| Monday, 27th May 2019, 11:14 am

മുസ്‌ലിംകള്‍ക്ക് നേരെയുള്ള അതിക്രമം തുടരുന്നു; ബെഗുസാരായില്‍ മുസ്‌ലിം യുവാവിന് നേരെ പാകിസ്ഥാനില്‍ പോകാന്‍ ആക്രോശിച്ച് വെടിയുതിര്‍ത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: രാജ്യത്ത് മുസ്‌ലിംകള്‍ക്ക് നേരെയുള്ള അതിക്രമം തുടരുന്നു. പള്ളിയില്‍ നിന്ന് തിരിച്ചു വരുന്നതിനിടെ 25 കാരനായ മുസ്‌ലിം യുവാവിനെ പന്നിയിറച്ചി തീറ്റിക്കുമെന്ന് ആക്രോശിച്ച് തൊപ്പി വലിച്ചെറിഞ്ഞ് ആക്രമിച്ചതിന് പിന്നാലെ ബിഹാറിലെ ബെഗുസാരായിയില്‍ മുസ്ലിം യുവാവിനോട് പാകിസ്താനിലേക്ക് പോകാന്‍ ആക്രോശിച്ച് വെടിയുതിര്‍ത്ത് അക്രമം. തൊഴിലാളിയായ മുഹമ്മദ് ഖാസിമിന് നേരെയാണ് അക്രമി വെടിയുതിര്‍ത്തത്.

പാകിസ്ഥാനിലേക്ക് പോകൂവെന്ന് ആക്രോശിച്ച് തോക്കുമായെത്തിയ യുവാവ് ഇയാളെ വെടിവെക്കുകയായിരുന്നു. വെടിയേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തനിക്ക് വെടിയേറ്റത് കണ്ട ആളുകള്‍ നോക്കി നില്‍ക്കുകയാണ് ചെയ്തതെന്നും സഹായത്തിനെത്തിയില്ലെന്നും അക്രമിയെ തള്ളിയിട്ട് ഓടിരക്ഷപ്പെടുകയുമായിരുന്നുവെന്നും ഇയാള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രക്ഷപ്പെടാന്‍ വേറെ മാര്‍ഗമില്ലാതെ വന്നതോടെ അക്രമിയെ തള്ളിയിട്ട ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടെങ്കിലും ആരും തന്റെ സഹായത്തിനെത്തിയില്ലെന്നും മുഹമ്മദ് ഖാസിം പറയുന്നു.

ആക്ടിവിസ്റ്റായ മുഹമ്മദ് ആസിഫ് ഖാന്‍ സംഭവം ട്വീറ്റ് ചെയതതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ബെഗുസരായിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സി.പി.ഐ സ്ഥാനാര്‍ഥി കനയ്യകുമാര്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി ട്വിറ്ററില്‍ പ്രതികരിച്ചിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പിയെ വീണ്ടും തെരഞ്ഞെടുത്തതിന് ശേഷം മുസ്‌ലിംങ്ങള്‍ക്ക് നേരെ നടക്കുന്ന പുറം ലോകമറിഞ്ഞ നാലാമത്തെ അക്രമ സംഭവമാണ് ബെഗുസാരായിലേത്.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ സിയോനിയില്‍ ബീഫ് കൈവശം വെച്ചാന്നാരോപിച്ച് സ്ത്രീയടക്കം മൂന്ന് പേരെ സംഘപരിവാര്‍ ആക്രമിച്ചിരുന്നു. ഓട്ടോയില്‍ പോവുകയായിരുന്ന ഇവര്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ചായിരുന്നു കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ടായിരുന്നു.

കൂടെയുണ്ടായിരുന്ന സ്ത്രീയെ ചെരിപ്പ് കൊണ്ട് മര്‍ദിക്കാന്‍ ആക്രമികള്‍ നിര്‍ബന്ധിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. മര്‍ദ്ദനത്തിനിടെ തങ്ങളെ കൊണ്ട് ‘ജയ് ശ്രീരാം’ വിളിപ്പിച്ചതായും യുവാക്കള്‍ പറഞ്ഞിരുന്നു.

മറ്റൊരു സംഭവത്തില്‍ ഗുജറാത്തിലെ 200-300 സവര്‍ണ ജാതിയില്‍ പെട്ടവര്‍ മഹുവാദ് ഗ്രാമത്തില്‍ പെട്ട ദളിതരുടെ വീടുകള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ടിരുന്നെന്ന് ന്യൂസ്‌ക്ലിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് വിവാഹം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി തരുന്നില്ലെന്ന ഒരു വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തു വന്നതിന് പിന്നാലെയായിരുന്നു ഇത്. ഈ സംഭവത്തില്‍ 11 പേര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more