| Wednesday, 9th May 2018, 11:34 am

എ.എന്‍ ഷംസീറിനെതിരെ വ്യാജ പ്രചരണവുമായി സംഘപരിവാര്‍; റീത്ത് വാങ്ങാന്‍ കൈ ഉയര്‍ത്തിയതിനെ സെല്‍ഫി എടുക്കലായി ചിത്രീകരിച്ച് പ്രചരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: മാഹിയില്‍ കൊല്ലപ്പെട്ട സി.പി.ഐ.എം പ്രവര്‍ത്തകന്‍ ബാബുവിന്റെ സംസ്‌കാര ചടങ്ങിനിടെ മൃതദേഹത്തിന് മുന്നില്‍ നിന്ന് സി.പി.ഐ.എം നേതാവ് എ.എം ഷംസീര്‍ സെല്‍ഫിയെടുക്കുന്നതായി വ്യാജ പ്രചരണം.

പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഏറ്റുവാങ്ങി സി.പി.ഐ.എം പതാക പുതപ്പിച്ച് റീത്തു വെക്കുന്നതിനിടയിലാണ് ഷംസീര്‍ സെല്‍ഫിയെടുത്തതായുള്ള പ്രചരണം നടന്നത്.

സംസ്‌കാരത്തിനിടയില്‍ ഷംസീര്‍ റീത്ത് വാങ്ങാന്‍ കൈ ഉയര്‍ത്തിയതിനെ സെല്‍ഫി എടുക്കലായി
ചിത്രീകരിച്ചാണ് സമൂഹമാധ്യമങ്ങളില്‍ ആര്‍.എസ്.എസും സംഘപരിവാറും വ്യാജപ്രചരണം നടത്തുന്നത്.

കൈ അല്‍പം ഉയര്‍ത്തി നില്‍ക്കുന്ന ഷംസീര്‍ എം.എല്‍.എയും കൈയ്യിലേക്കു നോക്കി നില്‍ക്കുന്ന പി.ജയരാജനും, എം.പ്രകാശന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവരെയും കണ്ടാല്‍ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ സെല്‍ഫി എടുക്കുന്നതായി തോന്നും.

കൈഉയര്‍ത്തി നില്‍ക്കുന്ന ഷംസീറിന്റെ ചിത്രത്തില്‍ കൈപ്പത്തി മറച്ച് ക്രോപ്പ് ചെയ്താണ് കൈയില്‍ ഫോണ്‍ ആണെന്ന് പ്രചരിപ്പിക്കുന്നത്. മരണത്തിനിടയിലും സെല്‍ഫി എടുത്ത് പ്രശസ്തനാകുന്ന സി.പി.ഐ.എം എം.എല്‍.എ എന്ന രീതിയിലായിരുന്നു ആര്‍.എസ്.എസിന്റേയും സംഘപരിവാറിന്റേയും നേതൃത്വത്തിലുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ഈ ചിത്രങ്ങള്‍ പ്രചരിച്ചത്. 2018 ലെ മെഗാ ഹിറ്റ് സെല്‍ഫി എന്നുപറഞ്ഞുകൊണ്ട് സംവിധായകന്‍ അലി അക്ബര്‍ ഉള്‍പ്പെടെയുള്ളവരും ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.

തുടര്‍ന്ന് പ്രചരണത്തിനെതിരെ സി.പി.ഐ.എം സൈബര്‍ ഗ്രൂപ്പുകള്‍ രംഗത്തെത്തുകയും യഥാര്‍ത്ഥ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് മറുപടി നല്‍കുകയുമായിരുന്നു.

തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സി.പി.ഐ.എം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ മാഹി നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു എന്ന കെ പി ദിനേശ് ബാബുവിനെ ബൈക്കിലെത്തിയ പത്തംഗ സംഘം വെട്ടിക്കൊന്നത്. വീട്ടിലേക്ക് പോകുംവഴി ഇരുട്ടില്‍ പതിയിരുന്ന അക്രമിസംഘം വെട്ടിവീഴ്ത്തുകയായിരുന്നു. കൊലയ്ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.ഐ.എം നേതൃത്വം ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more