിമാരുടെയും പ്രവര്‍ത്തനം ഞാന്‍ കണ്ടു. അവരുടെ ശ്രമങ്ങള്‍ പുതിയ ഇന്ത്യയെ സൃഷ്ടിക്കാനായിരുന്നു, എന്നാല്‍ നിലവിലെ പ്രധാനമന്ത്രി വിമര്‍ശിക്കുക മാത്രമാണ് ചെയ്യുന്നത്’ ശരദ് പവാര്‍ പറഞ്ഞു.

ചില ബി.ജെ.പി നേതാക്കള്‍ ഭരണഘടന മാറ്റുന്നതിനെ കുറിച്ചു പരസ്യമായി സംസാരിച്ചെന്നും സ്വേച്ഛാധിപത്യം രൂപപ്പെടാന്‍ അനുവദിക്കരുതെന്നും പവാര്‍ പറഞ്ഞു. ഭയം സൃഷ്ടിക്കാനും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ അനുകരിക്കാനുമാണ് മോദി ശ്രമിക്കുന്നതെന്നും പവാര്‍ പറഞ്ഞു.

2019 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി നവനീദ് റാണയെ പിന്തുണച്ചതില്‍ അമരാവതിയിലെ ജനങ്ങളോട് താന്‍ ക്ഷമാപണം നടത്തുകയാണെന്നും പവാര്‍ പറഞ്ഞു.’കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, ഞാന്‍ ജനങ്ങളുടെ പിന്തുണ തേടുകയും വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഞാന്‍ അപേക്ഷിച്ച സ്ഥാനാര്‍ത്ഥിയെ ജനങ്ങള്‍ തെരഞ്ഞെടുത്തു. ആ തെറ്റ് തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ അദ്ദേഹം പറഞ്ഞു

കോണ്‍ഗ്രസില്‍ നിന്നുള്ള വാങ്കഡെയാണ് ശിവസേന(യു.ബി.ടി), എന്‍.സി.പി(ശരദ് ചന്ദ്ര പവാര്‍), കോണ്‍ഗ്രസ് എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡി സ്ഥാനാര്‍ഥിയായി തെരെഞ്ഞടുപ്പില്‍ മത്സരിക്കുന്നത്.

മുന്‍കാലങ്ങളിലേതുപ്പോലെ കോണ്‍ഗ്രസുമായും എന്‍.സി.പിയുമായും(എസ്) ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ഉദ്ധവ് താക്കറുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ തീരുമാനത്തേയും അദ്ദേഹം പ്രശംസിച്ചു.

Content Highlight: A New Putin Is In The Making In India”: Sharad Pawar On PM Modi

We use cookies to give you the best possible experience. Learn more