| Wednesday, 16th October 2024, 7:22 pm

ശ്വസിക്കാം, ആശ്വസിക്കാം; തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയ്ക്ക് പുതിയ മുഖം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: റെയില്‍വേ ഗതാഗതത്തെ ആശ്രയിക്കുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത. പുതിയ മുഖവുമായി തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് യാത്ര തുടങ്ങി. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന ട്രെയിനാണ് തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി.

പുതിയ കോച്ചുകളുമായാണ് ജനശതാബ്ദി എക്‌സ്പ്രസ് വീണ്ടും യാത്ര ആരംഭിച്ചിരിക്കുന്നത്. എല്‍.ഇ.ഡി ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജ് പോയിന്റുകള്‍, ഫാനുകള്‍, വൃത്തിയുള്ള ആധുനിക ബയോ-ടോയ്ലറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ജനശതാബ്ദി എക്‌സ്പ്രസിലുള്ളത്.

15 സെക്കന്റ് ക്ലാസ് കോച്ചുകളും മൂന്ന് എ.സി കോച്ചുകളും നിലവില്‍ എക്‌സ്പ്രസിലുണ്ട്. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതിയ കോച്ചുകള്‍ നിര്‍മിച്ചിരിക്കുന്നത്. അപകടങ്ങളുണ്ടായാല്‍ വലിയ രീതിയില്‍ തകരാറുകള്‍ സംഭവിക്കാത്ത വിധത്തിലുള്ളതാണ് കോച്ചുകളുടെ നിര്‍മാണം.

ഭാരക്കുറവുള്ള ലോഹഭാഗങ്ങള്‍കൊണ്ടാണ് കോച്ചുകള്‍ നിര്‍മിച്ചിരിക്കുന്നത്. അതിവേഗത്തില്‍ യാത്ര ചെയ്യാനാകും എന്നതാണ് ഇതിന്റെ ഗുണം. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഓടുന്ന രീതിയിലാണ് പുതിയ എല്‍.എച്ച്.ബി കോച്ചുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

നേരത്തെയുള്ള കോച്ചുകള്‍ 100 ഡെസിബെല്‍ ശബ്ദം പുറപ്പെടുവിക്കുമ്പോള്‍ പുതിയ ഓരോ കോച്ചും പരമാവധി 60 ഡെസിബെല്‍ ശബ്ദം മാത്രമേ പുറപ്പെടുവിക്കൂവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വായു സഞ്ചാരവും സ്ഥല സൗകര്യങ്ങളുമുള്ള കോച്ചുകള്‍ ലഭിച്ചതില്‍ സന്തോഷവും ആശ്വാസവുമുണ്ടെന്നും യാത്രക്കാര്‍ പ്രതികരിച്ചു. കാലങ്ങളായി യാത്രക്കാര്‍ ഉന്നയിക്കുന്ന ആവശ്യമാണ് സൗകര്യങ്ങളോട് കൂടിയ കോച്ചുകള്‍.

അതേസമയം പുതിയ കോച്ചുകളുടെ സീറ്റ്, വിന്റോ എന്നിവയുടെ ക്രമീകരണത്തില്‍ യാത്രക്കാര്‍ അതൃപ്തിയും പ്രകടിപ്പിക്കുന്നുണ്ട്.

ഇതിനുപുറമെ തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, എറണാകുളം ബെംഗളൂരു ഇന്റര്‍സിറ്റി, മലബാര്‍, മാവേലി, പരശുറാം തുടങ്ങിയ ട്രെയിനുകളിലും മാറ്റങ്ങള്‍ വേണമെന്ന് യാത്രക്കാര്‍ കുറച്ച് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്. കാലപ്പഴക്കമുള്ള കോച്ചുകള്‍ പുനര്‍ക്രമീകരണം എന്നാണ് യാത്രക്കാരുടെ ആവശ്യം.

Content Highlight: A new face for Thiruvananthapuram-Kannur Janastabdi

Video Stories

We use cookies to give you the best possible experience. Learn more