| Thursday, 9th January 2025, 2:17 pm

തിരുപ്പതി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരില്‍ പാലക്കാട് സ്വദേശിയും; സ്ഥിരീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമരാവതി: തിരുപ്പതി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച ആറ് പേരില്‍ മലയാളിയും. പാലക്കാട് വണ്ണാമല വെള്ളാരംകല്ല് മേടിലെ നിര്‍മല (52)യാണ് മരിച്ചത്.

ചൊവ്വാഴ്ചയാണ് നിര്‍മല അടങ്ങുന്ന ആറംഗ സംഘം തിരുപ്പതിയിലേക്ക് ദര്‍ശനത്തിനായി പോയത്. മരിച്ചവരില്‍ ഒരു പാലക്കാട് സ്വദേശിയുണ്ടെന്ന് നേരത്തെ തന്നെ പൊലീസ് അറിയിച്ചിരുന്നു.

എന്നാല്‍ ഇന്ന് (വ്യാഴാഴ്ച്ച) ഉച്ചയോടെയാണ് മരിച്ചത് നിര്‍മലയാണെന്ന് സ്ഥിരീകരിച്ചത്. നിലവില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. നിര്‍മല മരിച്ച വിവരം വൈകിയാണ് അറിഞ്ഞതെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു.

ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇപ്പോള്‍ തിരുപ്പതിയില്‍ അപകടമുണ്ടായ സ്ഥലം സന്ദര്‍ശിക്കുകയാണ്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ ആന്ധ്രാ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.

വരുന്ന മൂന്ന് ദിവസം തിരുപ്പതിയിലെ അപകടത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടല്‍ നടത്തുകയും ചെയ്യും.

ഇന്നലെ (ബുധനാഴ്ച) തിരുപ്പതി വൈകുണ്ഠ ഏകാദശിക്കായി ടോക്കണ്‍ എടുക്കുന്നതിനുള്ള ക്യൂവിലാണ് അപകടം നടന്നത്.  ക്യൂവിലേക്ക് ആളുകള്‍ തള്ളിക്കയറുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അപകടമുണ്ടായത്.

ക്യൂവില്‍ നില്‍ക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീയെ പുറത്തിറക്കാന്‍ ശ്രമിച്ചപ്പോള്‍ ആളുകള്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് (വ്യാഴാഴ്ച) പുലര്‍ച്ചയോടെയായിരുന്നു ടോക്കണ്‍ വിതരണം ആരംഭിക്കാനിരുന്നത്. ഇന്ന് പുലര്‍ച്ചെ മാത്രമേ ഗേറ്റ് തുറക്കു എന്നതിനാല്‍ ആളുകളെ നിയന്ത്രിക്കാനുള്ള വലിയ പൊലീസ് സന്നാഹം സ്ഥലത്തില്ലായിരുന്നു.

മരിച്ച ആറ് പേരില്‍ അഞ്ചും സ്ത്രീകളാണ്. തമിഴ്‌നാട് സേലം സ്വദേശി മല്ലിക (49), ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശികളായ ലാവണ്യ (40), രജനി (47), ശാന്തി (34), ആന്ധ്രാപ്രദേശിലെ നരസിപ്പട്ടണം സ്വദേശി നായിഡു ബാബു (51) എന്നിവരാണ് മരിച്ചത്. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നേരത്തെ നിര്‍മല കര്‍ണാടക സ്വദേശിയാണെന്നാണ് വിവരം ലഭിച്ചിരുന്നത്. കൂടാതെ അപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ പൂര്‍ണമായും പുറത്തുവന്നിരുന്നില്ല.

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. നാളെ (വെള്ളിയാഴ്ച)യാണ് ഏകാദശി ആരംഭിക്കാനിരിക്കെയായാണ് തിരുപ്പതിയില്‍ അപകടം നടന്നത്.

Content Highlight: A native of Palakkad was among those who died in the Tirupati temple stampede

We use cookies to give you the best possible experience. Learn more