| Tuesday, 20th April 2021, 3:26 pm

വിധിയില്‍ പ്രസക്തിയില്ല; അടുത്ത മന്ത്രിസഭയിലേക്ക് വരാന്‍ ജലീലിന് തടസ്സമുണ്ടെന്ന് തോന്നുന്നില്ല; ജലീലിനെതിരെയുള്ള ഹൈക്കോടതി വിധിയില്‍ എ.എന്‍ ഷംസീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെയുള്ള ലോകായുക്ത ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് എ.എന്‍ ഷംസീര്‍ എം.എല്‍.എ.

ഹൈക്കോടതി വിധിയില്‍ പ്രസക്തിയില്ലെന്നും ലോകായുക്ത വിധിയ്ക്ക് പിന്നാലെ ജലീല്‍ രാജിവെച്ചതാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ഈ വിധി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ഷംസീര്‍ പറഞ്ഞു. റിപ്പോര്‍ട്ടറിനോടായിരുന്നു ഷംസീറിന്റെ പ്രതികരണം.

‘വിധിയെപ്പറ്റി ചര്‍ച്ച ചെയ്യേണ്ട സമയമല്ല. ജലീല്‍ രാജിവെച്ചൊഴിഞ്ഞതാണ്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കുകയാണ്. അത് കൊണ്ട് ഈ വിധി പ്രത്യേകിച്ച് ഒരു മാറ്റവും ഇവിടെയുണ്ടാക്കാന്‍ പോകുന്നില്ല. ഇനി അപ്പീലിന് പോകണോ വേണ്ടെയോ എന്നത് പാര്‍ട്ടിയോട് ആലോചിച്ച് ജലീല്‍ തീരുമാനിക്കും. അടുത്ത മന്ത്രിസഭയിലേക്ക് വരാന്‍ ജലീലിന് എന്തെങ്കിലും തടസമുണ്ടോയെന്ന് എനിക്ക് തോന്നുന്നില്ല’, ഷംസീര്‍ പറഞ്ഞു.

ബന്ധു നിയമന കേസിലെ ലോകായുക്ത വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.ടി ജലീല്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.
ലോകായുക്ത ഉത്തരവില്‍ വീഴ്ചയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹരജി തള്ളിയത്.

ബന്ധുവായ കെ.ടി അദീബിനെ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതു സ്വജനപക്ഷപാതമാണെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജലീല്‍ ഹരജി നല്‍കിയത്.

നടപടിക്രമങ്ങള്‍ പാലിക്കാതെയും പ്രാഥമിക അന്വേഷണം നടത്താതെയുമാണ് ലോകായുക്ത ഉത്തരവിട്ടതെന്നാണ് ജലീല്‍ ഹരജിയില്‍ വാദിച്ചത്.

എന്നാല്‍ രേഖകളും വസ്തുതകളും കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്തയുടെ കണ്ടെത്തലന്ന മന്ത്രിയുടെ വാദം കോടതി അംഗീകരിച്ചില്ല.

നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടുള്ളതാണ് ലോകായുക്ത ഉത്തരവെന്നും ഇതില്‍ വീഴ്ചയൊന്നും വന്നിട്ടില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ജലീലിന്റെ ഹരജിയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള നിലപാടാണ് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. ജലീലിന് പിന്തുണയുമായി നേരിട്ട് കോടതിയെ സമീപിച്ചില്ലെങ്കിലും നിരുപാധികമായ പിന്തുണയാണ് ജലീലിന് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയത്.

ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് എ.ജി സര്‍ക്കാരിന് നല്‍കിയ നിയമോപദേശം. ലോകായുക്ത ആക്ട് സെക്ഷന്‍ 9 പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും നിയമോപദേശത്തില്‍ എ.ജി പറയുന്നു.

പരാതി ലഭിച്ചാല്‍ അന്വേഷണത്തിന് മുമ്പ് എതിര്‍കക്ഷിക്ക് പരാതിയുടെ പകര്‍പ്പ് നല്‍കണമെന്നാണ് ഈ ചട്ടം അനുശാസിക്കുന്നത്. ജലീലിന് പരാതിയുടെ പകര്‍പ്പ് നല്‍കിയത് അന്തിമ ഉത്തരവിന് ഒപ്പമാണെന്നും ഇത് നിലനില്‍ക്കില്ലെന്നും എ.ജി നിയമോപദേശത്തില്‍ നിരീക്ഷിച്ചിരുന്നു. ഇതേ വാദങ്ങളാണ് കെ.ടി ജലീല്‍ കോടതിയിലും ഉന്നയിച്ചത്. എന്നാല്‍ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.

ഹരജിയില്‍ വാദം നടക്കുന്നതിനിടെയായിരുന്നു കഴിഞ്ഞ ദിവസം ജലീല്‍ രാജി പ്രഖ്യാപിച്ചത്. കെ.ടി അദീബിനെ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്ത കണ്ടെത്തല്‍. ജലിന്റെ മണ്ഡലത്തിലെ വോട്ടറായ മുഹമ്മദ്ഷാഫിയാണ് ബന്ധുനിയമനത്തിനെതിരെ ലോകായുക്തയെ സമീപിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: A N Shamseer Response After Highcourt Denies K T  Jaleel’s Plea

We use cookies to give you the best possible experience. Learn more