'ജാഗ്രത വേണം, അടിക്കാനുള്ള വടി കൊടുക്കരുത്, കരുവന്നൂര്‍ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാട്'
Kerala News
'ജാഗ്രത വേണം, അടിക്കാനുള്ള വടി കൊടുക്കരുത്, കരുവന്നൂര്‍ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാട്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd September 2023, 9:59 pm

കണ്ണൂര്‍: കരുവന്നൂര്‍ തട്ടിപ്പ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്ത പാടാണെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. സഹകരണ മേഖലയെ അടിക്കാനുള്ള വടി നമ്മള്‍ തന്നെ ചെത്തിയിട്ട് കൊടുക്കരുതെന്നും സഹകരണ സ്ഥാപനങ്ങള്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ പട്ടുവം സഹകരണ ബാങ്കിന്റെ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് സ്പീക്കറുടെ പ്രതികരണം.

‘കരുവന്നൂര്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്ത പാടുതന്നെ, ഒരു സംശയവുമില്ല. സഹകാരികള്‍ വളരെ ജാഗ്രതപുലര്‍ത്തണം. പട്ടുവം പോലെ ഒക്കെ നല്ല രീതിയില്‍ പ്രവര്‍ത്തുക്കുന്ന ബാങ്കാണ്.

നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാനപങ്ങളിലേക്കാണ് ആദ്യം കണ്ണുവരിക. അതുകൊണ്ട് അടിക്കാന്‍ നാം വടി ഇട്ടുകൊടുക്കരുത്,’ സ്പീക്കര്‍ പറഞ്ഞു.

സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്നറിയിപ്പ് നല്‍കിയതായിട്ടുള്ള റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ രീതിയില്‍ പോയാല്‍ പാര്‍ട്ടിക്ക് ക്ഷീണമാകുമെന്നം ജനങ്ങള്‍ കൈയൊഴിയുമെന്നും ജനവിധി എതിരാവുമെന്നും അദ്ദേഹം പറഞ്ഞായിട്ടാണ് വാര്‍ത്ത ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിഷയത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും നടത്തുന്ന പദയാത്രകള്‍ക്ക് ബദലായി രാഷ്ട്രീയ വിശദീകരണ ജാഥകള്‍ സംഘടിപ്പിക്കാനാണ് സി.പി.ഐ.എം തീരുമാനം.

Content Highlight: A.N. Shamseer said that the Karuvannur fraud is a black mark on the face of the cooperative movement in Kerala