| Thursday, 18th May 2023, 11:22 pm

അടുത്ത രണ്ട്-മൂന്ന് മാസത്തിനുള്ളില്‍ കര്‍ണാടകയില്‍ പുതിയ രാഷ്ട്രീയ വികാസം സംഭവിക്കും: കുമാരസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ രണ്ട്-മൂന്ന് മാസം കൊണ്ട് പുതിയ രാഷ്ട്രീയ മാറ്റങ്ങളുണ്ടാകുമെന്ന് മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായിരുന്ന എച്ച്.ഡി. കുമാരസ്വാമി. ബി.ജെ.പി സര്‍ക്കാരിന്റെ കൊള്ളകള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചന്നപട്ടണയില്‍ വെച്ച് നടന്ന ഒരു പരിപാടിയില്‍ തോല്‍വിയില്‍ നിരാശരാകേണ്ടെന്നും അദ്ദേഹം അണികളോട് പറഞ്ഞു.

‘കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചതില്‍ ഇപ്പോള്‍ പേടിക്കേണ്ട. രണ്ട്-മൂന്ന് മാസത്തിനുള്ളില്‍ പുതിയ രാഷ്ട്രീയ വികാസങ്ങള്‍ സംഭവിക്കും.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സങ്കടം തോന്നേണ്ട കാര്യമില്ല. ഇത്തരത്തിലുള്ള തോല്‍വി പാര്‍ട്ടിക്ക് പുതുതല്ല. ആത്മാര്‍ത്ഥമായി പണിയെടുക്കുന്ന പ്രവര്‍കത്തകര്‍ക്കൊപ്പം ദൈവം എപ്പോഴുമുണ്ടായിരിക്കും. തെരഞ്ഞെടുപ്പ് ഫലത്തില്‍ എല്ലാവരും വലിയ ആശങ്കയിലാണ്,’ അദ്ദേഹം പറഞ്ഞതായി സിയാസത് റിപ്പോര്‍ട്ട് ചെയ്തു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ കുറച്ചു കൂടി ശക്തരാകണമെന്നും വരുന്ന ദിവസങ്ങളില്‍ പാര്‍ട്ടി കൂടുതല്‍ ശക്തമാകുമെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

അതേസമയം കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന പരിപാടികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.

‘പുതിയ സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന പരിപാടികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എളുപ്പമല്ല. അവര്‍ക്ക് അതിന് വേണ്ടി 70,000 മുതല്‍ 80,000 കോടി വരെ ഫണ്ട് ആവശ്യമായി വരും. ഈ പണത്തിന് വേണ്ടി അവര്‍ എവിടെ പോകും. മറ്റുള്ള വികസന പരിപാടികള്‍ക്ക് അവര്‍ എവിടെ നിന്ന് പണം സ്വരൂപിക്കും,’ കുമാരസ്വാമി ചോദിച്ചു.

തങ്ങള്‍ക്ക് 19 സീറ്റ് ലഭിച്ചിട്ടുണ്ടെന്നും കര്‍ഷകര്‍ക്ക് വേണ്ടി പോരാടാനുള്ള കരുത്ത് അതാണെന്നും കുമാരസ്വാമി പറഞ്ഞു.

content highlight: A new political development will happen in Karnataka in the next two-three months: Kumaraswamy

We use cookies to give you the best possible experience. Learn more