തനിക്ക് വിഷയങ്ങളെക്കുറിച്ച് കൃത്യമായി കാഴ്ചപ്പാടുണ്ട്. നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നെന്നും പറഞ്ഞത് എന്താണോ അവയെക്കുറിച്ചെല്ലാം വ്യക്തമായ ബോധ്യമുണ്ടെന്നുമാണ് എ.എന്‍ രാധാകൃഷ്ണന്‍ ഇന്ന് കോഴിക്കോട് പറഞ്ഞത്.
കോഴിക്കോട്: സംവിധായകന്‍ കമല്‍ രാജ്യം വിടണമെന്ന തന്റെ അഭിപ്രായത്തില്‍ ഉറച്ച്‌നില്‍ക്കുന്നുവെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍. മേഖല ജാഥയ്ക്ക് ശേഷം കമലിന്റെ വിഷയത്തില്‍ തുടര്‍ നിലപാടുകള്‍ സ്വീകരിക്കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
സംവിധായകന്‍ കമലിന് തീവ്രവാദ ബന്ധമുണ്ടെന്നും അദ്ദേഹം രാജ്യം വിട്ടു പോകണമെന്നുമായിരുന്നു എ. എന്‍ രാധാകൃഷ്ണന്റെ വിവാദ പ്രസ്താവന. എം.ടി വാസുദേവന്‍ നായര്‍ക്കെതിരായുള്ള വിമര്‍ശനങ്ങള്‍ക്കതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയായിരുന്നു പുതിയ വിവാദവുമായി രാധാകൃഷ്ണന്‍ എത്തിയത്. തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വ്യക്തിയാണ് കമലെന്നും രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു.
രാധാകൃഷ്ണന്റെ പ്രസ്താവനകള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമായപ്പോഴാണ് നിലാപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്നു രാധാകൃഷ്ണന്‍ ആവര്‍ത്തിച്ചത്. തനിക്ക് വിഷയങ്ങളെക്കുറിച്ച് കൃത്യമായി കാഴ്ചപ്പാടുണ്ട്. നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നെന്നും പറഞ്ഞത് എന്താണോ അവയെക്കുറിച്ചെല്ലാം വ്യക്തമായ ബോധ്യമുണ്ടെന്നുമാണ് എ.എന്‍ രാധാകൃഷ്ണന്‍ ഇന്ന് കോഴിക്കോട് പറഞ്ഞത്.
താന്‍ പറഞ്ഞ കാര്യങ്ങളിലാണ് ഉറച്ചു നില്‍ക്കുന്നതെന്നും. മാധ്യമങ്ങള്‍ പ്രചരിപ്പിച്ച കാര്യങ്ങളിലല്ലെന്നും കൂട്ടിച്ചേര്‍ത്ത രാധാകൃഷ്ണന്‍ തന്റെ അഭിപ്രായ പ്രകടനത്തില്‍ 100ശതമാനം ഉറച്ചു നില്‍ക്കുന്നെന്നും വ്യക്തമാക്കി.