| Tuesday, 31st August 2021, 4:08 pm

കമ്മ്യൂണിസം പതിയിരിക്കുന്ന അപകടം; 'അന്തര്‍ദേശീയ സ്വയംഭോഗ ദിനം' ആചരിച്ചത് ഒടുവിലത്തെ ഉദാഹരണം; ക്യാമ്പയിനുമായി സമസ്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കമ്മ്യൂണിസം അടക്കമുള്ള ആശയങ്ങള്‍ക്കെതിരെ ക്യാമ്പയിനുമായി സമസ്ത. കമ്മ്യൂണിസം പതിയിരിക്കുന്ന അപകടമാണെന്നും ഇത് തിരിച്ചറിയാന്‍ കഴിയേണ്ടതുണ്ടെന്നും സമസ്ത ക്യാമ്പയിനെ കുറിച്ച് വിശദീകരിക്കുന്ന ലേഖനത്തില്‍ പറഞ്ഞു.

സമസ്ത നേതാവും ദാറുല്‍ ഹുദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സുപ്രഭാതം പത്രത്തിലും ചന്ദ്രിക പത്രത്തിലും എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

‘ലൈറ്റ് ഓഫ് മിഹ്റാബ്’ എന്ന പേരില്‍ സുന്നി മഹല്ല് ഫെഡറേഷനാണ് മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന് നേതൃത്വം നല്‍കുന്നത്. മുസ് ലിങ്ങള്‍ക്കിടയില്‍ കമ്മ്യൂണിസത്തിന്റെ ഗൗരവം തമസ്‌കരിക്കപ്പെട്ട് അതു കേവലമൊരു രാഷ്ട്രീയ ആശയമായി മാറിക്കൊണ്ടിരിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു.

അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റുകള്‍ ദൈവവിശ്വാസികളല്ല, നിഷേധികളാണെന്ന വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്. മാര്‍ക്സും ഏംഗല്‍സും മുതല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വരെ അതു സുതരാം വ്യക്തമാക്കിയതാണ്. ‘കമ്മ്യൂണിസം ആരംഭിക്കുന്നിടത്ത് നിരീശ്വരത്വവും ആരംഭിക്കുന്നു’വെന്നാണ് മാര്‍ക്സിന്റെ വീക്ഷണം. ലിബറല്‍ ധാര്‍മികതയാണ് കമ്മ്യൂണിസത്തിന്റെ ആശയം. സ്വതന്ത്ര ലൈംഗികതയെ വരെ അവര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും സമസ്ത പറയുന്നു.

കമ്മ്യൂണിസ്റ്റ് വിദ്യാര്‍ഥി സംഘടന ‘അന്തര്‍ദേശീയ സ്വയംഭോഗ ദിനം’ സജീവമായി ആചരിച്ചത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. മാന്യതയുള്ളവര്‍ പറയാന്‍പോലും താല്‍പര്യപ്പെടാത്ത കാര്യങ്ങള്‍ പൊതുഇടങ്ങളില്‍ ആഘോഷിക്കാന്‍ മടിയില്ലാത്തവിധം ഇവരുടെ മനസിനെ വികൃതമാക്കിയത് ഇത്തരം ലിബറല്‍ കാഴ്ചപ്പാടുകളാണ്. പതിയിരിക്കുന്ന അപകടമാണ് കമ്മ്യൂണിസം എന്ന് തിരിച്ചറിയാന്‍ നമുക്കു കഴിയേണ്ടതുണ്ടെന്നും ക്യാമ്പയിന്‍ വിശദീകരിക്കുന്ന ലേഖനത്തില്‍ പറയുന്നു.

കമ്മ്യൂണസത്തിന് പുറമെ മതവിശ്വാസത്തെ എതിര്‍ക്കുന്ന ആശയങ്ങള്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയുമാണ് സമസ്ത രംഗത്ത് എത്തി. സമൂഹത്തില്‍ യുക്തിവാദവും നിരീശ്വരവാദവും സ്വതന്ത്രചിന്തയും സന്നിവേശിപ്പിക്കാനുള്ള ഗൂഢശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണെന്നും ഇസ്‌ലാം വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുകയും സംഘ്പരിവാര്‍ വാദങ്ങള്‍ അതേപടി പകര്‍ത്തുകയും ചെയ്യുന്ന യുക്തിവാദികള്‍ പുതുതലമുറയില്‍ വലിയ സ്വാധീനമുണ്ടാക്കുന്നുണ്ടെന്നും സമസ്ത ആരോപിച്ചു.

അസത്യങ്ങളും അര്‍ധസത്യങ്ങളും വിളമ്പി ആളുകളെ തെറ്റിധരിപ്പിക്കുകയാണവര്‍. ദൈവമില്ല, മതമില്ല എന്ന വാദം സ്വീകരിക്കുന്നതോടുകൂടി ആരോടും കടപ്പാടില്ലാത്ത, വ്യക്തിപരമായ നിയന്ത്രണങ്ങളില്ലാത്ത, ചിട്ടകള്‍ പാലിക്കേണ്ടതില്ലാത്ത ഒരു ‘സര്‍വതന്ത്ര’ ലോകമാണ് യുക്തിവാദികളും നിരീശ്വരവാദികളും സ്വതന്ത്ര ചിന്തകരും സ്വപ്നം കാണുന്നത്.

ഏറ്റവും കുറഞ്ഞ ചിലവില് ലൈവ് ട്യൂഷന് ക്ലാസിനായി ഇപ്പോള് തന്നെ ഡൗണ്ലോഡ് ചെയ്യൂ…

‘മതം സ്വാതന്ത്ര്യത്തെ ഹനിക്കുന്നു; എന്റെ സ്വാതന്ത്ര്യമാണ് എനിക്ക് പ്രധാനം’ എന്നതാണ് അവരുടെ മുദ്രാവാക്യം. വ്യക്തിയുടെ അന്തസ്സ്, കുടുംബത്തിന്റെ കെട്ടുറപ്പ്, സമൂഹത്തിന്റെ ക്രമം എന്നിവയെ എല്ലാം ഈ കാഴ്ചപ്പാട് സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാകില്ല. ‘എനിക്ക് തോന്നുന്നത് ഞാന്‍ ചെയ്യും’ എന്ന ചിന്ത സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല. സ്വന്തം മാതാക്കളോടും സഹോദരിമാരോടും വരെ ലൈംഗിക ബന്ധമാവാം എന്നു പരസ്യമായി പറയുന്നവരാണ് യുക്തിവാദികള്‍ എന്നും സമസ്ത ആരോപിച്ചു.

അതേസമയം തങ്ങളുടെ ക്യാമ്പയിന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എതിരെയല്ലെന്നും ക്യാമ്പയിനിലെ വിവിധ വിഷയങ്ങളില്‍ ഒന്നാണ് കമ്മ്യൂണിസത്തിനെതിരായതെന്നും സുന്നി മഹല്ല് ഫെഡറേഷന്‍ നേതാവ് ഷാഫി ഹാജി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വിവിധ വിഷയങ്ങളിലാണ് ക്യാമ്പയിന്‍ എന്നാല്‍ കമ്മ്യൂണിസം എന്നത് മാത്രമെടുത്ത് മാധ്യമങ്ങള്‍ ക്യാമ്പയിനെ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും ഷാഫി ഹാജി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

A new campaign has been launched ‘Light of Mihrab’ Samastha against Communism and atheism

Latest Stories

We use cookies to give you the best possible experience. Learn more