മുംബൈ: ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ട്രെയിനിലും വീടിന് സമീപത്തുവെച്ചും സംഘപരിവാര്‍ ബന്ധമുള്ളവര്‍ തന്നെ മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുസ്‌ലിം യുവാവിന്റെ പരാതി.
ഒന്നിലധികം തവണ പരാതി നല്‍കിയിട്ടും അതില്‍ നടപടി സ്വീകരിക്കാതെ ആക്രമിച്ചവര്‍ നല്‍കിയ പരാതിയില്‍ തനിക്കെതിരെ പൊലീസ് കേസെടുത്തെന്നാണ് മഹാരാഷ്ട്രയിലെ കങ്കവലി സ്വദേശി ആസിഫ് ശൈഖിന്റെ ആരോപണം.
ജനുവരി 19ന് പങ്കാളിക്കും മക്കള്‍ക്കുമൊപ്പം മുംബൈയിലേക്ക് പോകുമ്പോള്‍ ആയിരുന്നു ആദ്യമായി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണം. ഡ്ഗാവ് എല്‍.ടി.ടി എക്സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ 30-40ഓളം വരുന്ന വിദ്യാര്‍ത്ഥികള്‍ ജയ് ശ്രീറാം എന്ന് വിളിക്കാന്‍ ആവശ്യപ്പെടുക ആയിരുന്നുവെന്ന് പരാതിയില്‍ ആസിഫ് പറയുന്നു.
തങ്ങള്‍ ഉണ്ടായിരുന്ന കമ്പാര്‍ട്ട്‌മെന്റില്‍ പര്‍ദ്ദ ധരിച്ച ഒരാള്‍ തന്റെ പങ്കാളി മാത്രമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ അവരോടാണ് ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചതെന്നും ആസിഫ് ചൂണ്ടിക്കാട്ടി.
ഇത് ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥികള്‍ തന്നെ മര്‍ദിച്ചുവെന്നും കുട്ടികളുടെ ദേഹത്തേക്ക് ചൂടുള്ള ചായ ഒഴിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. അതേസമയം മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികളുടെ സംഘത്തില്‍ ഉണ്ടായിരുന്ന സ്ത്രീ നല്‍കിയ പരാതിയില്‍ തനിക്കെതിരെ പൊലീസ് കേസെടുത്തെന്നും ആസിഫ് പറഞ്ഞു.
ഇതിനെ തുടര്‍ന്ന് ആസിഫും കുടുംബവും പന്‍വെല്‍ റെയില്‍വേ പൊലീസില്‍ പരാതി നല്‍കുകയും പിന്നീട് സമീപത്തെ പൊലീസ് സ്റ്റേഷനില്‍ എത്തുകയുമായിരുന്നു. എന്നാല്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് ആസിഫിന്റെ കുടുംബം പ്രതികരിച്ചു.
എന്നാല്‍ പിന്നീട് ഈ കേസ് കങ്കവലി സ്റ്റേഷനിലേക്ക് മാറ്റി. ജനുവരി 24ന് കങ്കവലി സ്റ്റേഷനില്‍ എത്തണമെന്ന് പന്‍വെല്‍ പൊലീസ് ആസിഫിനെ അറിയിക്കുകയും ചെയ്തു.
സ്റ്റേഷനില്‍ എത്തിയപ്പോള്‍ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ അവിടെ എത്തിയിരുന്നുവെന്നും ആസിഫ് പറയുന്നു.
പൊലീസിന്റെ സംരക്ഷണത്തില്‍ വീട്ടില്‍ എത്തിയ ആസിഫിനെ സമീപ പ്രദേശത്തുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്ന് വിളിക്കില്ലേ എന്ന് ചോദിച്ച് പുറകില്‍ നിന്ന് വടികൊണ്ട് അടിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
എല്ലാ കാര്യങ്ങള്‍ക്കും ദൃക്സാക്ഷികളായിട്ടും ഇതുസംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചിട്ടും നിയമനടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് ആസിഫ് പറയുന്നു.
Content Highlight: A Muslim youth was thrashed by a mob after being asked to call him Jai Shri Ram