സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഗവേഷകര്‍ കേരള തീരത്തു നിന്നും ഭക്ഷ്യയോഗ്യമായ പുതിയ മത്സ്യത്തെ കണ്ടെത്തി. കേരള അര്‍ജന്റീന്‍ എന്ന് പേരിട്ടിരിക്കുന്ന, വെള്ളിയുടെ നിറവും വെളുത്ത മാംസവുമുള്ള മല്‍സ്യ ഇനം 300 മുതല്‍ 600 മീറ്റര്‍ വരെ ആഴത്തില്‍ ചെളിനിറഞ്ഞ പ്രദേശത്താണ് കണ്ടെത്തിയത്.
സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ യുടെ ശാസ്ത്രജ്ഞനായ ബിനീഷ് കെ കെ പറയുന്നതനുസരിച്ചു ഈ മത്സ്യ വിഭാഗത്തെ ഇന്ത്യയില്‍ തന്നെ ആദ്യമായാണ് കണ്ടെത്തുന്നത്. കൊല്ലം ജില്ലയുടെ കടലോര പ്രദേശത്തു നിന്നുമാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്.
സമുദ്രത്തിനു അടിഭാഗത്തു താമസിക്കുകയും കടല്‍ത്തറയില്‍ നിന്നും ഇരതേടുകയും ചെയ്യുന്ന വിഭാഗമാണ് കേരളം അര്‍ജന്റീന്‍. മിതോഷ്ണ കാലാവസ്ഥയുള്ള കടല്‍ ജലമാണ് ഇവയുടെ ആവാസ വ്യവസ്ഥ.
പന്ത്രണ്ടു മുതല്‍ പതിനാറ് സെന്റി മീറ്റര്‍ വരെ നീളം കാണുന്ന ഇവയ്ക്കു ശരീരത്തിന് ആപേക്ഷികമായി വലിയ തലയും ചെറിയ കണ്ണുകളുമാണുള്ളത്. ശരീരത്തിന്റെ ഇരുവശത്തും കറുത്ത വരകളും കാണാം.