തിരുവനന്തപുരം: ഹിന്ദുരാഷ്ട്രവാദം മുന്നോട്ടുവെക്കുന്നവരെ നാം എതിര്‍ക്കേണ്ടത് മുസ്‌ലീം രാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്നവരെ കൂട്ടുപിടിച്ചല്ലെന്നും മഹിതമായ മതനിരപേക്ഷതയില്‍ ഊന്നിനിന്നുകൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ടായിരിക്കണമെന്നും എ.എന്‍ ഷംസീര്‍ എം.എല്‍.എ. നിയമസഭയില്‍ പൗരത്വ നിയമത്തിനെതിരായ പ്രമേയത്തെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ രാജ്യത്ത് ഹിന്ദുരാഷ്ട്രവാദം മുന്നോട്ടുവെക്കുന്നവരെ മുസ്‌ലീം രാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്നവരുമായി യോജിപ്പിച്ച് എതിര്‍ക്കാന്‍ ശ്രമം നടക്കുമ്പോള്‍ അത് ആര്‍.എസ്.എസിനും സംഘപരിവാറിനുമാണ് ഗുണകരമാകുകയെന്നും ഷംസീര്‍ പറഞ്ഞു.
ഇവിടെ രാഷ്ട്രത്തെ ഒറ്റുകൊടുത്തവര്‍ ആരാണ്? അന്തമാനിലെ പോര്‍ട്ട്‌ബ്ലെയര്‍ സെല്ലുലാര്‍ ജയിലില്‍ മാപ്പെഴുതിയ സവര്‍ക്കര്‍ എന്നാണ് രാജ്യസ്‌നേഹിയായി മാറിയത് ?
രാജ്യത്തെ ഒറ്റുകൊടുത്ത പാരമ്പര്യം മാത്രമുള്ള ആര്‍.എസ്.എസിന് എങ്ങനെയാണ് ഈ രാജ്യത്തെ മുസ്‌ലീങ്ങളോടും മറ്റ് മതസ്ഥരോടും നിങ്ങള്‍ പൗരത്വം തെളിയിക്കണമെന്നും പൗരത്വ രേഖ ഹാജരാക്കണമെന്നും പറയാന്‍ ധൈര്യം ലഭിച്ചത്?
ഞങ്ങള്‍ നരേന്ദ്ര മോദിയോടും ആളുകളോടും പറയുന്നത് നിങ്ങള്‍ നിങ്ങളുടെ ബിരുദ രേഖ ഹാജരാക്കൂ അതിന് ശേഷം ഞങ്ങളുടെ പൗരത്വ രേഖ ഹാജരാക്കണം എന്ന് നിങ്ങള്‍ക്ക് ആവശ്യപ്പെടാം.
മോദിയേയും അമിത് ഷായേയും പോലെ അപക്വമതികളായ രാഷ്ട്രീയ നേതൃത്വം ചിന്തിക്കേണ്ടത്, നിങ്ങള്‍ ചിന്തിക്കുന്നതുപോലെ ഈ ലോകത്തെ മറ്റ് രാഷ്ട്രത്തലവന്‍മാര്‍ ചിന്തിച്ചാല്‍ എന്താവും അവിടെയുള്ള ഹിന്ദു സഹോദരന്‍മാരുടെ ഗതി?
ഇവിടുത്തെ മുസ്‌ലീങ്ങളും മറ്റ് മതസ്ഥരും ഇന്ത്യ വിട്ടുപോകണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നതുപോലെ മറ്റ് ലോക രാഷ്ട്രങ്ങളിലെ തലവന്‍മാരും ആവശ്യപ്പെട്ടാല്‍ എന്തുചെയ്യും? നേപ്പാള്‍ മാത്രമാണ് ഹിന്ദുരാഷ്ട്രമായിട്ടുള്ളത്. ഇന്ത്യക്കാര്‍ ഏതെല്ലാം രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു. അവിടുത്തെ ഭരണകൂടമെല്ലാം ഇത്തരമൊരു നിലപാട് സ്വീകരിച്ചാല്‍ അവരുടെയെല്ലാം ഗതിയെന്താകുമെന്ന് നിങ്ങള്‍ ചിന്തിച്ചോ?
ലോകരാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യയെ അപമാനിക്കാന്‍ മാത്രമല്ലേ ഇത്തരമൊരു നിയമം കൊണ്ട് ഉതകൂ? സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന ഈ രാഷ്ട്രീയത്തോട് വിശാലമായ പ്ലാറ്റ്‌ഫോമില്‍ നിന്ന് കൊണ്ട് എതിര്‍പ്പുണ്ടാവണം.
പാര്‍ലമെന്റ് കെട്ടിടത്തില്‍വെച്ച് പാസ്സാക്കിയ ഈ നിയമം മൂന്നേമുക്കാല്‍ കിലോമീറ്റര്‍ അപ്പുറമുള്ള സുപ്രീം കോടതിയുടെ മുന്‍പില്‍ വരുമ്പോള്‍ ഈ നിയമം സുപ്രീം കോടതി ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ വലിച്ചെറിയും. കാരണം ഇത് ഭരണഘടനയ്ക്ക് എതിരാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന് എതിരാണ്.
മോദിയുടെ 2.0 സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ എല്ലാ കാര്യത്തിലും തുടക്കത്തില്‍ തന്നെ യോജിച്ച് എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ ഈ രീതിയിലുള്ള അഹങ്കാരവും ധാര്‍ഷ്ട്യവും മോദിക്കും കൂട്ടര്‍ക്കും ഉണ്ടാവുമായിരുന്നില്ല. ഇവര്‍ എന്തെല്ലാം പാസ്സാക്കി. മുത്തലാഖ് പാസ്സാക്കി. യു.എ.പി.എ നിയമം ഭേദഗതി ചെയ്തു. കശ്മീരിനെ രണ്ടാക്കി മാറ്റി. ഈ ഘട്ടത്തിലെല്ലാം നമുക്ക് യോജിപ്പുണ്ടായില്ല.
ഇവിടെ ഉയര്‍ന്നു വന്ന ഈ യോജിപ്പ് ദേശവ്യാപകമായി ഉയര്‍ത്താന്‍ നമുക്ക് സാധിക്കണം. ആ യോജിപ്പിലൂടെ മാത്രമേ നരേന്ദ്ര മോദി മുന്നോട്ടുവെക്കുന്ന വിഭാഗീയ രാഷ്ട്രീയത്തെ, ഈ ഫാഷിസ്റ്റ് രാഷ്ട്രീയത്തെ എതിര്‍ക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ. അതിന് മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ യോജിപ്പ് അനിവാര്യമാണ്.
ഇതൊരു രണ്ടാം സ്വതന്ത്ര്യസമരം തന്നെയാണ്. ഈ രാഷ്ട്രത്തെ വെട്ടിമുറിക്കാന്‍, ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ യോജിച്ച ചെറുത്തു നില്‍പ്പ് ഇവിടെ ഉയര്‍ന്നുവരികയാണ്.
മതത്തിനപ്പുറത്ത് ഇവിടുത്തെ ഭൂരിപക്ഷ സമുദായത്തെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പ്രക്ഷോഭത്തിനായിരിക്കണം നമ്മള്‍ നേതൃത്വം കൊടുക്കേണ്ട്. ഹിന്ദുഭൂരിപക്ഷത്തെ ഉള്‍പ്പെടെ കൂടെനിര്‍ത്തിക്കൊണ്ടുള്ള പ്രക്ഷോഭത്തിന് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്.
ഭരണ ഘടന സംരക്ഷിക്കാന്‍ നമ്മള്‍ എടുക്കേണ്ട പ്രതിജ്ഞ, നിങ്ങള്‍ ഞങ്ങളുടെ ജീവനെടുത്തോളൂ. ഞങ്ങള്‍ ഞങ്ങളുടെ ഭരണഘടന വിട്ടുതരാന്‍ തയ്യാറല്ലെന്നായിരിക്കണം- ഷംസീര്‍ പറഞ്ഞു.