തായ്ഗുഹയിലെ അതിസാഹസിക രക്ഷാ ദൗത്യം വെള്ളിത്തിരയിലേക്ക്
world
തായ്ഗുഹയിലെ അതിസാഹസിക രക്ഷാ ദൗത്യം വെള്ളിത്തിരയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th July 2018, 5:05 pm

ചിയാംഗ് റായി: തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ താരങ്ങളേയും പരിശീലകനേയും പുറത്തെത്തിച്ച രക്ഷാദൗത്യം സിനിമയാകുന്നു. കഴിഞ്ഞ മൂന്നു ദിവസം നീണ്ട അതിസാഹസികമായ രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടികളെയും അവരുടെ ഫുട്‌ബോള്‍ കോച്ചിനേയും തായ്‌ലാന്‍ഡിലെ ഗുഹയില്‍ നിന്ന് പുറത്തെത്തിക്കാന്‍ സാധിച്ചത്. ഈ മഹാ ദൗത്യമാണ് ഇനി സിനിമയാകാന്‍ പോകുന്നത്.

ജീവന്‍ പോലും പണയം വച്ച് അവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം സിനിമായാക്കാന്‍ പോകുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പ്യുയര്‍ ഫ്‌ലിക്സ് എന്റര്‍ടെയ്ന്‍മെന്റ് 300 കോടിയോളം ചിലവഴിച്ചാണ് ചിത്രം നിര്‍മിക്കുന്നത്.

പ്യുയര്‍ ഫ്‌ലിക്സ് എന്റര്‍ടെയ്ന്‍മെന്റിന്റെ സി.ഇ.ഒ മാറ്റ് സ്‌കോട്ട് രക്ഷാപ്രവര്‍ത്തനത്തിന്റെ ദിവസങ്ങളില്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ചിത്രം സിനിമയാക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം നാടകീയത നിറഞ്ഞ രക്ഷാപ്രവര്‍ത്തനത്തിന്റെ ഓരോ നിമിഷങ്ങളും കോര്‍ത്തിണക്കി ഒരു ഡോക്യുമെന്ററി ഡിസ്‌കവറി ചാനല്‍ നേരത്തെ അറിയിച്ചിരുന്നു.


Read Also : ‘ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തെത്തിയത് അപകടരമായ ഡൈവിംഗിലൂടെ’; കുട്ടികളുടെ ആത്മധൈര്യം അത്ഭുതപ്പെടുത്തിയെന്ന് രക്ഷാപ്രവര്‍ത്തകന്‍, വീഡിയോ


തായ്‌ലാന്‍ഡിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായവരെ അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒട്ടേറെ ലോക നേതാക്കളാണ് മഹാ ദൗത്യത്തില്‍ ഏര്‍പ്പെട്ടവരെ അഭിനന്ദിച്ച് രംഗത്തുവന്നത്.

മൂന്ന് ദിവസം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് കഴിഞ്ഞ ദിവസമാണ് വിരാമമായത്. രണ്ടാഴ്ചയിലധികമായി തായ്ലാന്റ് അണ്ടര്‍ 16 ഫുട്ബോള്‍ ടീം അംഗങ്ങളും പരിശീലകനും ചിയാംഗ് റായിയിലെ ഗുഹയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബഡ്ഡി ഡൈവിംഗിലൂടെയാണ് കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചത്.

അതിസാഹസികവും അതേസമയം സൂക്ഷ്മവുമായ രക്ഷാപ്രവര്‍ത്തനമാണ് ദൗത്യ സംഘം മൂന്ന് ദിവസം കൊണ്ട് വിജയകരമായി അവസാനിപ്പിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ സംഘത്തിലെ ഒരാള്‍ മരണപ്പെട്ടിരുന്നു.

തായ് നേവി ഡൈവര്‍മാര്‍, യു.എസ്. സൈനികസംഘം, ബ്രിട്ടനില്‍നിന്നുള്ള ഗുഹാവിദഗ്ധര്‍ തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുയത്. 90 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.