| Saturday, 3rd September 2022, 10:01 am

എന്നെപറ്റി മുന്‍വിധി വേണ്ട; സ്പീക്കറുടെ മഹത്വത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട്: എ.എന്‍. ഷംസീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല കഴിവിന്റെ പരമാവധി നല്ല രീതിയില്‍ ചെയ്യാന്‍ ശ്രമിക്കുമെന്ന് നിയുക്ത സ്പീക്കര്‍ എ.എന്‍. ഷംസീര്‍.

നിയമസഭയില്‍ ഭരണ പ്രതിപക്ഷത്തെ ഒരുമിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും അദ്ദേഹം തലശ്ശേരിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മുന്‍ സ്പീക്കര്‍മാരില്‍ നിന്നൊക്കെ പാഠങ്ങള്‍ സ്വീകരിക്കുമെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.

‘മന്ത്രിയാകണോ സ്പീക്കറാകണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കക്ഷി രാഷ്ടീയത്തിനതീതമായ ചില ഉത്തരവാദിത്തങ്ങളും ഏല്‍പ്പിക്കപ്പെടും.

രാഷ്ട്രീയം പറയേണ്ടിടത്ത് ഇനിയും പറയും. എന്നെപറ്റി ആര്‍ക്കും മുന്‍വിധി വേണ്ട. സ്പീക്കറിന്റെ മഹത്വത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട്.

സഭക്കുള്ളില്‍ ഭരണഘടനാപരമായ രീതിയില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകും.

പ്രതിപക്ഷത്തിന് മാന്യമായ പരിഗണന ഈ ആറ് വര്‍ഷക്കാലവും ഭരണപക്ഷവും സ്പീക്കര്‍മാരും നല്‍കിയിട്ടുണ്ടെന്നാണ് എന്റെ അഭിപ്രായം. ഞാന്‍ ഫ്‌ളോറില്‍ വരുമ്പോള്‍ ആദ്യമായി സ്പീക്കര്‍ ശ്രീറാമേട്ടനാണ്, ഇപ്പോള്‍ എം.ബി.ആറും.

ഇവരില്‍ നിന്ന് ഉപദേശനിര്‍ദേശങ്ങള്‍ സ്വീകരിക്കും. ഭരണ- പ്രതിപക്ഷ എം.എല്‍.എമാരെയും കേള്‍ക്കും,’ ഷംസീര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് എം.ബി. രാജേഷിനെ മന്ത്രിയായും ഷംസീറിനെ സ്പീക്കറായും തീരുമാനിച്ചത്.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് ശേഷം എം.വി. ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവെച്ച ഒഴിവിലേക്ക് വരുന്ന സ്പീക്കര്‍ എം.ബി. രാജേഷ് ചൊവ്വാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

 CONTENT HIGHLIGHTS:  Appointed Speaker A.N. Shamseer says will try to do the task assigned by the party to the best of his ability

We use cookies to give you the best possible experience. Learn more