ധാക്ക: ആഭ്യന്തര കലാപത്തെ തുടര്‍ന്ന് കലുഷിതമായ ബംഗ്ലാദേശില്‍ ആഗസ്ത് 8ന് പുതിയ ഇടക്കാല സര്‍ക്കാര്‍ നിലവില്‍ വരും. നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറായിരിക്കും നാളെ നിലവില്‍ വരിക. മുഹമ്മദ് യൂനുസ് വ്യാഴാഴ്ച സത്യപ്രതിഞ്ജ ചെയ്യുമെന്ന് ബംഗ്ലാദേശ് ആര്‍മി ചീഫ് ജനറല്‍ വക്കാര്‍ ഉസ്മാന്‍ പറഞ്ഞു.
നിലവില്‍ പാരീസിലുള്ള മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ വൈകീട്ട് 8 മണിക്കായിരിക്കും അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. അദ്ദേഹത്തിന്റെ ഉപദേശക സംഘത്തില്‍ 15 അംഗങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതേസമയം മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയും നിര്‍ണായക നീക്കങ്ങളുമായി രംഗത്തുണ്ട്. എല്ലാ മതങ്ങളെയും അംഗീകരിക്കുന്ന ഒരു ജനാധിപത്യ ബംഗ്ലാദേശ് രൂപീകരിക്കുമെന്ന് തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഉടന്‍ അവര്‍ പറഞ്ഞിരുന്നു. മാത്രവുമല്ല അവരുടെ നേതൃത്വത്തില്‍ ധാക്കയില്‍ വലിയ റാലികളും നടക്കുന്നുണ്ട്.
അതേസമയം ആഭ്യന്തര കലാപത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നിലവില്‍ ഇന്ത്യയില്‍ തുടരുകയാണ്. യു.എസ്, യു.കെ. ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ അവര്‍ അഭയം ആഗ്രഹിച്ചിരുന്നെങ്കിലും ഇരു രാജ്യങ്ങളും അഭയം നല്‍കാന്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷെയ്ഖ് ഹസീന കുറച്ചുകാലം കൂടി ഇന്ത്യയില്‍ തന്നെ തുടരുമെന്നാണ് അവരുടെ മകന്‍ സജീബ് വാസേദ് ജോയ് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ഹസീനയുടെ ഉപദേശകന്‍ കൂടിയായിരുന്ന സജീബ് വാസേദ് ജോയ്. നിലവില്‍ അമേരിക്കയില്‍ കഴിയുന്ന അദ്ദേഹം ഒരു ന്യൂസിലാന്റ് മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഇന്ത്യയല്ലാതെ മൂന്നാമതൊരു രാജ്യത്ത് ഷെയ്ഖ് ഹസീന അഭയം തേടാന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാമതൊരു രാജ്യത്ത് അഭയം തേടാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്തകള്‍ കിംവദന്തികളാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാമതൊരു രാജ്യത്ത് അഭയം തേടുന്നതിനെ കുറിച്ച് അവര്‍(ഷെയ്ഖ് ഹസീന) തീരുമാനമെടുത്തിട്ടില്ല. ഇതെല്ലാം കിംവദന്തികളാണ്. അവര്‍ കുറച്ചുകാലംകൂടി ദല്‍ഹിയില്‍ തങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്റെ സഹോദരി അവര്‍ക്കൊപ്പമുണ്ട്,’ സജീബ് വാസേദ് പറഞ്ഞു. ദല്‍ഹി ആസ്ഥാനമായിട്ടുള്ള ലോകാരോഗ്യ സംഘടനയുടെ തെക്ക് കിഴക്കന്‍ ഏഷ്യ രാജ്യങ്ങളുടെ റീജിയണല്‍ ഡയറക്ടറാണ് ഷെയ്ഖ് ഹസീനയുടെ മകളായ സൈമ വാസേദ്.
തിങ്കളാഴ്ചയാണ് ഷെയ്ഖ് ഹസീന ആഭ്യന്തര കലാപത്തെ തുടര്‍ന്ന് രാജിവെച്ച് ഇന്ത്യയിലേക്ക് വന്നത്. പിന്നീടവര്‍ യു.എസിലോ യു.കെയിലോ അഭയം തേടുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും അവരെ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. തുടര്‍ന്നാണ് അവര്‍ ഇന്ത്യയില്‍ തന്നെ തുടരുന്ന അവസ്ഥയുണ്ടായത്.
വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഏറ്റവും കൂടുതല്‍ കാലം ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനക്ക് രാജിവെക്കേണ്ടി വന്നത്. സൈന്യം കൂടി കൂറുമാറിയതോടെ അവര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതെ രാജ്യംവിടേണ്ടി വരികയായിരുന്നു.
content highlights: A new government will be established tomorrow in Bangladesh under the leadership of Muhammad Yunus