| Tuesday, 5th April 2022, 4:27 pm

ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ പുതിയ കൂട്ടായ്മ; സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി രൂപീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഇടപെടലുകള്‍ക്കെതിരെ പുതുതായി പൗരകൂട്ടായ്മയ്ക്ക് രൂപം നല്‍കി. സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി എന്ന പേരിലാണ് പുതിയ കൂട്ടായ്മ രൂപീകരിച്ചത്. ഇതിന്റെ പ്രഖ്യാപന സമ്മേളനം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ച് നടന്നു.

എഴുത്തുകാരി ഡോ. സി.എസ് ചന്ദ്രിക പ്രഖ്യാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ സംവിധായകന്‍ ജിയോ ബേബിയായിരുന്നു സമ്മേളനത്തിലെ മുഖ്യാതിഥി.

കൂടംകുളം സമര നായകനും ആക്ടിവിസ്റ്റുമായ ഡോ എസ്.പി. ഉദയകുമാര്‍ മുന്‍ ജഡ്ജ് എസ്. സുദീപ്, പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി ഇടുക്കി, ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളായ ശീതള്‍ ശ്യാം, ഫൈസല്‍ ഫൈസു, ആക്ടിവിസ്റ്റ് എം. സുല്‍ഫത്ത്, കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സി.എസ് രാജേഷ്, ഗൂസ്‌ബെറി ബുക്‌സ് & പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ സതി അങ്കമാലി, എഴുത്തുകാരി ഷമീന ബീഗം, കവി ഡി. അനില്‍ കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

‘ഭരണഘടനയും ജനാധിപത്യവും മാത്രമല്ല മതനിരപേക്ഷത, ബഹുസ്വരത, എല്ലാവരേയും ഉള്‍ക്കൊള്ളുന്ന രാഷ്ട്ര സങ്കല്‍പ്പം, നിഷ്പക്ഷമായ നീതിവാഴ്ച, നിയമവ്യവസ്ഥ എന്നിങ്ങനെ ജനാധിപത്യം വിഭാവനം ചെയ്യുന്ന മൂല്യ സങ്കല്‍പ്പങ്ങളെല്ലാം എക്കാലത്തേയും വലിയ വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടുകൊണ്ടിരിക്കുന്നു.

തീവ്ര വലത്-വര്‍ഗീയ രാഷ്ട്രീയം രാജ്യത്തെ ഇനി തിരിച്ചെടുക്കാനാകാത്ത വിധം ജീര്‍ണതയിലേക്ക് എത്തിച്ചിരിക്കുന്നു എന്നത് ഇന്ത്യയെ സ്‌നേഹിക്കുന്നവര്‍ക്ക് പകരുന്നത് അപരിഹാര്യമായ ആശങ്കയാണ്. ദശാബ്ദങ്ങളിലൂടെ നാം ആര്‍ജിച്ചെടുത്ത വികസന മുന്നേറ്റത്തില്‍ നിന്നും രാജ്യം ബഹുദൂരം പിന്നാക്കം പോയിരിക്കുന്നു.

പട്ടിണി മുതല്‍ മാധ്യമ സ്വാതന്ത്ര്യത്തില്‍ വരെ ലോക സ്ഥിതിവിവരക്കണക്കുകളില്‍ രാജ്യം നാണക്കേടിന്റെ പര്യായമായിരിക്കുന്നു. രാജ്യത്തെ ജനങ്ങളെ ഐക്യത്തിന്റെ ചരടില്‍ കോര്‍ക്കുന്ന സാഹോദര്യത്തിന്റെ നൂലുകളെല്ലാം പൊട്ടിച്ചെറിയപ്പെട്ടിരിക്കുന്നു. ദല്‍ഹി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും തലസ്ഥാനമായിരിക്കുന്നു.

ഹിന്ദുത്വ പ്രത്യയശാസ്ത്രം ഛിന്നഭിന്നമാക്കിയ ഇന്ത്യയെ തിരിച്ചു പിടിക്കേണ്ടത് ചരിത്ര നിയോഗമാണ്, കാലത്തിന്റെ അനിവാര്യതയാണ്. അത്യന്തം ഭീഷണമായ ഈ കാലത്തെ നാം അതിജീവിച്ചേ തീരൂ,’ സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

പാര്‍ലമെന്ററി ജനാധിപത്യമല്ലാതെ മറ്റൊരു ബദല്‍ രാഷ്ട്രീയസംവിധാനം നമുക്കു സ്വീകാര്യമായി നിലവിലില്ലെന്നും എന്നാല്‍ ജനാധിപത്യത്തിന് സംഭവിച്ചിട്ടുള്ള അപചയത്തെ രാഷ്ട്രീയമായി മറികടക്കാനും അതിനെ മുന്നോട്ടു കൊണ്ടുപോകാനും കഴിയുന്ന ഒരു പൗരസമൂഹ പ്രസ്ഥാനം അനിവാര്യമാണെന്ന ചിന്തയില്‍ നിന്നാണ് ഈ കൂട്ടായ്മ രൂപീകരിക്കപ്പെട്ടതെന്നും കുറിപ്പില്‍ വ്യക്തമാക്കി.

ജാതി-മത-വര്‍ഗ-വര്‍ണ-ലിംഗ ഭേദങ്ങള്‍ക്കതീതമായി ചിന്തിക്കുന്ന പൗരസമൂഹ കൂട്ടായ്മയാണിതെന്നും രാഷ്ട്രീയ പാര്‍ട്ടിയാകാതെയും അധികാര രാഷ്ട്രീയത്തില്‍ പ്രവേശിക്കാതെയും ഒരു തിരുത്തല്‍ ശക്തിയായും സാമൂഹിക പ്രതിപക്ഷമായും നിലകൊള്ളുന്ന കൂട്ടായ്മയാണ് അത് വിഭാവനം ചെയ്യുന്നതെന്നും കുറിപ്പില്‍ പറയുന്നു.

മുഖ്യധാരാ സമൂഹത്തില്‍ നിന്നും പുറത്താക്കപ്പെട്ട ആദിവാസികള്‍, ദളിതര്‍, തോട്ടം തൊഴിലാളികള്‍, മത്സ്യതൊഴിലാളികള്‍, പിന്നാക്ക – മതന്യൂനപക്ഷ വിഭാഗങ്ങള്‍, സ്ത്രീകള്‍, ലൈംഗിക-ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ ഇരയാക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളെയാണ് സവിശേഷമായി സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി ഉള്‍കൊള്ളുന്നതെന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight:  A new civic body was formed against the interference of Hindutva politics

We use cookies to give you the best possible experience. Learn more