ബിന്‍ലാദനെ വധിച്ചത് താനാണെന്ന് മുന്‍ അമേരിക്കന്‍ നേവി സീല്‍
Daily News
ബിന്‍ലാദനെ വധിച്ചത് താനാണെന്ന് മുന്‍ അമേരിക്കന്‍ നേവി സീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th November 2014, 7:39 am

us01വാഷിംങ്ടണ്‍: അബോട്ടാബാദില്‍ ബിന്‍ലാദനെ വധിച്ചത് താനാണെന്ന് മുന്‍ അമേരിക്കന്‍ നേവി സീല്‍ റോബര്‍ട്ട് ഒ നെയില്‍. 2011 മെയ് രണ്ടിനായിരുന്നു പാകിസ്ഥാനിലെ അബോട്ടാബാദില്‍ ബിന്‍ലാദനെ അമേരിക്കന്‍ സൈനിക വിഭാഗമായ നേവി സീല്‍സ്  കൊലപ്പെടുത്തിയിരുന്നത്. 38 കാരനായ റോബര്‍ട്ട് വാഷിംങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

നേരത്തെ 2013 ഫെബ്രുവരിയില്‍ ഒരു മാഗസിനില്‍ പേര് വെളിപെടുത്താതെ “ഷൂട്ടര്‍”  എന്ന് മാത്രം പറഞ്ഞു കൊണ്ട് കാര്യങ്ങള്‍ വെളിപെടുത്തിയിരുന്നു. രണ്ട് തവണയാണ് റോബ് ലാദനെ വെടിവെച്ചത്.  അദ്ദേഹവുമായ അഭിമുഖം  അടുത്തയാഴ്ച ഫോക്‌സ് ന്യൂസ് പുറത്ത് വിടാനിരിക്കെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. തനിക്ക് ലഭിക്കേണ്ടിയിരുന്ന പല സൈനിക ബഹുമതികളും ലഭിക്കാത്തതിലുള്ള നിരാശയാണ് റോബര്‍ട്ടിനെ ഈ വെളിപ്പെടുത്തലുകള്‍ നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേ സമയം അബോട്ടാബാദിലെ ഓപ്പറേഷന് നേതൃത്വം കൊടുത്ത സീല്‍ വിഭാഗമായ “ടീം സിക്‌സ്” ലെ മറ്റൊരു സൈനികനായ മാറ്റ് ബിസൊനെറ്റ് തന്റെ പുസ്തകമായ “നോ ഈസി ഡെ” എന്ന പുസ്തകത്തില്‍ അല്‍പം വ്യത്യസ്തമായാണ് ഓപറേഷന്‍ വിവരിച്ചിരിക്കുന്നത്. ഇതിന്റെ പേരില്‍ അന്വേഷണം നേരിടുകയാണ് മാറ്റ്. സൈനിക ഉദ്യോഗസ്ഥര്‍ തങ്ങളുടെ രഹസ്യ ഓപ്പറേഷന്‍ വിവരങ്ങള്‍ പുറത്ത് വിടുന്നത് സംബന്ധിച്ച് അമേരിക്കയില്‍ വിവാദങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ വെളിപ്പെടുത്തല്‍.